പ്രവാചക നിന്ദ; ആർ.എസ്.എസ് വംശവെറി; പോപുലർ ഫ്രണ്ട് പ്രക്ഷോഭം നടത്തും
text_fieldsചാനൽ ചർച്ചക്കിടെ ബി.ജെ.പി വക്താവ് നുപൂർ ശർമ്മ പ്രവാചകനെ നിന്ദിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആർ.എസ്.എസിന്റെ വംശവെറിയുടെ ഭാഗമാണെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പരമത നിന്ദയും മുസ്‌ലിം വിദ്വേഷവും കാലങ്ങളായി സംഘപരിവാർ നടത്തിവരികയാണ്. അതിന്റെ തുടർച്ചയാണ് നുപൂർ ശർമ്മ നടത്തിയ പ്രവാചക അധിക്ഷേപം.
ലോകവ്യാപകമായി ഇന്ത്യയുടെ സൽപ്പേരിനെ കളങ്കപ്പെടുത്താൻ വരെ കാരണമാകും വിധം മുസ്‌ലിം വിദ്വേഷവും പ്രവാചക നിന്ദയും അജണ്ടയായി സ്വീകരിച്ചിരിക്കുകയാണ് സംഘപരിവാർ. പ്രതിഷേധം കനത്തപ്പോൾ ബി.ജെ.പിയുടെ വക്താവ് എന്ന പദവിയിൽ നിന്നും നുപൂർ ശർമ്മയെ നീക്കം ചെയ്‌തെങ്കിലും അവരെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കുറ്റവാളിയെ ജയിലിൽ അടക്കുന്നതിന് പകരം അവർക്ക് പൊലിസ് സംരക്ഷണം നൽകുകയാണ് ബി.ജെ.പി സർക്കാർ ചെയ്തത്.
അന്താരാഷ്ട്ര തലത്തിൽ ഉയർന്നുവന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള നാടകം മാത്രമാണ് ബി.ജെ.പിയുടെ നടപടി എന്ന് വ്യക്തമാവുകയാണ്. അതേസമയം ബി.ജെ.പി നേതാക്കൾ പ്രവാചക നിന്ദയെ തള്ളിപ്പറയാൻ തയ്യാറായിട്ടുമില്ല. നുപൂർ ശർമ്മയുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആർ.എസ്.എസ് ഉയർത്തുന്ന മുസ്‌ലിം വിരുദ്ധ വംശവെറിയുടെ ഭാഗമാണെന്നും ഇത് വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ പ്രവാചനിന്ദ നടത്തിയ വംശവെറിയന്മാരായ ആർ.എസ്.എസുകാരെ തുറുങ്കിലടക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി വെള്ളി, ശനി ദിവസങ്ങളിൽ പ്രതിഷേധം നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് സി. പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ, വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ്, സെക്രട്ടറിമാരായ എസ്. നിസാർ, സി. എ റഊഫ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

