ബ്ലാക്മെയിൽ കേസ്: പൊലീസിനെതിരെ പ്രതികളുടെ ഭാര്യമാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: നടി ഷംന കാസിമിെൻറ പരാതിയിലെടുത്ത ബ്ലാക്മെയിൽ കേസിൽ പൊലീസ് ഉപദ്രവിക്കുന്നതായി ആരോപിച്ച് പ്രതികളുടെ ഭാര്യമാർ ഹൈകോടതിയിൽ. നേരേത്ത മുൻകൂർ ജാമ്യഹരജിയുമായി കോടതിയെ സമീപിച്ച ഏഴാം പ്രതി ഷരീഫിെൻറ ഭാര്യ സോഫിയ, ഒന്നാം പ്രതി റഫീഖിെൻറ ഭാര്യ ഷഫ്ന, ആറാം പ്രതി ഷമീലിെൻറ ഭാര്യ രഹ്നാസ് എന്നിവരാണ് ഹരജി നൽകിയത്. ഷംനയുടെ വീട്ടിൽ വിവാഹാലോചനയുമായെത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ മരട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവർ കൂടുതൽ പേരെ തട്ടിപ്പിനിരയാക്കിയെന്ന് കണ്ടെത്തിയതോടെ ഏഴുകേസ് രജിസ്റ്റർ ചെയ്തു. ഷംനയുടെ കേസിലും ഒരുമോഡലിന് അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലും പൊലീസ് അടിക്കടി വീട്ടിലെത്തി പ്രതികൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുന്നെന്നും മൊഴി നൽകിയില്ലെങ്കിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നെന്നുമാണ് ഹരജിയിലെ ആരോപണം. ഉപദ്രവിക്കരുതെന്ന് പൊലീസിന് നിർദേശം നൽകണമെന്നാണ് ആവശ്യം. പ്രതിയല്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ സോഫിയ നൽകിയ മുൻകൂർ ജാമ്യഹരജി കോടതി നേരേത്ത തീർപ്പാക്കിയിരുന്നു.
