‘ബി.ജെ.പിയുടെ കാശ് കൊണ്ട് കാർ വാങ്ങിയാൽ ഇടിച്ചു പോകും, തമ്പുരാൻ വിടുകേല, ഞാനാ പ്രാകുന്നത്’ -ബി.ജെ.പി തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചതായി പി.സി. ജോർജ്; ‘ഇത്ര വൃത്തികെട്ടവൻമാരാണ് ഈ പാർട്ടിയിൽ’
text_fieldsകോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ നിയമം ലഘിച്ച് കോടികൾ ചെലവഴിച്ചെന്ന ഗുരുതര വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ്. പൂഞ്ഞാർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടിൽ വലിയ തട്ടിപ്പ് നടന്നു എന്നും അദ്ദേഹം പാർട്ടി യോഗത്തിൽ തുറന്നടിച്ചു. ജൂലൈ 18ന് എരുമേലിയിൽ ബിജെപി കേഡർമാരും നേതാക്കളും പങ്കെടുത്ത ‘ദീൻദയാൽ’ ക്യാമ്പിലെ പ്രസംഗമാണ് ഇപ്പോൾ പുറത്തുവന്നത്.
ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ നിശ്ചയിച്ച തുക പോലും നൽകിയില്ല എന്നും ബിജെപി മധ്യമേഖലാ ജനറൽ സെക്രട്ടറി സജി കൂര്യക്കാടാണ് ഫണ്ട് കൈകാര്യം ചെയ്തത് എന്നും പിസി ജോർജ് ആരോപിച്ചു. പ്രചാരണത്തിനായി 4.45 കോടി രൂപ ചെലവായി എന്ന കണക്കാണ് തനിക്ക് തന്നതെന്നും എന്നാൽ ലിസ്റ്റിൽ പേരുള്ള പലരെയും വിളിച്ചു ചോദിച്ചപ്പോൾ അവർ പണം വാങ്ങിയിട്ടില്ല എന്ന് വ്യക്തമായതായും ജോർജ് പറഞ്ഞു. പരമാവധി 40 ലക്ഷം രൂപ മാത്രമേ ചെലവഴിക്കാവൂ എന്ന് ചട്ടമുള്ളപ്പോഴാണ് ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലത്തിൽ നാലര കോടി രൂപ ചിലവഴിച്ചുവെന്ന് പാർട്ടി ദേശീയ നേതാവിന്റെ വെളിപ്പെടുത്തൽ.
ഓരോ ഇടങ്ങളിലും ചുമതലയുള്ള നേതാക്കൾ മുഴുവൻ പണവും അടിച്ചു മാറ്റി എന്നാണ് ആരോപണം. പൂഞ്ഞാർ മണ്ഡലത്തിന്റെ ചുമതല മധ്യമേഖലാ സെക്രട്ടറി ആയിരുന്ന സജി കുര്യക്കാടിനായിരുന്നു. ഇയാളുടെ കൈയ്യിലാണ് നാലരകോടി രൂപ പാർട്ടി ഫണ്ട് എത്തിയത്. ആ ഫണ്ട് വേണ്ട രീതിയിൽ ചിലവഴിച്ചില്ല എന്നതാണ് പിസി ജോർജിന്റെ വിമർശനം.
