'മിഷൻ-2029'; ബി.ജെ.പിയിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കം, വടക്കൻ, തെക്കൻ ക്ലസ്റ്റർ സംവിധാനം, എം.ടി. രമേശിനും എസ്. സുരേഷിനും ചുമതല
text_fieldsഎം.ടി. രമേശ്, എസ്. സുരേഷ്
തിരുവനന്തപുരം: ബി.ജെ.പിയിൽ സംഘടനാതലത്തിൽ മാറ്റങ്ങൾ വരുത്തി സംസ്ഥാന ഘടകം. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.ജെ.പിയിൽ സംഘടനാതലത്തിൽ നിർണായക മാറ്റങ്ങൾ വരുത്തിയത്. സംസ്ഥാനത്തെ വടക്കൻ മേഖല, തെക്കൻ മേഖല എന്നിങ്ങനെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാർക്ക് പുതിയ ചുമതലകൾ നൽകി. എം.ടി. രമേശിന് വടക്കൻ മേഖലയുടെയും എസ്. സുരേഷിന് തെക്കൻ മേഖലയുടെയും പൂർണ ചുമതലയാണ് നൽകിയത്. ബി.ജെ.പിയിൽ ഇത്തരമൊരു ചുമതല മാറ്റം ഇതാദ്യമായാണ്.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ഏഴ് ജില്ലകൾ ഉൾപ്പെടുന്നതാണ് എം.ടി. രമേശിന്റെ ചുമതലയുള്ള വടക്കൻ ക്ലസ്റ്റർ. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ഏഴ് ജില്ലകളാണ് എസ്. സുരേഷിന് കീഴിലുള്ള തെക്കൻ ക്ലസ്റ്റർ. മറ്റു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, അനൂപ് ആന്റണി എന്നിവർക്കും പുതിയ ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്.
ശോഭാ സുരേന്ദ്രന് ദേശീയ പ്രോഗ്രാമുകളുടെയും ഡൽഹി കോർഡിനേഷന്റെയും ചുമതല നൽകി. അനൂപ് ആന്റണിയെ സംസ്ഥാന സെല്ലുകളുടെ പ്രഭാരിയായും 2029 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള 'മിഷൻ-2029' പ്രചാരണ വിഭാഗത്തിന്റെ ചുമതലക്കാരനായും നിശ്ചയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ക്യാമ്പയിൻ ചുമതലകൾ പൂർണമായും അനൂപ് ആന്റണിക്കായിരിക്കും. പുതിയ ചുമതലകൾ നൽകിയ സാഹചര്യത്തിൽ ജനറൽ സെക്രട്ടറിമാരെ വിവിധ മോർച്ചകളുടെ ചുമതലകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ, സംഘടനാതലത്തിൽ ചില ജില്ലകൾ വിഭജിച്ച് ഒന്നിലധികം ജില്ലകളാക്കുന്നതിനുള്ള നടപടികൾ ബി.ജെ.പിയുടെ പുനഃസംഘടനയുടെ ഭാഗമായി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പുതിയ മാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

