തിരുവനന്തപുരം: പരസ്പരം മത്സരിക്കാനും നേട്ടമുണ്ടാക്കാനും നേതാക്കൾ ശ്രമിച്ചതോടെ ബി.ജെ.പിയുടെ കേരളത്തിലെ വളർച്ച നിലച്ചെന്ന് സമിതി റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വത്തിന് വൻ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടിൽ അധ്യക്ഷനെയടക്കം മാറ്റി പുതുനിരയെ കൊണ്ടുവരണമെന്നും ശിപാർശ ചെയ്യുന്നു.
േജക്കബ് തോമസ്, ഇ. ശ്രീധരൻ, സി.വി. ആനന്ദബോസ് എന്നിവർ കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇൗ നിർദേശങ്ങളുള്ളത്.
നേതൃത്വത്തെ മൊത്തം മാറ്റണമെന്നല്ല, പക്ഷേ, പുനഃക്രമീകരണം വേണം. തെരഞ്ഞെടുപ്പിലെ പരാജയത്തിന് നേതൃത്വത്തിനാണ് പൂർണ ഉത്തരവാദിത്തം. ചില നേതാക്കൾ ഗ്രൂപ് നേതാക്കളായി മാറിയത് പരാജയത്തിനും പാർട്ടിയുടെ ശോഷണത്തിനും കാരണമായി.
തെരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ച് ചില നേതാക്കൾക്കു മാത്രമാണ് അറിവുണ്ടായിരുന്നത്. പല മണ്ഡലങ്ങളിലും സ്ഥാനാർഥികൾക്ക് ആവശ്യമായ പണം ലഭിച്ചില്ല.
തെരഞ്ഞെടുപ്പ് ഫണ്ട് സ്വന്തമാക്കാൻ പലയിടത്തും ശ്രമം നടന്നെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ഇത്തരമൊരു റിപ്പോർട്ട് ഇല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സംസ്ഥാന നേതൃത്വം.