‘ഈ തെരഞ്ഞെടുപ്പിൽ നാലര കോടി രൂപ ചെലവഴിച്ചിട്ടുണ്ട് പാർട്ടി. നിങ്ങൾ ആരൊക്കെ വീതം പറ്റിയിട്ടുണ്ടെന്ന് എനിക്കറിയില്ല. നിങ്ങൾ സ്വയം തന്നെ ചിന്തിച്ചു നോക്കുക. ഞാൻ ആ രൂപായിൽ തൊട്ടിട്ടില്ലെന്ന് മാത്രമല്ല അത് മുഴുവൻ നമ്മുടെ സജി കുര്യക്കാട്ടിനെ ഏപ്പിക്കുകയാണ് ചെയ്തത്. സാമ്പത്തിക കാര്യത്തിൽ ഞാൻ ഇടപെടാറില്ല. ഇലക്ഷൻ കഴിഞ്ഞ് സജീ, ആ കണക്ക് ഒന്ന് തരാവോ എന്ന് ചോദിച്ചു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കണക്ക് എനിക്ക് കൊണ്ടുതന്നു. 4.45 കോടി രൂപ ചെലവായെന്ന കണക്കാണ് തന്നത്. ഇത് ഞാൻ ആരെയും കാണിക്കാൻ പോയില്ല. അത് കാണിച്ചാൽ നമ്മുടെ പാർട്ടി പ്രവർത്തകർക്ക് കൂടി നാണക്കേടാണ്. അതിലുള്ള പലരെയും ഞാൻ വിളിച്ചു ചോദിച്ചപ്പോൾ അവർ അറിഞ്ഞിട്ടില്ല. പക്ഷേ, നിങ്ങളുടെ മനസ്സിൽ തോന്നണം, ആ പണത്തിൽ നിന്ന് നിങ്ങൾ ആരെങ്കിലും എടുത്തോ? പാർട്ടിക്ക് വേണ്ടി വല്ലതും ചെയ്തോ എന്ന്.
ഒരു ബൂത്തിൽ 31000 രൂപ വച്ച് കൊടുക്കാൻ ശക്തമായി നിർദ്ദേശം കൊടുത്തിരുന്നു. എത്ര ബൂത്തിൽ അത് കൊടുത്തു? നമ്മൾ ചിന്തിക്കാൻ വേണ്ടി പറയുകയാണ്. എല്ലാ ബൂത്തിലും 31,000 രൂപ കൊടുക്കണം എന്ന് സ്ട്രിക്ട് ആയി തീരുമാനം എടുത്ത് പണം കൊടുത്തതാണ്. ആ പണം എവിടെ പോയി? ഞാൻ തിടനാട് പഞ്ചായത്തിൽ ഒറ്റയ്ക്ക് നിന്നപ്പോൾ 3000 വോട്ടിന് ലീഡ് ചെയ്ത പഞ്ചായത്താണ്. ആ പഞ്ചായത്തിൽ ഞാൻ രണ്ടാം സ്ഥാനത്തായി. ഞാൻ അന്തിച്ചു പോയി. വോട്ടിങ് ലിസ്റ്റ് എടുത്തു നോക്കിയപ്പോൾ നാണക്കേടായി. ഒരു ബൂത്തിൽ 50ൽ തഴെയാ വോട്ട്. അവിടെ മുഴുവൻ വോട്ടും നമ്മൾക്ക് കിട്ടേണ്ടതാണ്. എന്ത് സംഭവിച്ചു?
അവിടുത്തെ ബൂത്ത് പ്രസിഡന്റിനെ വിളിച്ചുവരുത്തി ഞാൻ. 31000 രൂപ നീ എന്ത് ചെയ്തു എന്നു ചോദിച്ചു. എന്റെ കൈയിൽ തന്നിട്ടില്ല എന്ന് അവൻ പറഞ്ഞു. അത് കൊടുക്കാൻ ഏൽപിച്ചവനെ ഞാൻ വിളിച്ചു വരുത്തി ചോദിച്ചു. കൊടുക്കാൻ മറന്നുപോയി എന്നായിരുന്നു മറുപടി. എന്റെ വായിൽ വന്ന ചീത്തയെല്ലാം ഞാൻ വിളിച്ചു. അവനോട് മാത്രം ഞാൻ കാശ് തിരിച്ചു വാങ്ങി. അത് ഞാൻ വീട്ടിൽ ബൈബിളിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇങ്ങനെയണോ പാർട്ടി വേണ്ടത്? അത്ര വൃത്തി കെട്ടവന്മാരാണ് നമ്മുടെ പാർട്ടിയിലുള്ളത്. ഇതൊക്കെ ശരിയാണോ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാവണം. എല്ലാവരും കാർ മേടിക്കുകയാണ്. ബിജെപിയുടെ കാശ് കൊണ്ട് കാർ മേടിച്ചാൽ കാർ ഇടിച്ചു പോകും. പ്രാക്കാണ്. ദൈവം തമ്പുരാൻ വിടുകേല. പ്രാകുന്നത് ഞാനാണ്’-പി.സി. ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

