
നൂറിലേറെ സീറ്റുകളിൽ മത്സരിക്കാൻ ബി.ജെ.പി; വി. മുരളീധരൻ കഴക്കൂട്ടത്ത്, നേമത്ത് കുമ്മനം
text_fieldsതിരുവനന്തപുരം: ഇക്കുറി കൂടുതൽ സീറ്റുകളിൽ മത്സരിക്കുമെന്ന നിലപാടിൽ ബി.ജെ.പി. നൂറ് മുതൽ 110 സീറ്റുകളിൽ വരെയാണ് പദ്ധതിയിടുന്നത്. കഴിഞ്ഞതവണ 98 സീറ്റിലാണ് ബി.ജെ.പി മത്സരിച്ചത്. നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ നൂറിലധികം സീറ്റ് വേണമെന്ന് എൻ.ഡി.എ ഘടകകക്ഷികളെ ബി.ജെ.പി നേതൃത്വം അറിയിച്ചിട്ടുണ്ട്. ക്രിസ്തീയ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സഭാനേതൃത്വങ്ങളുടെ പിന്തുണയുള്ള സ്ഥാനാർഥികളെ മത്സരിപ്പിക്കാനും ഉദ്ദേശിക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 36 സീറ്റിലാണ് ഘടകകക്ഷിയായ ബി.ഡി.ജെ.എസ് മത്സരിച്ചത്. എന്നാൽ ആ സാഹചര്യമല്ല ഇപ്പോഴത്തേതെന്ന് ബി.ഡി.ജെ.എസും തിരിച്ചറിയുന്നു. അവരുടെ പാർട്ടിയിലുണ്ടായ പിളർപ്പ് ഉൾപ്പെടെ ഇതിന് കാരണമാണ്. കഴിഞ്ഞതവണ ബി.ഡി.ജെ.എസ് മത്സരിച്ച അഞ്ച് സീറ്റെങ്കിലും ഇക്കുറി ബി.ജെ.പി ഏറ്റെടുക്കാനുള്ള സാധ്യതയുമുണ്ട്.
തിരുവനന്തപുരത്തെ വർക്കലയും ഇതിൽ ഉൾപ്പെടുന്നു. ഇവിടെ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാൻ പ്രാദേശിക നേതൃത്വത്തിന് താൽപര്യമുണ്ട്. സീറ്റ് വിട്ടുകൊടുക്കാൻ തയാറല്ലെങ്കിൽ ഇവിടെ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തന്നെ മത്സരിക്കണമെന്ന ആവശ്യവും ബി.ജെ.പി നേതൃത്വം മുന്നോട്ടുെവക്കും.
നെയ്യാറ്റിൻകര, പാറശ്ശാല, കാട്ടാക്കട, കോവളം മണ്ഡലങ്ങളിൽ സ്വാധീനം അവകാശപ്പെടുന്ന കാമരാജ് കോൺഗ്രസ് അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടോ മൂന്നോ സീറ്റ് ആകും അവർക്ക് ലഭിക്കുക. നെയ്യാറ്റിൻകര ഇവർക്ക് നൽകുമെന്ന് ഏറക്കുറെ ഉറപ്പായി. പി.സി. തോമസിെൻറ കേരളകോൺഗ്രസിന് മൂന്ന് സീറ്റ് നൽകും.
പ്രധാനപ്പെട്ട നേതാക്കളെയെല്ലാം മത്സരരംഗത്തിറക്കാനാണ് ബി.ജെ.പി ദേശീയ നേതൃത്വം ഉദ്ദേശിക്കുന്നത്. കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ കഴക്കൂട്ടത്തും കെ. സുരേന്ദ്രനെ കോന്നിയിലോ മഞ്ചേശ്വരത്തോ മത്സരിപ്പിക്കാനാണ് നീക്കം.
നേമത്ത് മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസ് എന്നിവർ ഉറപ്പിച്ചുകഴിഞ്ഞു. മുൻ ഡി.ജി.പിമാരായ ജേക്കബ് തോമസ്, ടി.പി. സെൻകുമാർ, മെട്രോമാൻ ഇ. ശ്രീധരൻ, സുരേഷ് ഗോപി എം.പി, നടൻ കൃഷ്ണകുമാർ എന്നിവരെല്ലാം പരിഗണനാപട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
