Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശോഭ സുരേന്ദ്രനോട് സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയെന്ന വാർത്ത തെറ്റിദ്ധാരണ പരത്താൻ -ബി.ജെ.പി

text_fields
bookmark_border
ശോഭ സുരേന്ദ്രനോട് സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയെന്ന വാർത്ത തെറ്റിദ്ധാരണ പരത്താൻ -ബി.ജെ.പി
cancel

തിരുവനന്തപുരം: പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ ശോഭ സുരേന്ദ്രനോട് ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാർത്ത തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പാർട്ടി. ‘ഈ വാർത്ത തീർത്തും വ്യാജമാണ്. ശോഭ സുരേന്ദ്രനെതിരെ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ നിന്ന് അവരെ ഒഴിവാക്കിയെന്നുമുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്’ -പാർട്ടി ഔദ്യോഗിക ​ഫേസ്ബുക് പേജിൽ വ്യക്തമാക്കി.

‘പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള രാഷ്ട്രീയമായ ദുഷ്ടലാക്കോടെ നിർമ്മിച്ചെടുത്ത ഇത്തരം വ്യാജവാർത്തകൾ പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ഔദ്യോഗികമായ യാതൊരു സ്ഥിരീകരണവുമില്ലാത്ത ഇത്തരം കെട്ടിച്ചമച്ച വാർത്തകൾ സത്യാവസ്ഥ പരിശോധിക്കാതെ വിശ്വസിക്കരുതെന്നും അവ പൂർണ്ണമായും തള്ളിക്കളയണം’ -ഫേസ്ബുക് കുറിപ്പിൽ ആവശ്യ​​പ്പെട്ടു.

കഴിഞ്ഞ ദിവസം ചേർന്ന ബി.ജെ.പി കോർകമ്മിറ്റി യോഗത്തിൽ ശോഭ സുരേന്ദ്രനെതിരെ കടുത്ത വിമർശനം ഉണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. ബി.ജെ.പി മുൻ ആലപ്പുഴ നോർത്ത് ജില്ല വൈസ് പ്രസിഡന്‍റ് ബിന്ദു വിനയകുമാറിനെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്. ശോഭ തന്നെ ഭീഷണിപ്പെടുത്തിയത് അന്വേഷിക്കാൻ എന്തുകൊണ്ട് സംസ്ഥാന നേതൃത്വം തയാറാകുന്നില്ലെന്ന് ബിന്ദു വിനയകുമാർ ചോദിച്ചിരുന്നു. പാലക്കാട്ട് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദുവാണെന്ന് ആരോപിച്ചാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ‘‘നിന്നെ ഞാൻ കാണിച്ചുതരാം, അടിച്ച് നിന്‍റെ ചെപ്പക്കുറ്റി പൊട്ടിക്കും. പണിക്കുറവ് തീർത്തുതരാം’’ തുടങ്ങിയ കേട്ടാൽ അറക്കുന്ന വാക്കുകൾ ഉപയോഗിച്ചായിരുന്നു ഭീഷണി.

തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ശോഭക്കെതിരെ ബിന്ദു പൊലീസിൽ പരാതി നൽകിയിരുന്നു. വാട്ട്സ്ആപ് കോൾ റെക്കോഡ് സഹിതമാണ് പരാതി നൽകിയത്. പിന്നാലെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് ബിന്ദുവിനെ ബി.ജെ.പി സസ്പെൻഡ് ചെയ്തിരുന്നു. ശോഭ ഫോൺ വിളി ഒഴിവാക്കാമായിരുന്നുവെന്നും പരാതിയുണ്ടെങ്കിൽ നേതൃത്വത്തെ അറിയിക്കാമായിരുന്നുവെന്നുമാണ് കോർകമ്മറ്റി വിലയിരുത്തിയതത്രെ.

അതിനി​​ടെ, ശോഭയുടെ രാഷ്ട്രീയ നീക്കങ്ങളിലും ബന്ധങ്ങളിലും ദുരൂഹതയുണ്ടെന്നും ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബിന്ദു ആവശ്യപ്പെട്ടിരുന്നു. ‘ശോഭയുടെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജസ്റ്റിന് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കണം. കൃത്യമായ അന്വേഷണം നടന്നാൽ പല രഹസ്യങ്ങളും പുറത്തുവരും. ശോഭയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ ഇടപാടുകളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ ഈ അന്വേഷണം അനിവാര്യമാണ്’ -അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bjp sobha surendran
Next Story