‘ശക്തനി’ലൂടെ തൃശൂരിന്റെ മനസ്സുപിടിക്കാൻ ബി.ജെ.പി; ന്യൂനപക്ഷ വോട്ടിൽ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷ
text_fieldsതൃശൂർ: സുരേഷ് ഗോപിയെ വീണ്ടും മത്സരിപ്പിച്ച് തൃശൂർ ലോക്സഭ സീറ്റ് പിടിക്കാൻ അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ബി.ജെ.പി ഇറങ്ങുന്നത് കൃത്യമായ പദ്ധതികളോടെ. തൃശൂരിന്റെ വികാരമായ ശക്തൻ തമ്പുരാനെ പ്രണമിച്ചുള്ള രംഗപ്രവേശവും തൃശൂരിന്റെ ‘മാറിവരുന്ന’ സ്വഭാവവും അനുകൂലമാക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. സംസ്ഥാന നേതാക്കൾക്ക് വിട്ടുകൊടുക്കാതെ ‘തൃശൂരിനെ കൈകാര്യം’ ചെയ്യാനുള്ള തീരുമാനത്തിലാണ് അമിത് ഷാ എന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്.
യു.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള തൃശൂർ ലോക്സഭ മണ്ഡലം പക്ഷെ തുടർച്ചയായി ഒരുമുന്നണിയെയും ജയിപ്പിച്ച ചരിത്രമില്ല. ഇരുമുന്നണിയെയും മാറി പരിഗണിക്കുന്ന പതിവുരീതി പൊളിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. മണ്ഡലത്തിൽ നിർണായകമായ ന്യൂനപക്ഷ വോട്ടിൽ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ.
മണ്ഡലചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയ 2019ൽ യു.ഡി.എഫിലെ ടി.എൻ. പ്രതാപന് 4,15,089ഉം ഇടത് സ്ഥാനാർഥി രാജാജി മാത്യു തോമസിന് 3,21,456ഉം എൻ.ഡി.എ സ്ഥാനാർഥി സുരേഷ്ഗോപിക്ക് 2,93,822 വോട്ടുമാണ് ലഭിച്ചത്. 2014ൽ ബി.ജെ.പി നേടിയ കാൽലക്ഷം വോട്ടിൽനിന്നാണ് 2019ൽ സുരേഷ് ഗോപിയിലൂടെ 2.93 ലക്ഷത്തിലേക്ക് വളർന്നത്. താരപരിവേഷവും ശബരിമല യുവതീപ്രവേശന വിവാദവുമായിരുന്നു ഇതിന് പിന്നിൽ. അതേസമയം, 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിക്ക് നേടാനായത് 40,457 വോട്ടാണ്. എന്നാൽ, 2015ൽ നേടിയ 12,000 വോട്ടിൽനിന്നാണ് ഈ ഉയർച്ച. പാർട്ടിയുടെ കാൽലക്ഷം അടിസ്ഥാന വോട്ടിൽനിന്ന് നാല് ലക്ഷം വോട്ട് പിടിക്കുകയെന്ന ദുഷ്കരമായ ദൗത്യത്തിനാണ് അമിത് ഷാ ഇറങ്ങിയിരിക്കുന്നത്.
ന്യൂനപക്ഷ വോട്ടുകളാണ് ബി.ജെ.പി ഉന്നംവെക്കുന്നത്. യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങളുടെ സഹകരണം യു.ഡി.എഫിന് ലഭിക്കില്ലെന്നാണ് വിലയിരുത്തൽ. അത് ഇടതുപക്ഷത്തിന് പോയില്ലെങ്കിൽ ലഭിക്കുക ബി.ജെ.പിക്ക് ആയിരിക്കും. പുതിയ ‘പ്രോഗ്രസിവ് പാർട്ടി’ നീക്കം ഇതിലേക്കുള്ള വാതിലായാണ് ബി.ജെ.പി കാണുന്നത്. സുരേഷ് ഗോപിക്ക് സ്വീകാര്യത കൂടിയെന്നാണ് നേതൃത്വം കരുതുന്നത്. മറ്റൊരു നിർണായകഘടകം സിറോ മലബാർ സഭ, പ്രത്യേകിച്ച് തൃശൂർ അതിരൂപത വോട്ടുകളാണ്.
കോൺഗ്രസിനോട് ചേർന്നു നിൽക്കുന്നതാണെങ്കിലും മനസ്സ് മാറാൻ പ്രയാസമില്ലെന്നും അതിനായി പരിശ്രമിക്കണമെന്നും ബി.ജെ.പി നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. മാർപാപ്പയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം ഈ ദിശയിലുള്ളതാണ്. ന്യൂനപക്ഷ സ്കോളർഷിപ് അടക്കമുള്ളവയിൽ അനുകൂല നിലപാടെടുത്താൽ സിറോ മലബാർ സഭ വോട്ടിൽ 70 ശതമാനം കൂടെപോരുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

