തൃശൂർ ബി.ജെ.പിയിൽ വീണ്ടും കലഹം; മഹിളമോർച്ച നേതാവ് രാജിവെച്ചു
text_fieldsതൃശൂർ: തെരഞ്ഞെടുപ്പിന് പിന്നാലെ തൃശൂർ ജില്ലയിലെ ബി.ജെ.പിയിൽ വീണ്ടും കലഹം. മഹിളമോർച്ച തൃശൂർ നിയോജക മണ്ഡലം പ്രസിഡൻറും ജില്ല ഭാരവാഹിയുമായ ഉഷ മരുതൂർ രാജിവെച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിലെ പുതൂർക്കര ഡിവിഷനിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു. ജില്ല നേതൃത്വത്തിെൻറ സ്ത്രീവിരുദ്ധ നിലപാടും അവഗണനയുമാണ് രാജിക്ക് കാരണമെന്ന് പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിലെ സ്ഥാനാർഥിയായിരുന്ന മഹിളമോർച്ച സംസ്ഥാന പ്രസിഡൻറ് നിവേദിതയുടെ പത്രിക തള്ളിയതിനെ തുടർന്ന് ഗുരുവായൂർ ബി.ജെ.പിയിലും കലഹമാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്നംകുളത്ത് ഒരുവിഭാഗം പ്രവർത്തകർ രംഗത്തുവരാതിരുന്നതും വിവാദമായിരുന്നു. കഴിഞ്ഞദിവസം രണ്ടിടങ്ങളിൽ ഇവർ യോഗം ചേർന്നതായും പറയുന്നു.
തൃശൂരിലെ സ്ഥാനാർഥി സുേരഷ്ഗോപി ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് പറഞ്ഞതും ഗുരുവായൂരിലെ പ്രവർത്തകരുടെ എതിർപ്പിനിടയാക്കിയിരുന്നു. അതിനാൽ വോട്ട് ചെയ്യാതെയാണ് പലരും പ്രതിഷേധിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോർപറേഷൻ കൗൺസിലറും മണ്ഡലം ഭാരവാഹിയുമായിരുന്ന ഐ. ലളിതാംബികയും രാജിവെച്ചിരുന്നു. അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു അവരുടെയും രാജി.