പുനലൂരിൽ ജയപരാജയം നിർണയിച്ച് ബി.ജെ.പി വോട്ടുമറിക്കൽ
text_fieldsപ്രതീകാത്മക ചിത്രം
പുനലൂർ: നഗരസഭയിൽ ഇത്തവണ ഒരു വാർഡിൽ താമര വിരിഞ്ഞപ്പോൾ മറ്റിടങ്ങളിൽ വോട്ടുകച്ചവടം നടന്നതായി സൂചന. ഇതിന്റെ ഫലം ഇരുമുന്നണിക്കും ലഭിച്ചെങ്കിലും ബി.ജെ.പിയുടെ വോട്ട് അനുപാതം കഴിഞ്ഞതിൽ നിന്നും താഴുന്നതിനും ഈ കച്ചവടം ഇടയാക്കി. ഇത്തവണ ആദ്യം മുതലേ ബി.ജെ.പിയുടെ നിലപാട് ശ്രദ്ധേയമായിരുന്നു. 36 വാർഡുകളിൽ സ്ഥാനാർഥികളെ ഒഴിവാക്കിയത് വിവാദമായി. ഇത് ഇടത്- വലതു മുന്നണികളെ സഹായിക്കാനാണെന്ന് ഇരുകൂട്ടരും പരസ്പരം ആരോപിച്ചിരുന്നു.
എന്നാൽ, അനുയോജ്യരായ സ്ഥാനാർഥികൾ ഇല്ലാത്തതിനാലാണ് 13 വാർഡിൽ മത്സരത്തിന് ഇല്ലാത്തതെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ നിലപാട്. മത്സരിക്കുന്ന വാർഡുകളിൽ ഇത്തവണ വിജയിച്ച് നിർണായക ശക്തിയാകുമെന്നും പറഞ്ഞിരുന്നു. എന്നാൽ വോട്ടുകളുടെ കണക്ക് സൂചിപ്പിക്കുന്നത് ഇരുമുന്നണികൾക്കും ഇവരുടെ സഹായം ലഭിച്ചെന്നാണ്. എൽ.ഡി.എഫിന് ഭരണം നിലനിർത്താനും യു.ഡി.എഫിന് തൽസ്ഥിതി തുടരാനും ഇത് സഹായമായി. എങ്കിലും ഇരുകൂട്ടരിലെയും ചില പ്രമുഖരുടെ തോൽവിയും സ്ഥാനാർഥികളുടെ വോട്ട് ചോർച്ചയും വരുംദിവസങ്ങളിൽ പാർട്ടിക്കുള്ളിലെ ഭിന്നതയിലേക്ക് വഴിതെളിക്കും.
2000ൽ എൻ.ഡി.എ 19 വാർഡിൽ മത്സരിച്ചപ്പോൾ 2100 വോട്ട് നേടിയിരുന്നു. ഇത്തവണ 23 വാർഡിലായി രണ്ടായിരത്തോളം വോട്ട് നേടാനായുള്ളൂ. സ്വാഭാവികമായി വോട്ട് നില കഴിഞ്ഞതിൽ നിന്നും ഇത്തവണ കുറഞ്ഞു. കഴിഞ്ഞ തവണ ഏഴ് വാർഡിൽ നൂറിലധികം വോട്ട് ലഭിച്ചപ്പോൾ ഇക്കുറി ഇത് ആറായി. കഴിഞ്ഞതിന് മൂന്നിടത്ത് 200 ലധികം വോട്ട് ലഭിച്ചത് ഇപ്രാവശ്യം വിജയിച്ച വാർഡ് കൂടാതെ ഒന്നായി ചുരുങ്ങി. താമര വിരിഞ്ഞ ഐക്കരക്കോണത്ത് എൽ.ഡി.എഫിന്റെ വോട്ട് ചോർച്ച ബി.ജെ.പിക്ക് ഗുണം ചെയ്തു.
കുത്തകയായ ഈ വാർഡിൽ സി.പി.എമ്മിന്റെ പ്രസ്റ്റീജ് മത്സരമായിരുന്നു. ഇവിടെ 36 വോട്ടിനാണ് ബി.ജെപി സി.പി.എമ്മിനെ തോൽപിച്ചത്. 2015ൽ സി.പി.എം 363, കഴിഞ്ഞ തവണ 102 വോട്ട് ഭൂരിപക്ഷം ഉണ്ടായിരുന്നു. ഇത്തവണ ബി.ജെ.പി 409, സി.പി.എം 373, കോൺഗ്രസ്-എട്ട്. തൊട്ടടുത്ത കക്കോട് വാർഡിൽ കഴിഞ്ഞ തവണ ബി.ജെ.പിയിൽ 138 വോട്ട് നേടിയ ബി.ജെ.പിക്കാരനെ പിന്നീട് കൊല്ലപ്പെട്ടിരുന്നു. സി.പി.എം കൗൺസിലർ ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. ഈ വാർഡിൽ ഇത്തവണ ബി.ജെ.പി സ്ഥാനാർഥി മത്സരിച്ചില്ല. 172 വോട്ട് ഭൂരിപക്ഷത്തിൽ സി.പി.എമ്മിൽ നിന്നും യു.ഡി.എഫ് ഈ വാർഡ് പിടിച്ചു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് വന്ന ശാസ്താംകോണം വാർഡിൽ ഇവരുടെ വോട്ട് ഗണ്യമായി കുറഞ്ഞത് കോൺഗ്രസിലെ മുതിർന്ന നേതാവ് നെൽസൺ സെബാസ്റ്റ്യന് നേട്ടമായി. ഈ ചോർച്ച സി.പി.എമ്മിന്റെ ഒരു ചെയർമാൻ സ്ഥാനാർഥിയായിരുന്ന എസ്. ബിജുവിനെ തറപറ്റിച്ചു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 244 വോട്ട് ആയിരുന്നത് ഇപ്പോൾ 163 ആയി കുറഞ്ഞതോടെ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റ് 61 വോട്ടിന് കോൺഗ്രസ് പിടിച്ചു.
കഴിഞ്ഞ തവണ പവർഹൗസ്, തൊളിക്കോട് വാർഡുകളിൽ 200, 165 വോട്ട് ബി.ജെ.പി നേടിയത് ഇത്തവണ 37, 79 ആയി കുറഞ്ഞു. വലിയ ഭൂരിപക്ഷത്തോടെ പവർഹൗസ് കോൺഗ്രസ് പിടിക്കുകയും തൊളിക്കോട് സി.പി.ഐ നിലനിർത്തുകയും ചെയ്തു. ഇത്തരത്തിൽ മിക്ക വാർഡുകളിലും പ്രമുഖരുടെയടക്കം ജയപരാജയം നിർണയിച്ചത് ബി.ജെ.പി വോട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

