ബി.ജെ.പിയുടെ മിഷൻ 2026; ഇന്ന് അമിത്ഷായുടെ സാന്നിധ്യത്തിൽ യോഗം
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രചാരണ തന്ത്രങ്ങൾക്ക് ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ ചേരുന്ന നേതൃയോഗം അന്തിമരൂപം നൽകും. ‘വികസിത കേരളം, വിശ്വാസം സംരക്ഷണം, അപകട രാഷ്ട്രീയം’ എന്ന മുദ്രാവാക്യങ്ങളുയർത്തി നൂറുദിവസം നീളുന്ന മിഷൻ 2026 പാർട്ടി പ്രഖ്യാപിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെക്കുന്ന കാഴ്ച്ചപ്പാടോടെ കേരളം വികസിപ്പിക്കുമെന്നതാണ് വികസിത കേരളം മുദ്രാവാക്യത്തിൽ ചൂണ്ടിക്കാട്ടുക. ശബരിമല സ്വർണക്കൊള്ളയിലെ സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും പങ്ക് തുറന്നുകാട്ടുകയും ബി.ജെ.പിയാണ് വിശ്വാസികൾക്കൊപ്പമുള്ളതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയുമാണ് വിശ്വാസ സംരക്ഷണ മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിടുന്നത്. കോൺഗ്രസ്, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടാണ് അപകട രാഷ്ട്രീയമെന്ന മുദ്രാവാക്യത്തിലൂടെ പ്രചരിപ്പിക്കുക.
സംസ്ഥാന ജനപ്രതിനിധി സമ്മേളനത്തിന് തിരുവനന്തപുരത്തെത്തിയ അമിത്ഷാ, ബി.ജെ.പി കോർ കമ്മറ്റിക്കൊപ്പം എൻ.ഡി.എ നേതൃതയോഗത്തിലും പങ്കെടുത്ത് പാർട്ടിയുടെ വോട്ട് വിഹിതം ഉയർത്താനും സീറ്റുകളിൽ ജയിച്ചുകയറാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയാണ് മടങ്ങുക. കോർപറേഷൻ ഭരണം ലഭിച്ചാൽ തിരുവനന്തപുരത്തിന്റെ വികസന രേഖ അവതരിപ്പിക്കാൻ പ്രധാനമന്ത്രി വരുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോദി എന്ന് എത്തുമെന്നതും അമിത്ഷാ നേതൃയോഗത്തിൽ വിശദീകരിച്ചേക്കും.
ബി.ജെ.പി എ ക്ലാസ് മണ്ഡലങ്ങളായി കരുതുന്ന 35 സീറ്റുകളിൽ ജയിക്കാനാവശ്യമായ പ്രത്യേക രൂപരേഖയും പാർട്ടി തയാറാക്കും. ഇതിനകംതന്നെ പ്രമുഖ നേതാക്കളിൽ ചിലർ വിവിധ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, കാട്ടാക്കടയിൽ ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ സീറ്റുറപ്പിച്ചു. ജനുവരി അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക തയാറാക്കി സംസ്ഥാന നേതൃത്വം പാർലമെന്ററി ബോർഡിന് കൈമാറും. മകരവികളക്ക് ദിനമായ ജനുവരി 14ന് വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി തെളിയിക്കുന്നതോടെ ശബരിമല സ്വർണക്കൊള്ളയിലെ തുടർ പ്രക്ഷോഭത്തിനും പാർട്ടി തുടക്കമിടും. കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിലൂടെ സി.പി.എമ്മിനൊപ്പം കോൺഗ്രസിനെയും പ്രതിക്കൂട്ടിലാക്കുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

