കെ. സുധാകരന്‍റെ കൊലവിളി പ്രസംഗത്തിനെതിരെ ബി.ജെ.പി; കോൺഗ്രസും സി.പി.എമ്മും ബോധപൂര്‍വം പ്രശ്നമുണ്ടാക്കുന്നുവെന്ന് പ്രശാന്ത് ശിവൻ, എസ്.പിക്ക് പരാതി നൽകും
text_fieldsപാലക്കാട്: കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പാലക്കാട് നടത്തിയ കൊലവിളി പ്രസംഗത്തിൽ എസ്.പിക്ക് പരാതി നൽകുമെന്ന് ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവനാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് കോൺഗ്രസും സി.പി.എമ്മും ബോധപൂര്‍വം പ്രശ്നമുണ്ടാക്കുന്നുവെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പിക്കെതിരെ ഇന്നലെയാണ് അതേ നാണയത്തിൽ കെ. സുധാകരൻ മറുപടി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തൊട്ടന്നവന്‍റെ കൈവെട്ടുമെന്നാണ് സുധാകരൻ പറഞ്ഞത്.
രാഹുലിനെതിരെ കൊലവിളി നടത്തുന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിനെതിരെ നടപടി സ്വീകരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പാലക്കാട് കോട്ട മൈതാനത്ത് കെ.പി.സി.സി ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. ഈ പ്രതിഷേധ പരിപാടിയിലായിരുന്നു സുധാകരന്‍റെ ഭീഷണി പ്രസംഗം.
അഭ്യാസങ്ങളും അടിയുംവെട്ടും ബി.ജെ.പിക്ക് മാത്രമുള്ളതല്ല. ഞങ്ങൾ വെട്ടിയാലും നിങ്ങൾക്ക് മുറിയും. അതിന് പറ്റിയ ആൺകുട്ടികൾ കോൺഗ്രസ് പാർട്ടിയിലുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ ചെയ്തിട്ട് ഇവിടെ നിന്ന് പ്രവർത്തിക്കാമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?. വെറും തോന്നൽ മാത്രമാണ്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ ജനമനസിൽ ഭദ്രമാണെന്ന് വിശ്വസിക്കുന്നു. രാഹുലിനെ തൊട്ടാൽ തൊട്ടവന്‍റെ കൈവെട്ടിയില്ലെങ്കിൽ ഈ രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനം ഉണ്ടാവില്ലെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.
കോൺഗ്രസിനുനേരെ കളിക്കുമ്പോൾ ബി.ജെ.പി സൂക്ഷ്മത പുലർത്തണം. ഞങ്ങൾക്കുനേരെ കളിച്ചാൽ അതിനു മറുപടി ഉണ്ടാകും. ബി.ജെ.പിയിൽ നിന്ന് ആളുകൾ കോൺഗ്രസിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസിൽ നിന്ന് ആരും ബി.ജെ.പിയിലേക്ക് പോയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറുടെ പേര് നൽകിയതിനെതിരെ പ്രതികരിച്ചതിനാണ് സ്ഥലം എം.എൽ.എയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബി.ജെ.പി നേതാക്കൾ ഭീഷണിയുമായി രംഗത്തെത്തിയത്. ആർ.എസ്.എസ് നേതാക്കളെ അവഹേളിച്ചാൽ എം.എൽ.എയെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.
കാൽ ഉള്ളിടത്തോളം കാലം കാൽ കുത്തിത്തന്നെ ആർ.എസ്.എസിനെതിരെ സംസാരിക്കുമെന്നും കാൽവെട്ടിയെടുത്താൽ ഉള്ള ഉടൽവെച്ച് ആർ.എസ്.എസിനെതിരെ സംസാരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നൽകി.
‘ഈ സംസാരം നിർത്തണമെങ്കിൽ നാവറുക്കേണ്ടി വരും. പിന്നെയും ആർ.എസ്.എസിനെതിരെ തന്നെ പ്രവർത്തിക്കും. അതു കൊണ്ട് ഇത്തരത്തിലുള്ള വിരട്ടലുകളൊന്നും വേണ്ട. പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കാല് കുത്താൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പിക്കാർ പറയുന്നത്. അതിന് പ്ലാറ്റ്ഫോം ടിക്കറ്റ് കൊടുക്കുന്നത് ആർ.എസ്.എസ് അല്ലെന്നാണ് മനസിലാക്കുന്നത്. അങ്ങനെയുള്ള കാലം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാം. ട്രെയിനിൽ കേറാനും വന്നിറങ്ങാനും കാലു കുത്തി നിൽക്കാനും അറിയാം’ -രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

