രമേഷിെൻറ ആത്മഹത്യക്ക് പിന്നിൽ ബ്ലേഡ് മാഫിയയെന്ന് ഭാര്യ
text_fieldsഗുരുവായൂര്‍: പെയിൻറ് പണിക്കാരനായ കോട്ടപ്പടി ചാത്തന്‍കാട് സ്വദേശി പരിയാരത്ത് വീട്ടില്‍ രമേഷ് ആത്മഹത്യ ചെയ്യാനിടവന്നത് 5000 രൂപ വായ്പയെടുത്തതിൻറ പേരില്‍ ബ്ലേഡ് മാഫിയയില്നിന്നുണ്ടായ ഭീഷണി മൂലമെന്ന് ഭാര്യ. 5000 രൂപക്ക് പകരം 15000 രൂപയോളം തിരിച്ചടച്ചിട്ടും ബ്ലേഡ് മാഫിയ ഭീഷണി തുടരുകയായിരുന്നുവെന്ന് ഭാര്യ കവിത ഗുരുവായൂര്‍ പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞു.
ഈ മാസം 12നാണ് പട്ടികജാതി വിഭാഗക്കാരനായ രമേഷ് (53) ആത്മഹത്യ ചെയ്തത്. ആറുമാസം മുമ്പാണ് അയല്‍വാസിയായ സ്ത്രീ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ 5000 രൂപ വായ്പ നല്‍കിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. അന്ന് രാത്രി ഫോണില്‍ വിളിച്ച് പണം തന്നത് പലിശക്കാണെന്നും ദിവസം 300 രൂപ വീതം പലിശ നല്‍കണമെന്നും അറിയിച്ചു. രണ്ട് തവണയായി 4000 രൂപയും 4500 രൂപയും തിരിച്ചടവായി നല്കി. തെൻറ ശമ്പളത്തില്‍നിന്ന് 6200 രൂപ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം കടം നല്കിയ സ്ത്രീ എടുത്തിരുന്നെന്നും കവിത പരാതിയില്‍ പറഞ്ഞു. പലിശ തരാന്‍ പറഞ്ഞ് ഒരു മാസം മുമ്പ് ശല്യപ്പെടുത്താന്‍ തുടങ്ങി. ദിവസം 10 തവണയിലധികം ഫോണിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിക്കാരെ ഭയന്ന് മകള്‍ ജോലിക്ക് പോകുന്നതും നിര്‍ത്തിയിരുന്നു.
ഒമ്പതാം തീയതി വിളിച്ച് 15നകം പണം തരണമെന്ന് പറഞ്ഞിരുന്നു. ജീവനുണ്ടെങ്കില്‍ പണം നല്‍കാമെന്നാണ് അന്ന് ഭര്‍ത്താവ് മറുപടി പറഞ്ഞതെന്ന് കവിത പറഞ്ഞു. രമേഷ് 12ന് ആത്മഹത്യചെയ്തു. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കോണ്‍ഗ്രസും യൂത്ത് കോൺഗ്രസും സമരം ആരംഭിച്ചിട്ടുണ്ട്.
പരാതി നൽകിയിട്ടും പൊലീസ് ഗൗരവത്തിൽ എടുത്തില്ലെന്നും ആക്ഷേപമുണ്ട്. വേറെയും കട ബാധ്യതകളുണ്ടെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആത്മഹത്യയെന്നുമാണ് പൊലീസ് ഭാഷ്യമെന്ന് സമര രംഗത്തുള്ള കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ മറ്റാരുടെയോ സമ്മർദത്താലാണ് പരാതി നൽകുന്നതെന്ന് പൊലീസ് പറഞ്ഞതായും കുടുംബാംഗങ്ങൾ പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ്
ഗുരുവായൂർ: കോട്ടപ്പടി പരിയാരത്ത് രമേഷിെൻറ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ഗുരുവായൂർ എസ്.എച്ച്.ഒ പി.കെ. മനോജ് കുമാർ പറഞ്ഞു. ആത്മഹത്യക്ക് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്നത് അന്വേഷിച്ചുവരുകയാണ്. രമേഷിെൻറ ഭാര്യയെ ഭീഷണി ഫോൺ ചെയ്തത് 17 വയസ്സുകാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇൻസ്പെക്ടർ പറഞ്ഞു.