Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാഴ്ചെടികളെ പാർട്ടിയിൽ...

പാഴ്ചെടികളെ പാർട്ടിയിൽ നിന്ന് പിഴുതെറിയണം -കുമ്മനം രാജശേഖരൻ

text_fields
bookmark_border
kummanam
cancel

കോഴിക്കോട്: കേന്ദ്രഭരണത്തിന്‍റെയും ബി.ജെ.പിയുടെയും തണലിൽ ചില പാഴ്ചെടികൾ വളരാൻ ശ്രമിക്കുന്നതായി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇത്തരം പാഴ്ചെടികളെ പാർട്ടിയിൽ നിന്ന് പിഴുതെറിയണമെന്നും കുമ്മനം ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ മാധ്യമങ്ങളിൽ ഒരാഴ്ചയായി വരുന്ന വാർത്തകൾ പാർട്ടിയെ ജനമധ്യത്തിൽ താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങളാണെന്നും പാർട്ടി പ്രവർത്തകർക്ക് എഴുതിയ കത്തിൽ കുമ്മനം ചൂണ്ടിക്കാട്ടുന്നു. 

ഇനിയും ചില ഇത്തിൾക്കണ്ണികൾ പാർട്ടിയിലുണ്ടെന്നും ശ്രദ്ധയിൽപ്പെട്ടാൽ അവയെയും ഇല്ലാതാക്കും. ഒറ്റപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി ബി.ജെ.പി കേരളഘടകം മുഴുവൻ അഴിമതിക്കാരും തട്ടിപ്പുകാരും ആണെന്ന് പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നും കത്തിൽ കുമ്മറ്റം ഒാർപ്പെടുത്തുന്നു. 

കത്തിന്‍റെ പൂർണരൂപം: 

വെല്ലുവിളിയെ ധീരമായി നേരിടുക...

പ്രിയ ബന്ധു സാദര നമസ്കാരം,

ആശുപത്രിക്കിടക്കയിൽ നിന്നാണ് ഈ കത്തെഴുതുന്നത്. ഒരാഴ്ചയായി കേരളത്തിലെ മാധ്യമങ്ങളിൽ ബിജെപിയെപ്പറ്റി വരുന്ന വാർത്തകൾ താങ്കളും ശ്രദ്ധിച്ചിരിക്കുമല്ലോ? ആയിരക്കണക്കിന് പ്രവർത്തകരുടെ ജീവത്യാഗവും ത്യാഗോജ്ജ്വലമായ പോരാട്ടവും കൊണ്ട് കെട്ടിപ്പടുത്ത ഭാരതീയ ജനതാ പാർട്ടിയെ ജനമധ്യത്തിൽ താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങളാണിതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?


കേന്ദ്രഭരണത്തിന്‍റെയും ബിജെപിയെന്ന വടവൃക്ഷത്തിന്‍റേയും തണലിൽ ചില പാഴ്ചെടികള്‍ വളർന്നു വരാൻ ശ്രമിച്ചു എന്നത് വസ്തുതയാണ്. അത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അവയെ പിഴുതെറിയുകയും ചെയ്തു. ഇനിയും ചില ഇത്തിൾക്കണ്ണികൾ പാർട്ടിയിൽ ഉണ്ടെന്ന് ശ്രദ്ധയിൽ പെട്ടാൽ അവയെയും ഇല്ലാതാക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു. ഒരു ഏകാധിപത്യ പാർട്ടിയല്ലാത്തതിനാൽ അതിന് ജനാധിപത്യപരമായ ചില നടപടി ക്രമങ്ങൾ പാലിക്കണമെന്ന് മാത്രം. ആ കാലതാമസമാണ് ഇപ്പോൾ ഉണ്ടാകുന്നത്. അതിനാൽ ഇത് നിരാശപ്പെടേണ്ട കാലമല്ല. 


