തലസ്ഥാനത്ത് ‘വികസിത കേരള’മൊരുക്കി നിയമസഭ ലക്ഷ്യമിടാൻ ബി.ജെ.പി, പ്രധാനമന്ത്രിയെത്തും
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ‘വികസിത കേരള’ത്തിന്‍റെ മാതൃക സൃഷ്ടിച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ഒരുക്കത്തിൽ ബി.ജെ.പി. പാർട്ടിക്ക് തദ്ദേശ സ്ഥാപനങ്ങളിൽ സീറ്റ് വർധിച്ചെങ്കിലും പ്രതീക്ഷിച്ച വോട്ട് ഷെയർ ഉണ്ടാക്കാനായില്ലെന്ന വിമർശനം ഉൾക്കൊള്ളുമ്പോഴാണ് തലസ്ഥാനത്തെ വിജയത്തെ മുന്നോട്ടുള്ള പ്രയാണത്തിൽ അവസരമാക്കാൻ പാർട്ടി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം കോർപറേഷനിൽ അധികാരമേൽക്കുന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവന്ന് തലസ്ഥാനത്തിന്‍റെ വികസന രൂപരേഖ പ്രകാശനം ചെയ്യിക്കും. ഇതിനുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുകയാണ്.
തിരുവനന്തപുരത്തെ വലിയ വിജയത്തിൽ പ്രധാനമന്ത്രി മോദി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വിളിച്ച് അഭിനന്ദനമറിയിച്ചിട്ടുണ്ട്. കേരള തലസ്ഥാനം ബി.ജെ.പി പിടിച്ചത് ജെ.പി. നദ്ദയും അമിത് ഷായും ഉള്‍പ്പെടെ നേതാക്കള്‍ സമൂഹമാധ്യമത്തിൽ പങ്കുവെച്ച് ദേശീയതലത്തിൽ ചർച്ചയാക്കുകയും ചെയ്തു. പാർട്ടി സംസ്ഥാന ഉപാധ്യക്ഷ മുൻ ഡി.ജി.പി ആർ. ശ്രീലേഖ, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവരിലൊരാളാവും മേയറാവുക.
തിരുവനന്തപുരത്ത് വികസനത്തിന്‍റെ വാതിൽ തുറന്നുകൊണ്ടാവും നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സംസ്ഥാന തലത്തിൽ ജനവിധി തേടുക. പാർട്ടി കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നതും ജില്ലയിലാണ്. നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം എന്നീ നിയമസഭ സീറ്റുകളിൽ ജയിക്കാനാവുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സംസ്ഥാനത്തെ വിവിധ കോർപറേഷനുകളിൽ 93ഉം നഗരസഭകളിൽ 324ഉം ഗ്രാമപഞ്ചായത്തുകളിൽ 1447ഉം ബ്ലോക്ക് പഞ്ചായത്തുകളിൽ 54ഉം സീറ്റാണ് എൻ.ഡി.എ നേടിയത്.
തിരുവനന്തപുരം കോർപറേഷന് പുറമെ പാലക്കാട്, തൃപ്പൂണിത്തുറ നഗരസഭകൾ ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയതിനൊപ്പം പത്തോളം ഇടങ്ങളിൽ പ്രധാന പ്രതിപക്ഷമായും ബി.ജെ.പി ജയിച്ചിട്ടുണ്ട്. 26 ഗ്രാമപഞ്ചായത്തുകളിലാണ് മുന്നണിക്ക് ഭരണം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

