ഗവർണർക്ക് പ്രതിരോധമൊരുക്കാൻ ബി.ജെ.പി
text_fieldsഗവർണർ രാജേന്ദ്ര ആർലേക്കർ
തിരുവനന്തപുരം: ഭാരതാംബ പോരിൽ സർക്കാറിനെ പിന്തുണച്ച് കൂടുതൽ ഇടത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഗവർണർക്ക് പ്രതിരോധമൊരുക്കാൻ ബി.ജെ.പി. വിഷയത്തിൽ വെള്ളിയാഴ്ച വരെ അനക്കമില്ലാതിരുന്ന ബി.ജെ.പി ശനിയാഴ്ച പ്രക്ഷോഭവുമായി രംഗത്തിറങ്ങി. പ്രതിഷേധം പെട്ടെന്ന് സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിദേശത്തുനിന്ന് എത്തിയാലുടൻ ഏകീകൃത സ്വഭാവത്തോടെ എല്ലാ ജില്ലയിലും ബി.ജെ.പി സമരം തുടങ്ങുമെന്നാണ് വിവരം.
രാജ്യസ്നേഹത്തിന്റെ പ്രതീകമായി സംഘ്പരിവാർ ചടങ്ങുകളിൽ പുഷ്പാർച്ചന നടത്തി വന്ദിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയെ, മന്ത്രി വി. ശിവൻകുട്ടിയുടെ രാജ്ഭവനിലെ പ്രതിഷേധത്തോടെ സി.പി.എം അനുകൂല സൈബർ ഗ്രൂപ്പുകൾ വികൃതമാക്കി അവഹേളിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് പാർട്ടിയിലെ പൊതുവികാരം.
‘അഭിമാനമാണ് ഭാരതാംബ: ഒറ്റപ്പെടുത്തുക എൽ.ഡി.എഫ്, യു.ഡി.എഫ് രാജ്യവിരുദ്ധ മുന്നണികളെ’ എന്ന മുദ്രാവാക്യമുയർത്തി ശനിയാഴ്ച രാവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ ഭാരതാംബക്ക് പുഷ്പാർച്ചന നടത്തി പ്രതിഷേധിച്ചായിരുന്നു ബി.ജെ.പിയുടെ സമരത്തുടക്കം. ഉദ്ഘാടനം ചെയ്ത മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ഭാരതാംബയെ അവഹേളിക്കുന്ന സർക്കാർ നടപടിക്കെതിരെ പ്രതിഷേധം കനപ്പിക്കുമെന്ന സൂചന നൽകി.
രാജ്ഭവനിലെ പരിസ്ഥിതിദിന ചടങ്ങിലാണ് ആദ്യമായി ഭാരതാംബ ചിത്രം പ്രത്യക്ഷപ്പെട്ടത്. കൃഷിമന്ത്രി പി. പ്രസാദിന്റെ വിമർശനത്തോടെ വിവാദമായി. പിന്നാലെ മന്ത്രി വി. ശിവൻകുട്ടിയും ഗവർണർക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയതോടെ, എ.ഐ.വൈ.എഫ് തുടങ്ങിവെച്ച പരസ്യപ്രതിഷേധം സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു.
അതേസമയം ഇടതു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഗവർണറുടെ സുരക്ഷക്ക് കേന്ദ്രസേന വന്നേക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും രാജ്ഭവൻ അത് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