ഒറ്റപ്പെട്ട ഒരു സംഭവത്തിന്‍റെ ചുവടുപിടിച്ച് ബിജെപി കേരളാ ഘടകം മുഴുവൻ അഴിമതിക്കാരും തട്ടിപ്പുകാരുമാണെന്ന് പ്രചരിപ്പിക്കുന്നവരെ നാം കരുതിയിരിക്കണം. അഴിമതിയിലും നിരാശയിലും ആണ്ടുകിടന്ന ഭാരതത്തെ കൈപിടിച്ചുയർത്തി ലോക നേതൃസ്ഥാനത്ത് തിരികെയത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തവരാണ് നമ്മൾ. അതിന്‍റെ നേതൃസ്ഥാനത്ത് ലോകാരാദ്ധ്യനായ നരേന്ദ്രമോദിയാണ് ഉള്ളത്. അഴിമതിയോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ശ്രീ അമിത്ഷായാണ് ബിജെപിയെ നയിക്കുന്നത്. ബഹുമാനപ്പെട്ട നരേന്ദ്രമോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാരിൽ നാളിതുവരെ അഴിമതിയുടെ ലാഞ്ചന പോലും എതിരാളികൾക്ക് കണ്ടെത്താനായിട്ടില്ല. ആ നിരാശാ ബോധത്തിൽ നിന്നാണ് ഒരു ഒറ്റപ്പെട്ട സംഭവത്തെ പര്‍വ്വതീകരിക്കാനുള്ള ശ്രമം ഉണ്ടാകുന്നത്. 11 കോടി അംഗങ്ങളുള്ള, ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ ഭാരതീയ ജനതാ പാർട്ടിയിൽ ബഹുസ്വരതയും വൈവിധ്യവും ഉള്ള സമൂഹത്തിലെന്ന പോലെ പല സ്വഭാവത്തിലുമുള്ള ആളുകൾ കടന്നിട്ടുണ്ടാകാം. എന്നാൽ അത്തരക്കാരെയും അത്തരം സംഭവങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് നമ്മുടെ പാർട്ടി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നത്. 


ഇപ്പോൾ ഉണ്ടായിരിക്കുന്നത് ഒരു അഴിമതിയല്ല. കേന്ദ്ര സർക്കാരിനോടോ ബിജെപിയോടോ ഇതിന് ബന്ധവുമില്ല. മറിച്ച് വ്യക്തിയധിഷ്ഠിതമായ ഒരു സാമ്പത്തിക തട്ടിപ്പ് ശ്രമമായിരുന്നു. അതിലെ പ്രധാന പങ്കാളികൾക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് ഇതിനകം തന്നെ തെളിഞ്ഞു കഴിഞ്ഞു. എന്നാൽ പാർട്ടിയുടെ പേര് പറഞ്ഞ് തട്ടിപ്പിന് ഒരു പ്രവർത്തകൻ ശ്രമിച്ചു എന്നത് വസ്തുതയാണ്. ഇത്തരം സന്ദർഭങ്ങളിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് സ്വീകരിക്കാൻ കഴിയുന്ന പരമാവധി നടപടി നാം കൈക്കൊണ്ടിട്ടുണ്ട്. അതിലുപരിയായ ഏതെങ്കിലും നടപടി സ്വീകരിക്കേണ്ടത് ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥിതിയും ഭരണകൂടവുമാണ്. 


ആരോപണ വിധേയനായ വ്യക്തിമൂലം കേന്ദ്രസർക്കാരിൽ നിന്ന് ആർക്കെങ്കിലും അവിഹിതമായ നേട്ടം ഉണ്ടായിട്ടില്ല. പൊതു ഖജനാവിന് നഷ്ടവും സംഭവിച്ചിട്ടില്ല. വ്യക്തിഗത ലാഭത്തിനു വേണ്ടി സംഘടനയുടെ പേര് ദുരുപയോഗം ചെയ്തു എന്നതാണ് സംഭവിച്ചത്. ആ വ്യക്തിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിലൂടെ  അഴിമതിയോട് ഒരു തരത്തിലും വിട്ടു വീഴ്ചയില്ലെന്ന നമ്മുടെ അടിസ്ഥാന പ്രമാണം ഉയർത്തിപ്പിടിക്കാൻ നമുക്കായി. അതേ സമയം ബിജെപിക്കെതിരെ ഇപ്പോള്‍ പുരപ്പുറത്ത് കയറി വിളിച്ചൂകൂവുന്ന സിപിഎം, കോൺഗ്രസ് കക്ഷികളുടെ അഴിമതിയോടുള്ള മനോഭാവം എന്താണെന്ന് എല്ലാവർക്കുമറിയാം. ഔദ്യോഗിക അന്വേഷണ ഏജൻസികളും കോടതിയും അഴിമതിക്കാരെന്ന് കണ്ടെത്തിയ എത്ര നേതാക്കൻമാരാണ് ഇന്നും നമ്മുടെ ഭരണാധികാരികളായി വിലസുന്നത്?. ഭരണഘടനാ സ്ഥാപനങ്ങളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും മേധാവികളായി ഞെളിയുന്ന നേതാക്കൻമാരുടെ എത്രയെത്ര അഴിമതി കഥകളാണ് പൊതു സമൂഹത്തിന് പറയാനുള്ളത്?. സ്വന്തം പാർട്ടി നേതാക്കളുടെ നാറുന്ന അഴിമതി കഥകൾ മറച്ചു വെച്ച് നമുക്കെതിരെ അവർ തിരിയുന്നത് ബിജെപി ശക്തി പ്രാപിക്കുന്നതിലുള്ള അസഹിഷ്ണുത മൂലമാണ്.


കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവലിൻ കേസിൽ ഹൈക്കോടതിയുടെ ദയാവായ്പിന് കാത്തു നിൽക്കുന്നയാളാണ് കേരളം ഭരിക്കുന്ന പിണറായി വിജയൻ. ഇ. ബാലാനന്ദൻ  കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കാൻ സിപിഎം തയ്യാറായിരുന്നുവെങ്കിൽ സംസ്ഥാന ഖജനാവിന് ഉണ്ടാകുമായിരുന്ന ലാഭം നൂറുകണക്കിന് കോടിയുടേതായിരുന്നു. ലാവലിൻ കേസിൽ പിണറായി വിജയൻ അഴിമതി നടത്തിയതിന്‍റെ തെളിവുകൾ സിഎജി പുറത്ത് കൊണ്ടു വന്നെങ്കിലും പാർടിക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. അങ്ങനെയാണ് കോടികളുടെ തട്ടിപ്പു കേസിലെ പ്രതിയായ നേതാവിനാൽ ഭരിക്കപ്പെടുന്നവരായി കേരളാ ജനത മാറിയത്.


സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് തുടങ്ങാൻ പോകുന്ന മെഡിക്കൽ കോളേജിന്  നിർമ്മാണ കരാർ അനുവദിച്ചത് അന്നത്തെ ആഭ്യന്തരമന്ത്രി കൂടിയായ സ്ഥലം എംഎൽഎ രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിലായിരുന്നു. കുറഞ്ഞ നിരക്കിൽ നിർമ്മാണമേറ്റെടുക്കാൻ തയ്യാറായ കമ്പനിയെ തഴഞ്ഞിട്ടായിരുന്നു കൊച്ചി ആസ്ഥാനമായ കമ്പനിക്ക് കരാർ നൽകിയതെന്ന് വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന മന്ത്രിസഭയിൽ അഴിമതിക്കേസിൽ പ്രതികളല്ലാത്ത എത്ര മന്ത്രിമാരുണ്ടെന്ന് കൂടി ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് കേരള സമൂഹത്തോട് പറയണം.  


അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട കേരളത്തിലെ ഏക നേതാവായ ആർ ബാലകൃഷ്ണപിള്ളയെ ക്യാബിനറ്റ് റാങ്കോടെ മുന്നാക്ക കമ്മീഷൻ ചെയർമാനാക്കി വാഴിച്ച ഇടതു മുന്നണി നേതാക്കളാണ് ഇപ്പോൾ ബിജെപിക്കെതിരെ ഉറഞ്ഞു തുള്ളുന്നതെന്ന് നാം മനസ്സിലാക്കണം. വി എസ് അച്യുതാനന്ദൻ, എളമരം കരീം, ഇ.പി ജയരാജൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, അടൂർ പ്രകാശ്, എം കെ മുനീർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ എം മാണി, അനൂപ് ജേക്കബ്, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, പി കെ ജയലക്ഷ്മി ഇങ്ങനെ എത്രയെത്ര നേതാക്കളാണ് വിജിലൻസ് ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പ്രതികളായി തലകുനിച്ച് നിൽക്കുന്നത്?. സ്ത്രീ പീഡനം ഉൾപ്പെടയുള്ള കേസുകളിൽ പ്രതികളായ നേതാക്കളുടെ എണ്ണം വേറെ. ഇങ്ങനെ എണ്ണിപ്പറയാൻ ഈ കത്ത് മതിയാകുമെന്ന് തോന്നുന്നില്ല. കോടതികളും അന്വേഷണ ഏജൻസികളും കുറ്റക്കാരാണെന്ന് പറഞ്ഞിട്ടും പാർട്ടി കോടതി കുറ്റ വിമുക്തരാക്കിയെന്നും മനസാക്ഷിക്ക് മുന്നിൽ കുറ്റക്കാരനല്ലെന്നുമുള്ള അപഹാസ്യ നിലപാടുമായി ജനസേവനത്തിന് ഇറങ്ങിയവരാണ് ഇപ്പോൾ ബിജെപിക്ക് നേരെ വാളെടുക്കുന്നതെന്ന് കൂടി മനസ്സിലാക്കണം.


