തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ ഹാളിൽ ഗണഗീതം ആലപിച്ച് ബി.ജെ.പി പ്രവർത്തകർ
text_fieldsതിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ ബി.ജെ.പി പ്രവർത്തകർ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ ഹാളിൽ ഗണഗീതം ആലപിച്ചു. സത്യപ്രതിജ്ഞക്കുശേഷം ബി.ജെ.പി നേതാക്കളും കൗൺസിലർമാരും പുറത്തേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു സംഭവം.
ഇതോടെ എൽ.ഡി.എഫ് കൗൺസിലർമാരുൾപ്പെടെ പ്രതിഷേധമുയർത്തി. ബി.ജെ.പിയുടേത് വർഗീയ അജൻഡയാണെന്നും പാസില്ലാതെയാണ് ബി.ജെ.പി പ്രവർത്തകർ അകത്ത് കയറിയതെന്നും സി.പി.എം അംഗങ്ങൾ ആരോപിച്ചു.
അതേസമയം, തിരുവനന്തപുരം കോർപറേഷനിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയായി. ബി.ജെ.പിയുടെ 50 അംഗങ്ങളും എൽ.ഡി.എഫിന്‍റെ 29 അംഗങ്ങളും യു.ഡി.എഫിന്‍റെ 19 അംഗങ്ങളും രണ്ട് സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയിരുന്നു.
തിരുവനന്തപുരം കോർപറേഷനിൽ നാലര പതിറ്റാണ്ട് നീണ്ട ഇടതുഭരണത്തിന് ശേഷമാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. ബി.ജെ.പിയിലെയും യു.ഡി.എഫിലെയും ചില അംഗങ്ങൾ സത്യപ്രതിജ്ഞക്ക് ശേഷം ‘സ്വാമിയേ... ശരണമയ്യപ്പ...’ എന്ന് ശരണം മുഴക്കുകയും ചെയ്തു. എൽ.ഡി.എഫ് അംഗങ്ങൾ മിക്കവരും ദൃഢപ്രതിജ്ഞയാണ് ചൊല്ലിയത്.
മേയര്‍ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സന്, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അന്ന് ഉച്ചക്ക് ശേഷം 2.30നും നടക്കും.
മേയർ സസ്പെൻസ്, 26ന് അറിയാം- രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ബി.ജെ.പി കേരള ഘടകത്തിന്‍റെ ചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട ദിവസമാണ് കടന്നുപോയതെന്ന് ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങൾ ഞങ്ങൾക്ക് ഒരു അവസരം തന്നു. പറഞ്ഞ കാര്യങ്ങൾ ഒന്നുവിടാതെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷനിൽ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കവെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വളരെ സന്തോഷം ഉള്ള ദിവസമാണിത്. വികസിത കേരളത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. വാർഡ് തലത്തിൽ നടപ്പാക്കേണ്ട പദ്ധതികളുടെ മൻഗണന സംബന്ധിച്ച് ബ്ലൂപ്രിന്‍റ് തയാറാക്കും. 101 വാർഡിലും വികസന രേഖ തയാറാക്കും. അത് 45 ദിവസസത്തിനകം തയാറാക്കും. അത് പ്രധാനമന്ത്രി എത്തി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയർ സ്ഥാനത്തേക്ക് ആരെന്ന കാര്യം 26ന് അറിയാം. അതുവരെ സസ്പെൻസ് ആണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

