ഓരോ ബിജെപി പ്രവർത്തകനും ദിവസം 5 മിനിറ്റ്, 3 പോസ്റ്റ്! കണ്ടന്റ് തയാറാക്കാൻ പ്രത്യേക സംവിധാനം, വിലയിരുത്താൻ ഏജൻസി
text_fieldsകൊല്ലം: ബി.ജെ.പി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി സമൂഹികമാധ്യമങ്ങളിലെ ഇടപെടൽ ശക്തമാക്കുന്നു. ഒരു പ്രവർത്തകൻ ദിവസവും പാർട്ടി നിശ്ചയിക്കുന്ന മൂന്ന് പോസ്റ്റെങ്കിലും നിർബന്ധമായും സമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം. ദേശീയതലം, സംസ്ഥാനതലം, പ്രാദേശികതലം എന്നിങ്ങനെ മൂന്ന് വിഷയങ്ങളിലും എല്ലാ സമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലും പോസ്റ്റ് ചെയ്യണമെന്നാണു വ്യവസ്ഥ.
രാജ്യത്താകെയുള്ള പ്രവർത്തന പദ്ധതിക്കാണ് ബി.ജെ.പി തുടക്കമിട്ടത്. പ്രധാനമന്ത്രിയുടേതുൾപ്പെടെ ദേശീയ നേതാക്കളുടെ വെരിഫൈഡ് പേജുകളിൽനിന്ന് ഉള്ളടക്കം പകർത്തി ഓരോരുത്തർക്കും പോസ്റ്റ് ചെയ്യാം. പാർട്ടിയുടെ അംഗീകൃത പേജുകളിൽനിന്ന് പോസ്റ്റുകൾ കോപ്പി ചെയ്യാം. സംസ്ഥാനതലത്തിലും ഇത്തരത്തിൽ പോസ്റ്റുകൾ ദിവസവും സംസ്ഥാന സോഷ്യൽമീഡിയ ടീം തയാറാക്കി നൽകും. പ്രാദേശികതലത്തിൽ പോസ്റ്റ് ചെയ്യേണ്ട കണ്ടന്റ് ജില്ലാ ഘടകം ഓരോ ദിവസവും ബൂത്തുതലം വരെ വാട്സാപ് ഗ്രൂപ്പുകളിൽ നൽകും. ഇതു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാൽ മതിയാക്കും.
മുമ്പ് പാർട്ടി കമ്മിറ്റിയിലോ യോഗത്തിലോ പങ്കെടുത്തില്ലെങ്കിൽ വിശദീകരണം തേടുന്നതുപോലെ, സമൂഹികമാധ്യമങ്ങളിൽ നിർദേശിക്കപ്പെട്ട പോസ്റ്റ് ചെയ്തില്ലെങ്കിലും ഇനി ചോദ്യം വരും. ദിവസവും അഞ്ചു മിനിറ്റ് ഇതിനായി ചെലവിടണമെന്നാണ് നിർദേശം. രണ്ടാംഘട്ടത്തിൽ പോസ്റ്റ് ഇടേണ്ട സമയവും നിർദേശിക്കും. നിലവിൽ സംസ്ഥാന നേതാക്കൾ ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിലും പുതിയ പോസ്റ്റുകൾ ഇടുന്നതിലും എത്രത്തോളം സജീവമാണെന്നതിന്റെ കണക്കെടുക്കുകയാണ് ദേശീയ നേതൃത്വം.
ഇതിനായി കേരളത്തിലും പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങൾകൂടി പ്രയോജനപ്പെടുത്തിയുള്ള പ്രക്ഷോഭങ്ങൾ ശക്തമായതോടെയാണ് ഓരോ പ്രവർത്തകനെയും സമൂഹികമാധ്യമത്തിലും രംഗത്തിറക്കാൻ ബി.ജെ.പി തയാറെടുക്കുന്നത്. സമൂഹികമാധ്യമങ്ങളിൽ സജീവമല്ലാത്തവരെയും മുതിർന്നവരെയും പഠിപ്പിക്കാൻ 30,000 പേരെ നിയോഗിച്ചിട്ടുണ്ട്. ബൂത്തുതലം മുതൽ സംസ്ഥാനതലം വരെ സമൂഹമാധ്യമ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ബൂത്തിൽ അഞ്ചുപേർക്കും ജില്ലയിൽ 10 പേർക്കും സംസ്ഥാനതലത്തിൽ 15 പേർക്കുമാണ് ഇതിന്റെ ചുമതല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