മേൽ പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്, ഏതെങ്കിലും തരത്തിലുള്ള ന്യായീകരണത്തിനല്ല. അവരേപ്പോലെയെല്ല നാം എന്ന ഉത്തമ ബോധ്യവുമുണ്ട്. നമ്മെ എതിർക്കുന്നവരുടെ കപട നിലപാടുകൾ തുറന്നു കാണിക്കാൻ പറഞ്ഞുവെന്ന് മാത്രം. അഴിമതിക്കറ പുരളുന്നത് എത്ര ഉന്നതനിലായാലും അത്  ബിജെപി വെച്ചു പൊറുപ്പിക്കില്ല. കാരണം നാം രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് രാഷ്ട്ര പുനരുദ്ധാരണത്തിന് വേണ്ടിയാണ്,  ഉദരപൂരീകരണത്തിനല്ല. അതിനാൽ തന്നെ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു സംഭവത്തോടും വിട്ടുവീഴ്ചയില്ലാതെ പ്രതികരിക്കുക തന്നെ ചെയ്യും. ആയിരക്കണക്കിന് ധീരബലിദാനികളുടെ ചോര വീണ മണ്ണിലാണ് നിൽക്കുന്നതെന്ന ഉത്തമ ബോധ്യത്തോടെയാണ് ഓരോ നിമിഷവും ഞാൻ പ്രവർത്തിക്കുന്നത്. അവര്‍ വീഴ്ത്തിയ ഒരു തുള്ളി ചോരയോ നാം വാർത്ത ഒരു തുള്ളി കണ്ണീരോ ഒഴുക്കിയ ഒരു തുള്ളി വിയർപ്പോ പാഴാവില്ല. ആ ഉറപ്പ് നൽകാൻ എനിക്കാകും. 


കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തെ ഫണ്ട് വിനിയോഗത്തെപ്പറ്റി പോലും ആരോപണം ഉയർത്തി വിടുന്നത് ഗൂ‍ഢോദ്യേശത്തോടെയാണ്. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് സ്ഥാനാർത്ഥികളല്ലെന്ന് താങ്കൾക്കും അറിവുള്ളതാണല്ലോ?. ഫണ്ട് കൈകാര്യം ചെയ്യാൻ പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തിച്ചത്. എന്നിട്ടും സ്ഥാനാർത്ഥികളായിരുന്ന മുതിർന്ന നേതാക്കളുടെ പേര് ഇതുമായി ബന്ധപ്പെടുത്തുന്നത് വ്യക്തിഹത്യ ചെയ്യാനാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ രാജ്യത്തെ ഏക പാർട്ടി ബിജെപിയാണ്. സംസ്ഥാനത്തെ ഒരു നിയോജക മണ്ഡലത്തിലെ ഫണ്ട് വിനിയോഗം സംബന്ധിച്ചും പാർട്ടിക്ക് പരാതി കിട്ടിയിട്ടില്ല. എന്നിട്ടും മാധ്യമങ്ങളിൽ കൂടി ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇതിന് പിന്നിൽ പ്രവര്‍ത്തിക്കുന്നത് ആരായാലും അവരെ പാർട്ടി ശത്രുക്കളായി മാത്രമേ കാണാനാകൂ.


ഞാൻ മുമ്പ് സൂചിപ്പിച്ചതു പോലെ ഇത് നിരാശ തോന്നേണ്ട നിമിഷമല്ല. ഇതൊരു അവസരവും  അതോടൊപ്പം വെല്ലുവിളിയുമാണ്. എല്ലാ പുഴുക്കുത്തകളേയും അകറ്റി അഗ്നിയിൽ സ്ഫുടം ചെയ്തതുപോലെ വീണ്ടും മുന്നോട്ട് പോകാൻ ഈ അവസരം നാം പ്രയോജനപ്പെടുത്തണം. എന്നാൽ ഇത്  മുതലാക്കി വ്യാജ പ്രചരണം നടത്തി പാർട്ടിയെ തകര്‍ക്കാൻ തക്കം പാർത്തിരിക്കുന്ന ശത്രുക്കളെ തിരിച്ചറിയാൻ നമുക്കാവുകയും വേണം. ഇത് മുമ്പെങ്ങുമില്ലാത്ത തരത്തിൽ ആന്തരിക ഐക്യം ആവശ്യമുള്ള കാലമാണ്. വ്യക്തി താത്പര്യത്തിനും വിരോധത്തിനും വേണ്ടി  സംഘടനയെ ഒറ്റുകൊടുക്കില്ലെന്ന് നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം. വലിയ ഗൂഡാലോചനയുടെ ഫലമായാണ് നമുക്കെതിരെ വ്യാപകമായ പ്രചരണം നടക്കുന്നത്.  എങ്ങനെയും ബിജെപിയെ തകർക്കണമന്ന് ചിന്തിക്കുന്നവരുടെ വലയിൽ വീഴാതിരിക്കാൻ ജാഗ്രത പുലർത്തണം. അതോടൊപ്പം വ്യാജ പ്രചരങ്ങളിൽ പെട്ട് അവിശ്വാസത്തിന്‍റെ അന്തരീക്ഷം ഉണ്ടാക്കാനും ഇടയാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. 

വിശ്വസ്തതയോടെ നിങ്ങളുടെ സ്വന്തം,

കുമ്മനം രാജശേഖരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kummanamkerala newsstate presidentopen lettermalayalam newsBJP
News Summary - bjp state president kumman write open letter to party workers -kerala news
Next Story