ഭിന്നത വളർത്താനുള്ള ബി.ജെ.പിയുടെ നീക്കം തടയണം-പോപ്പുലർ ഫ്രണ്ട്
text_fieldsപാലക്കാട്: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ വർഗീയ കാർഡ് ഇറക്കുകയാണ് ബി.ജെ.പി എന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് സി.പി. മുഹമ്മദ് ബഷീർ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഉന്നയിച്ച ആരോപണം കെട്ടിച്ചമച്ചതും തെറ്റിദ്ധാരണാജനകവുമാണ്. മലബാർ സംസ്ഥാനം രൂപീകരിക്കാൻ പോപുലർ ഫ്രണ്ട് ആവശ്യമുന്നയിച്ചുവെന്നാണ് സുരേന്ദ്രൻ പറയുന്നത്. പോപുലർ ഫ്രണ്ട് അത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. പുരോഗതിയും വികസന സന്തുലിതത്വവും ലക്ഷ്യം വെച്ചാണ് നാളിതുവരെ ജില്ലകളും സംസ്ഥാനങ്ങളും രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ അത്തരം ഒരു ആവശ്യം ഉന്നയിക്കുന്നത് തെറ്റാണെന്ന് പോപുലർ ഫ്രണ്ടിന് അഭിപ്രായവുമില്ല.
പാലക്കാട്ടെ പിഞ്ചുകുഞ്ഞിന്‍റെ കൊലപാതകത്തെ ആരും ന്യായീകരിച്ചിട്ടില്ല. പരമാവധി ശിക്ഷ കിട്ടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനെ അന്താരാഷ്ട്ര ഇസ്‌ലാമിക ഭീകരതയായും മാനസിക രോഗമെന്ന നിലക്ക് അവഗണിച്ചതായും പറയുന്ന സുരേന്ദ്രൻ, നിരവധി വിധ്വംസക കേസുകളിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരും അനുഭാവികളും മാനസിക രോഗികളെന്ന ആനുകൂല്യത്തിലാണ് രക്ഷപ്പെട്ടതെന്ന കാര്യം പറയാൻ വിട്ടുപോയി. അതേ ആനുകൂല്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലുടനീളം വിദ്വേഷ പ്രചാരണം നടത്തുന്നത്. സംഭവം തീർത്തും ഒറ്റപ്പെട്ടതാണെന്നിരിക്കെ സമൂഹത്തെ ഒന്നാകെ പ്രതിക്കൂട്ടിൽ നിർത്തുന്നത് ശരിയല്ല.
കേരളത്തിലെ സൗഹാർദ്ദം തകർക്കാൻ ദേശീയ തലത്തിൽ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് ഇൗ പ്രസ്താവന. കള്ളക്കഥകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് കേരളത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ഭരണകൂടം നിയന്ത്രിക്കണം. വർഗീയ വിദ്വേഷം നടത്തി ജനങ്ങളെ തമ്മിൽ തല്ലിക്കാനുള്ള ആർ.എസ്.എസ് അജണ്ടക്കെതിരെ ജനങ്ങൾ ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്, ജില്ല പ്രസിഡന്റ് സി. അബ്ദുൾ നാസർ എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

