ഉത്തരംമുട്ടി ബി.ജെ.പി; ‘വികസിത കേരളം’ ചോദ്യം ചെയ്യപ്പെടുന്നു; പറഞ്ഞു നിൽക്കാനാവാതെ നേതാക്കൾ
text_fieldsതിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ സമ്പൂർണമായി അവഗണിച്ചതിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതിരോധത്തിൽ. എയിംസ്, അതിവേഗ റെയിൽ പാത, വയനാട് പുനരധിവാസ പാക്കേജ് തുടങ്ങിയവയൊന്നും പ്രഖ്യാപിക്കാത്തതാണ് നേതാക്കളെ വെട്ടിലാക്കിയത്. ‘വികസിത കേരളം’ എന്ന മുദ്രാവാക്യവുമായി പാർട്ടി നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഘട്ടത്തിലാണ് കേന്ദ്ര ബജറ്റ് തന്നെ പാർട്ടിക്ക് തിരിച്ചടിയായത്. ഇന്ത്യയുടെ ബജറ്റിൽ നിന്ന് കേരളത്തെ കുടിയിറക്കിയവർക്ക് വികസനത്തെക്കുറിച്ച് പറയാൻ എന്ത് അർഹതയെന്നാണ് പൊതുവിലുയരുന്ന ചോദ്യം.
തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചതിനുപിന്നാലെ തലസ്ഥാനത്ത് ആഘോഷപൂർവം സംഘടിച്ചിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ ബി.ജെ.പി എത്തിച്ചിരുന്നു. ബജറ്റിൽ കേരളത്തിനോ തലസ്ഥാനത്തിനോ ‘വലിയൊരു സമ്മാനം’ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. മാത്രവുമല്ല ബജറ്റ് അവതരണം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നേതാക്കളെല്ലാം മാരാർജി ഭവനിൽ ഒരുമിച്ചിരുന്ന് ചാനലിൽ കാണുകയും വൻ പ്രഖ്യാപനമുണ്ടായാൽ ഉടൻ നഗരത്തിൽ പ്രകടനം നടത്താൻ ഒരുക്കംകൂട്ടുകയും ചെയ്തിരുന്നു. പേരിനുപോലും പ്രഖ്യാപനങ്ങളില്ലാതായതോടെ നേതാക്കളെല്ലാം നിരാശയിലാണ്. അതേസമയം, കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെയാണ് ബി.ജെ.പിക്കെതിരെ രംഗത്തുവന്നത്. ഇരുമുന്നണികളിൽ നിന്നുമുള്ള വിമർശനത്തിൽ പറഞ്ഞുനിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പാർട്ടി.
തിങ്കളാഴ്ച നിയമസഭയിൽ സംസ്ഥാന ബജറ്റ് ചർച്ചയിലും കേന്ദ്ര അവഗണനയായിരുന്നു മുഖ്യവിഷയം. ‘എയിംസ് വരും മറ്റേ മോനേ’ എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രഖ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ സി.പി.എം ചൊവ്വാഴ്ച സംസ്ഥാന വ്യാപക കരിദിനാചരണത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

