ബ്ലാക്ക് ഫംഗസ്: കോട്ടയം മെഡിക്കൽ കോളജിൽ മൂന്ന് പേർ ചികിത്സയിൽ
text_fieldsകോട്ടയം: കോവിഡ് രോഗരഹിതരായ മൂന്നുരോഗികൾ, മ്യൂക്കോർ മൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ. കോവിഡ് മഹാമാരിയെ തുടർന്ന് വ്യാപകമാകുന്ന ഈ രോഗവും ജനങ്ങളിൽ ഭീതി വിതയ്ക്കുകയാണ്.
കോവിഡ് ബാധിച്ച ശേഷം സുഖപ്പെടുന്ന പ്രമേഹ രോഗികൾക്കാണ് പ്രധാനമായും ഈ രോഗം ഉണ്ടാകുന്നത്. മണ്ണിൽ നിന്നും ഫംഗസ് മുറിവുകളിലൂടെ മനുഷ്യ ശരീരത്തിനുള്ളിൽ കടന്നും രോഗം ബാധിക്കും.
സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകൾ കഴിക്കുന്നതും പ്രതിരോധശേഷി കുറയുന്നതും രോഗം ഉണ്ടാകാൻ കാരണമാകും. തലവേദന, കണ്ണിനു ചുവപ്പ്, മുഖത്തിനു വീക്കം, നെറ്റി, തൊണ്ട വീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ശക്തമായ ചുമയും ഉണ്ടാകും.
മൂക്കിൻ്റെ കോശങ്ങളെ ബാധിക്കുന്ന രോഗം ക്രമേണ തലച്ചോറിലേയ്ക്കും വ്യാപിക്കും. ഇതോടെ കാഴ്ചശക്തി നഷ്ടപ്പെടാനിടയാകും. തുടർന്ന് കോശങ്ങൾ ചേർന്ന് മുഴ രൂപപ്പെടും. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണം.
തുടർന്ന് മാസങ്ങളോളം രോഗിക്ക് ചികിത്സ തുടരണം. കുത്തിവയ്പും, ഗുളികകളുമാണ് സാധാരണയായി രോഗികൾക്കു നല്കുന്നത്. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ഈ രോഗം ബാധിച്ച മൂന്നു രോഗികളുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.