ശബരിമല സ്വർണക്കൊള്ളയിൽ ബി.ജെ.പിക്ക് മിണ്ടാട്ടമില്ല; സി.പി.എം ഡീലിന്റെ ഭാഗം -കെ.സി വേണുഗോപാൽ
text_fieldsകെ.സി വേണുഗോപാൽ
തിരുവനന്തപുരം: ശബരിമല സ്വർണകേസിൽ ബി.ജെ.പിയുടെ മൗനം ദുരൂഹമാണെന്ന് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
ഭക്തരെ വേദനിപ്പിച്ച ശബരിമലയിലെ സ്വർണകൊള്ള കേസിൽ പ്രതികരിക്കാൻ ബി.ജെ.പിയെ മഷിയിട്ട് നോക്കിയിട്ട് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസങ്ങളും ദൈവങ്ങളുമെല്ലാം വോട്ട് കിട്ടാനും ജനങ്ങളെ തമ്മിലടിപ്പിക്കാനുമുള്ള ഉപകരണങ്ങൾ മാത്രമായാണ് ബി.ജെ.പി കാണുന്നത്. വിശ്വാസികളെ വേദനിപ്പിച്ച പ്രശ്നം വന്നപ്പോൾ അവരെ കാണാനില്ല. പേരിനു മാത്രം ഒരു സമരം ചെയ്ത് മടങ്ങി.
ഒരു ബിജെപി ദേശീയ നേതാവുപോലും ശബരിമല വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നത് ദുരൂഹമാണ്. ഇത് സി.പി.എം-ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്ന് കേരളത്തിനറിയാം -കെ.പി.സി.സി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.സി വേണു ഗോപാൽ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സ്വര്‍ണ്ണമല്ല വിശ്വാസത്തെയാണ് കട്ടുമുടിച്ചത്. സ്വര്‍ണക്കൊള്ള പുറത്തുകൊണ്ടുവന്ന ഹൈക്കോടതിക്ക് ബിഗ് സല്യൂട്ട് നല്‍കുന്നു. അയ്യപ്പന്റെ സ്വത്ത് വിറ്റ് വിശ്വാസികളുടെ മനസ്സിന് മുറിവേല്‍പ്പിച്ചു. പാര്‍ട്ടി പിടിച്ചെടുക്കുന്നത് പോലെ സി.പി.എം അമ്പലം പിടിച്ചെടുക്കുന്നു. കെ ജയകുമാറിനെ പ്രസിഡന്റാക്കിയാല്‍ കട്ടത് ഇല്ലാതാകുമോ. വാസുവിന്റെ ഗോഡ്ഫാദറെ വെളിച്ചത്ത് കൊണ്ടുവരണം -കെ.സി വേണുഗോപാല്‍ പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വഖഫ് വിഷത്തിലും ക്രൈസ്തവ ദേവാലയങ്ങളെ ആക്രമിച്ചപ്പോഴും, ഇപ്പോൾ ശബരിമലയിലെ കൊള്ളയിലും കോൺഗ്രസ് വിശ്വാസികൾക്കൊപ്പമുള്ള നിലപാടാണ് സ്വീകരിക്കുന്നത്. കോൺഗ്രസിനും യു.ഡി.എഫിനും വിശ്വാസം ജനങ്ങളെ ഒന്നിപ്പിക്കാനും നാടിന്റെ ഐക്യം ഉറപ്പിക്കാനുമുള്ള സന്ദേശമാണ്. അത് എക്കാലത്തും തുടരും.
എസ്.ഐ.ടിയുടെ കൈകൾ പിടിച്ചുകെട്ടൻ ഉത്തരവാദപ്പെട്ടവർ ശ്രമിക്കും. എന്നാൽ, യഥാർത്ഥ പ്രതികളെ പടികൂടുന്നത് വരെ കോൺഗ്രസ് ജാഗ്രതയോടെയുണ്ടാകും -അദ്ദേഹം പറഞ്ഞു.
ഡല്‍ഹി സ്‌ഫോടനത്തിൽ സുരക്ഷാ വീഴ്ചയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

