'ഈ തൃശൂർ ഞങ്ങൾക്ക് വേണം, ഞങ്ങൾ ഇങ്ങെടുക്കുവാ'; ബി.ഡി.ജെ.എസിന്റെ മൂന്ന് സീറ്റുകൾ ബി.ജെ.പി ഏറ്റെടുത്തു
text_fieldsതൃശൂർ: നടൻ സുരേഷ്ഗോപിയെ വീണ്ടും തൃശൂരിലേക്ക് നിയോഗിച്ച് ബി.െജ.പിയും പുതുമുഖങ്ങളെ അവതരിപ്പിച്ച് കോൺഗ്രസും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ജില്ലയുടെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. കോൺഗ്രസിലെയും ബി.ജെ.പിയിലെയും അന്തിമ സ്ഥാനാർഥികൾ ജില്ല നേതൃത്വങ്ങൾ നൽകിയ പട്ടികയിൽ സംസ്ഥാന- ദേശീയ നേതൃത്വങ്ങൾ തിരുത്തൽ വരുത്തിയതോടെ നേരത്തേ കരുതിയിരുന്നവരും പ്രതീക്ഷിച്ചിരുന്നവരുമെല്ലാം ഔട്ടായി. 2016ൽ ബി.ഡി.ജെ.എസ് മൽസരിച്ചത് അഞ്ച് മണ്ഡലങ്ങളിലായിരുന്നത് ഇത്തവണ രണ്ടിലേക്കൊതുക്കി. മൂന്നെണ്ണം ബി.ജെ.പി ഏറ്റെടുത്തു.
പട്ടിക പുറത്തുവന്നതോടെ അകത്ത് ഒതുക്കിവെച്ചിരുന്ന പ്രതിഷേധക്കാർ വീണ്ടും പരസ്യമായി രംഗത്തെത്തി. കോൺഗ്രസിൽ സ്ഥാനാർഥി നിർണയം തുടങ്ങിയപ്പോൾ തുടങ്ങിയ പ്രതിഷേധം പ്രഖ്യാപനത്തിന് ശേഷം മണലൂരിലും പുതുക്കാടും വീണ്ടും പരസ്യ പ്രതിഷേധമുയർന്നു.
കെ.പി.സി.സി സെക്രട്ടറിമാർ പരസ്യമായി രംഗത്തെത്തി. സ്ഥാനാർഥി നിർണയത്തിൽ കടുത്ത അവഗണന നേരിട്ടുവെന്ന പ്രതിഷേധം പങ്കുവെച്ച് നേതൃത്വത്തിന് പരാതി അയച്ചു. സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന രാജേന്ദ്രൻ അരങ്ങത്തും ഷാജി കോടങ്കണ്ടത്തുമാണ് നേതൃത്വത്തിന് പരാതി അയച്ചത്. അളഗപ്പനഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രാജേശ്വരി മഹിള കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം പ്രസിഡൻറ് സ്ഥാനം രാജിവെച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ വനിത പ്രവര്‍ത്തകരെ തഴഞ്ഞുവെന്നാരോപിച്ച് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച ലതിക സുഭാഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെ. രാജേശ്വരിയുടെ രാജി. തെരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിക്കില്ലെന്നും രാജേശ്വരി. പുതുക്കാട് മണ്ഡലത്തിൽ പുറത്തുനിന്നുള്ള സ്ഥാനാർഥിയെ മത്സരിപ്പിച്ച നേതൃത്വത്തോടുള്ള പ്രതിഷേധവും രാജേശ്വരി അറിയിച്ചു. മുൻനിരക്കാരെ പാടേ ഒഴിവാക്കിയ കോൺഗ്രസ് പട്ടികയിൽ മുസ്ലിം പ്രാതിനിധ്യമില്ലാത്തത് ചർച്ചയായിട്ടുണ്ട്. ജില്ല നേതൃത്വം അയച്ച പട്ടികയിൽ കാര്യമായ തിരുത്തലാണ് വരുത്തിയത്. രണ്ട് ദിവസം മുമ്പ് വനിതകൾക്കും യുവാക്കൾക്കും പ്രാതിനിധ്യം നൽകിയ തലമുറമാറ്റത്തിെൻറയാവും പട്ടികയെന്ന് വിശേഷിപ്പിച്ച ജില്ല നേതൃത്വം, സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ പത്മജയൊഴികെയുള്ള വനിതകൾ ഔട്ടായി. മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയവരും പരിഗണിക്കപ്പെട്ടില്ല.
ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ താരത്തിളക്കം ഇത്തവണ നിയമസഭ പ്രാതിനിധ്യമുറപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ബി.ജെ.പി പട്ടികക്കെതിരെ കടുത്ത പ്രതിഷേധവും ഉയർന്നു. 2016ൽ ബി.ഡി.ജെ.എസ് മൽസരിച്ചത് അഞ്ച് മണ്ഡലങ്ങളിലായിരുന്നത് ഇത്തവണ രണ്ടിലേക്കൊതുക്കി. കൊടുങ്ങല്ലൂർ, ഒല്ലൂർ, നാട്ടിക മണ്ഡലങ്ങൾ ബി.ജെ.പി തിരിച്ചെടുത്തു. കൊടുങ്ങല്ലൂർ തുഷാർ മൽസരിക്കുമെങ്കിൽ ബി.ഡി.ജെ.എസിന് നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും തുഷാർ മാറിയതോടെ ബി.ജെ.പി തന്നെയാണ് മത്സരിക്കുന്നത്. ചേലക്കരയിൽ നാല് തവണയായി മൽസരിച്ച ഷാജുമോൻ വട്ടേക്കാടിനെ തന്നെ വീണ്ടും മൽസരിപ്പിക്കുന്നതിൽ പ്രതിഷേധമുണ്ട്. അവിടെ തിരുവില്വാമല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കൂടിയായ ബാലകൃഷ്ണനെയാണ് മണ്ഡലം, ജില്ല നേതൃത്വങ്ങൾ നിർദേശിച്ചിരുന്നത്. അടുത്ത ദിവസങ്ങളിലായി ഇത് പരിഹരിക്കാനാവുമെന്നാണ് നേതൃത്വം കരുതുന്നത്. അതേസമയം, സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കിയ ഇടതു മുന്നണിയും, ലീഗ്, കേരള കോൺഗ്രസ് സ്ഥാനാർഥികളുടെയും പ്രചാരണങ്ങൾ സജീവമാണ്. ഇടതു മുന്നണിയുടെ മേഖല കൺവെൻഷനുകൾ തുടങ്ങിയപ്പോൾ ലീഗ്, കേരള കോൺഗ്രസ് സ്ഥാനാർഥികൾ പ്രമുഖരെ കാണുന്ന തിരക്കിലാണ്.