ആശങ്കയായി ബ്ലാക്ക് ഫംഗസ്
text_fieldsകോഴിക്കോട്: കോവിഡ് ഭീതി നിലനില്‍ക്കുന്നതിനിടെ ആശങ്കയുമായി ബ്ലാക്ക് ഫംഗസ്. കോഴിക്കോട് മെഡിക്കല്‍കോളജില്‍ വ്യാഴാഴ്ച ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം എട്ടായി. രണ്ടു സ്ത്രീകളും ആറ് പുരുഷന്മാരുമാണ് ചികിത്സയിലുള്ളത്. ഇതില്‍ ഒരു സ്ത്രീ തമിഴ്നാട് ഗൂഢല്ലൂര്‍ സ്വദേശിനിയായ 55 വയസ്സുകാരിയാണ്.
പയ്യാനക്കല്‍ ഭാഗത്തെ 58 വയസ്സുള്ള സ്ത്രീയും ചികിത്സയിലാണ്. ഇരിങ്ങല്ലൂര്‍ സ്വദേശി (45), മലപ്പുറം പള്ളിക്കല്‍ സ്വദേശി (52), മലപ്പുറം ചെറുവായൂര്‍ സ്വദേശി (36), മാമ്പറ്റ സ്വദേശി (55) എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ മലപ്പുറം സ്വദേശികളായ രണ്ടുപേരുടെ ശസ്ത്രക്രിയ നടത്തി. മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്.
ബ്ലാക്ക് ഫംഗസ് ബാധ സംശയിക്കുന്ന മൂന്നു പേർ കൂടി വ്യാഴാഴ്ച ഇ.എൻ.ടി വിഭാഗത്തിൽ അഡ്മിറ്റായിട്ടുണ്ട്. ആറു മാസത്തിനിടെ ബ്ലാക്ക് ഫംഗസ് (മ്യൂകര്‍ മൈകോസിസ്) ബാധയെത്തുടര്‍ന്നു നാലു പേരെയാണ് പൂര്‍ണമായി കാഴ്ച നഷ്ടപ്പെട്ട നിലയില്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ബ്ലാക്ക് ഫംഗസ് ബാധ ഒഴിവാക്കുന്നതിനായി ഇവരുടെ ഓരോ കണ്ണുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുമ്പോള്‍ കോവിഡ് നെഗറ്റിവായിരുന്നു. അതേസമയം, ഇവര്‍ നേരത്തേ കോവിഡ് ബാധിതരാണെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.
പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന പൂപ്പലുകള്‍ കാരണമാണ് രോഗം ബാധിക്കുന്നത്. പലപ്പോഴും ചർമത്തില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെയും തലച്ചോറിനേയും വരെ ബാധിക്കാന്‍ സാധ്യതയേറെയാണ്.
കാഴ്ച നഷ്ടമാവാനും പക്ഷാഘാതത്തിനും മരണത്തിനും കാരണവുമായേക്കാം ഇത്. ബ്ലാക്ക് ഫംഗസ് പടരുന്ന രോഗമല്ല. പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗം അനിയന്ത്രിതമായ നിലയിലുള്ളവര്‍, അര്‍ബുദരോഗികള്‍, അവയവമാറ്റം നടത്തിയവര്‍, ഐ.സി.യുവില്‍ ദീര്‍ഘനാള്‍ കഴിഞ്ഞവര്‍ എന്നിവരിലാണ് ഫംഗസ് ഭീഷണിയുള്ളത്.
ലക്ഷണങ്ങള്‍
മുഖത്തിെൻറ ഒരു ഭാഗം മാത്രമുള്ള വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാവും. മൂക്കില്‍ നിന്ന് കറുത്ത നിറത്തിലോ രക്തംകലര്ന്നതോ ആയ സ്രവം വരുക, മൂക്ക് അടഞ്ഞതായോ തടസ്സം തോന്നുകയോ ചെയ്യുക, തലവേദന, പനി, പല്ലുവേദന, പല്ലുകൊഴിയല്‍, താടിയെല്ലിന് വേദന, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചു വേദന എന്നിവയാണ് പൊതുലക്ഷണം. ഇത്തരം ലക്ഷണങ്ങളുള്ളവര്‍ ഇ.എന്‍.ടി ഡോക്ടര്‍മാരുടെ ചികിത്സ തേടണം.
ശ്രദ്ധിക്കണം
കോവിഡിനെ തുടര്‍ന്ന് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ മൂക്കില്‍ കറുത്ത പാടുകള്‍ ഉണ്ടോയെന്ന് ഇടക്കിടെ നോക്കണം. തുടക്കത്തില്‍ തന്നെ ഇതു കണ്ടെത്തിയില്ലെങ്കില്‍ രക്തയോട്ടം കുറഞ്ഞ് കവിളുകള്‍ ഉള്‍പ്പെടെ കറുത്ത നിറമാകും. കോവിഡ് ബാധിതരുടെ മൂക്കിന് അകത്തു കറുപ്പുണ്ടോയെന്നും പരിശോധിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.