ആലപ്പുഴയിൽ സി.പി.എം തോറ്റാൽ രാജ്യസഭയിൽ ബി.ജെ.പിക്ക് സീറ്റ് കൂടും -മന്ത്രി റിയാസ്
text_fieldsകോഴിക്കോട്: ആലപ്പുഴയിൽ സി.പി.എം പരാജയപ്പെട്ടാൽ പകരം വിജയിക്കുന്നത് രാജ്യസഭയിൽ ബി.ജെ.പിയാണെന്നും സി.പി.എമ്മിനെ പരാജയപ്പെടുത്തൂ, ബി.ജെ.പിയെ വിജയിപ്പിക്കൂ എന്നതാണ് കോൺഗ്രസിന്റെ മുദ്രാവാക്യമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ബി.ജെ.പി ആഗ്രഹിച്ചതുപോലെ ചില കാര്യങ്ങൾ നടക്കാത്തത് രാജ്യസഭയിൽ അവർക്ക് ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ടാണ്.
ഈ ഘട്ടത്തിലാണ് രാജസ്ഥാനിൽനിന്ന് രാജ്യസഭാംഗമായ കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാര്ഥിയാവുന്നത്. അദ്ദേഹം രാജ്യസഭയിൽ വിജയിക്കുമ്പോഴുള്ള നിയമസഭ കക്ഷിനിലയല്ല ഇപ്പോൾ രാജസ്ഥാനിൽ. രാജസ്ഥാനിൽ രാജ്യസഭ തെരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പിയാണ് ജയിക്കുക. അദ്ദേഹത്തിനാണെങ്കിൽ ഇനി വർഷങ്ങൾ രാജ്യസഭയിൽ ബാക്കിയുണ്ട്. ആലപ്പുഴയിൽ സി.പി.എം പരാജയപ്പെട്ടാൽ പകരം ജയിക്കുന്നത് രാജ്യസഭയിൽ ബി.ജെ.പിയാണ് -റിയാസ് പറഞ്ഞു.

