Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘17 ചാക്കുകളിലായി 25...

‘17 ചാക്കുകളിലായി 25 കോടി കള്ളപ്പണം ബിജെപി തൃശൂർ ഓഫിസിലെത്തി’; ഗുരുതര ആരോപണവുമായി മുൻ ഓഫിസ് സെക്രട്ടറി

text_fields
bookmark_border
BJP
cancel

തൃശൂർ: തെരഞ്ഞെടുപ്പ് കാലത്ത് തൃശൂർ ബി.ജെ.പി ഓഫിസിലേക്ക് 17 ചാക്കുകളിലായി 25 കോടിയുടെ കള്ളപ്പണം എത്തിയെന്ന് മുൻ ഓഫിസ് സെക്രട്ടറി പി. അക്ഷ‍യിയുടെ ഗുരുതര വെളിപ്പെടുത്തൽ. സംഘടന സെക്രട്ടറിയുടെ മുറിയിലേക്കാണ് പണം കൊണ്ടുവന്നത്. സാമ്പത്തിക ഇടപാട് അറിഞ്ഞതിന്‍റെ വൈരാഗ്യത്തിലാണ് തന്നെ ഓഫിസ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്നും അ‍ക്ഷയ് പറയുന്നു.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു രണ്ടു ദിവസം മുമ്പ് തൃശൂർ ജില്ല ഓഫിസിലാണ് പണം എത്തിയത്. തെരഞ്ഞെടുപ്പിനായി എത്തിയ ഫണ്ടിനു പുറമെയാണിത്. ഈ പണം വ്യക്തികൾ കേന്ദ്രീകരിച്ച് കൊള്ളയടിക്കുകയാണ് ചെയ്തത്. ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസിന്‍റെ രണ്ടാം നിലയിലും ഗാന്ധി നഗറിലെ വീട്ടിലുമായാണ് ഈ പണം സൂക്ഷിച്ചിരുന്നത്. സംഘടനാ സെക്രട്ടറിയുടെ മുറിയിലേക്കാണ് പണം എത്തിയത്. അവിടെ വെച്ചുതന്നെയാണ് വിതരണം ചെയ്തതും. ട്രഷറർക്കോ ഓഫിസ് സെക്രട്ടറിക്കോ ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും തന്നില്ല. ഈ വിവരം തൃശൂർ സിറ്റി പ്രസിഡന്‍റിനെ അറിയിച്ചതാണ് തന്നെ പുറത്താക്കാനുള്ള കാരണം. സംഘടന സെക്രട്ടറി കെ.പി. സുരേഷ്, അദ്ദേഹത്തിന്‍റെ ഡ്രൈവർ രാജേഷ്, മുരളി കൊളങ്ങാട് എന്നിവർ മൂന്നുപേരുമാണ് ഈ പണം കൈകാര്യം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാന്ധി നഗറിലെ വീട്ടിൽനിന്ന് ഒരു കോടി രൂപയെടുത്ത് തമിഴ്നാട്ടിലേക്ക് അയച്ചു, ഈ സമയം താൻ അവിടെയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന അന്ന് ഉച്ചക്കുതന്നെ പണം ഓഫിസിൽനിന്ന് മാറ്റിയെന്നാണ് മനസ്സിലാക്കുന്നത്. ആ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ മാറ്റി. ഇടപാട് അറിഞ്ഞതോടെയാണ് തന്നെ പുറത്താക്കിയതെന്നും അ‍ക്ഷയ് കൂട്ടിച്ചേർത്തു. കൊടകര കുഴൽപണക്കേസിനു പിന്നാലെയാണ് പാർട്ടിയെ വെട്ടിലാക്കി മറ്റൊരു വെളിപ്പെടുത്തൽ കൂടി പുറത്തുവരുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നു ദിവസം മുമ്പ് ഏപ്രിൽ മൂന്നിനു പുലർച്ചെ ദേശീയപാതയിലൂടെ പോയ കാർ ആക്രമിച്ചു ക്രിമിനൽ സംഘം മൂന്നരക്കോടി രൂപ കവർന്നതാണ് കൊടകര കുഴൽപണക്കേസ്. ബി.ജെ.പി സ്ഥാനാർഥികളുടെ പ്രചാരണത്തിനു വേണ്ടി എത്തിച്ച പണമാണ് തട്ടിയെടുത്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിനിടെ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിനെ ചൊല്ലിയുള്ള തർക്കങ്ങളും ബി.ജെ.പിയിലെ ആഭ്യന്തരതർക്കം രൂക്ഷമാക്കി. വ്യക്തി അധിക്ഷേപങ്ങളിലേക്കും പരാതി നൽകുന്നതിലേക്കും പ്രശ്നങ്ങൾ വളരുകയാണ്. ബി.ജെ.പി ദേശീയ നേതൃത്വത്തിന് മുന്നിലേക്ക് നേതാക്കളും അനുഭാവികളും നിരന്തരം പരാതിയുമായി എത്തുന്ന നിലയിലാണ് കാര്യങ്ങൾ. അതിനിടെ, ബി.ജെ.പിയിലെ ചില സംസ്ഥാന നേതാക്കളെ ലക്ഷ്യമിട്ടുള്ള അനാവശ്യ വിവാദമാണ് ഫണ്ട് വെട്ടിപ്പ് എന്നപേരിൽ പ്രചരിക്കുന്നതെന്ന് സംസ്ഥാന നേതൃത്വ വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാന ജന.സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സെക്രട്ടറി എം.പി. അഞ്ജന തുടങ്ങിയവരെ ലക്ഷ്യമിട്ട് പാർട്ടി അനുഭാവികളായ ചിലർ സമൂഹ മാധ്യമങ്ങളിലൂടെയും യു ട്യൂബ് ചാനലുകളിലൂടെയും വാർത്തകളുൾപ്പെടെ ചമച്ച് വിടുകയാണെന്ന് ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Black Money CaseBJP Black moneyBJP
News Summary - 'Rs 25 crore black money in 17 bags reached BJP Thrissur office'; Former office secretary allegations
Next Story