മുഖ്യമന്ത്രിക്ക് ചുടലയിലും പരിയാരത്തും കരിങ്കൊടി; ആറു പേർ അറസ്റ്റിൽ
text_fieldsതളിപ്പറമ്പ് ചുടലയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ
കണ്ണൂര്‍/കാസർകോട്: കനത്ത സുരക്ഷ വലയത്തിനിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂരിലും കാസർകോടും കരിങ്കൊടി പ്രതിഷേധം. തിങ്കളാഴ്ച കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തും കുപ്പത്തുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കുപ്പത്ത് യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി കാണിച്ചു.
കാസർകോട് ജില്ലയിൽ കനത്ത കാവൽ മറികടന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏഴ് സ്ഥലങ്ങളിൽ കരിങ്കൊടി കാണിച്ചത്. രണ്ട് വനിത പ്രവർത്തകരടക്കം എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് പലയിടത്തും യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരുന്നു.
ശനിയാഴ്ച കണ്ണൂരിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ തലശ്ശേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇതേ തുടർന്ന് തിങ്കളാഴ്ച കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. മുഖ്യമന്ത്രി കണ്ണൂരിൽനിന്ന് കാസർകോട്ടേക്ക് കാറിൽ പോകുമ്പോഴായിരുന്നു വിവിധയിടങ്ങളിൽ പ്രതിഷേധം.
24 യൂത്ത് കോൺഗ്രസുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. കരിങ്കൊടി കാട്ടാനുള്ള സാധ്യതയെ തുടർന്ന് തളിപ്പറമ്പിലും പയ്യന്നൂരിലുമായി ഏഴുപേരെ നേരത്തെ കരുതൽ കസ്റ്റഡിയിലുമെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ അഞ്ഞൂറിനടുത്ത് പൊലീസുകാരെയാണ് വിവിധയിടങ്ങളിൽ വിന്യസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

