രാജീവ് ചന്ദ്രശേഖറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി പ്രവർത്തകന് മർദനം
text_fieldsകഴക്കൂട്ടം: തിരുവനന്തപുരത്തെ ബി.ജെ.പി ലോക്സഭാ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി പ്രവർത്തകനെ പാർട്ടിക്കാർ മർദിച്ചതായി പരാതി. പൗഡിക്കോണം സ്വദേശി സായി പ്രശാന്തിനാണ് മർദനമേറ്റത്. ബി.ജെ.പിക്കാർ മർദിച്ചു എന്ന് ചൂണ്ടിക്കാട്ടി സായി ശ്രീകാര്യം പൊലീസിൽ പരാതി നൽകി. രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് 3 ജി തിരുവനന്തപുരമെന്ന് സായി പോസ്റ്റിട്ടിരുന്നു. ഇതിനെതുടർന്ന് ഞായറാഴ്ച ഉച്ചക്ക് ബി.ജെ.പി ഓഫിസിൽ വിളിച്ചുവരുത്തി മർദിച്ചെന്നാണ് അദ്ദേഹം പൊലീസിന് മൊഴി നൽകിയത്.
പട്ടികകൊണ്ട് രണ്ട് കൈയിലും ശരീരമാസകലവും മർദിച്ചെന്നും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയതായും ശ്രീകാര്യം പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. സായി പ്രശാന്തിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതാണെന്നും ഉച്ചക്ക് പാർട്ടി ഓഫിസിന് മുന്നിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നുവെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു. അവിടെനിന്ന് തള്ളി മാറ്റിയതല്ലാതെ മർദിച്ചിട്ടില്ലെന്ന് ബി.ജെ.പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി അറിയിച്ചു.

