മുഗുവാണ് താരം
text_fields35 വർഷമായി ബി.ജെ.പി ഭരിക്കുന്നു. സ്വാഭാവികമായും 36ാം വർഷത്തിലേക്ക് കടന്ന ബാങ്ക്. മോശമെന്ന് തോന്നാം, എന്നാലും 36 കോടിയുടെ വെട്ടിപ്പിലെത്തിക്കാൻ അവർക്ക് കഴിഞ്ഞു. 2019ൽ വെറും അഞ്ച് കോടിയിൽ തുടങ്ങിയാണ് ചുരുങ്ങിയ കാലം കൊണ്ട് 36 കോടിയിലെത്തിച്ചതെന്ന റെക്കോഡ് എന്തായാലും മോശമല്ല. ഇതിങ്ങനെ പോയാൽ നാട്ടുകാർക്ക് പണികിട്ടും എന്ന സ്ഥിതിയിലെത്തിയപ്പോഴാണ് വിജിലൻസിന്റെ അവതാരം. അവരാണ് 36 കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയത്.
അതും കണക്കുകളിൽ മാത്രം. കർണാടകക്കാരുടെ നിക്ഷേപം കുമിഞ്ഞുകൂടിയ കാസർകോട് പുത്തിഗെ മുഗു സർവിസ് സഹകരണ ബാങ്കിന്റെ ആത്മകഥയിലെ ചെറിയ അധ്യായം മാത്രമാണിത്. ഇത്രയുമൊക്കെ കാശ് ഇവിടെ സൂക്ഷിക്കുന്നത് എന്തിനെന്ന ഭരണസമിതിക്കാരുടെ നിഷ്കളങ്ക ശങ്കയിൽനിന്നാണ്, അടിച്ചുമാറ്റലാണ് പണത്തിന്റെ അളവ് കുറക്കാൻ നല്ലതെന്ന കൂട്ടായ തീരുമാനത്തിലേക്ക് അവരെ എത്തിച്ചത്. ബാങ്ക് ഭരണം നിലനിർത്താൻ അംഗത്വത്തിൽ ക്രമക്കേട് നടത്തിയത് പുറത്തുവന്നതാണ് കോടികളുടെ മഞ്ഞുമല ഇടിഞ്ഞുവീണ അന്വേഷണത്തിലേക്കും ബാങ്കിനെ നയിച്ചത്.
ചോദിച്ചവർക്കെല്ലാം വായ്പ ഉടൻ കൊടുക്കുന്ന കൃത്യത ബാങ്ക് എന്നും പാലിച്ചു. എന്നാൽ, കാശെടുത്തവർ പോയതിനുപിന്നാലെ അവരുടെ പേരിൽ ബാങ്ക് ഭരണസമിതിയിലെ ആരെങ്കിലും ഒരു രസത്തിന് വീണ്ടും വായ്പയെടുക്കും. ഇങ്ങനെ വായ്പക്കുമേൽ വായ്പ കുമിഞ്ഞുകൂടി. 70ലധികം അംഗങ്ങളുടെ പേരിൽ ഒന്നിലധികം വ്യാജ വായ്പകൾ പിന്നീട് കണ്ടെത്തി.
2006ൽ മുഗു സ്വദേശി വീടിന്റെ ആധാരം പണയം വെച്ച് വെറും ഒന്നര ലക്ഷം രൂപയാണ് വായ്പയെടുത്തത്. 2014ൽ അപേക്ഷകൻ മരിച്ചു. വായ്പയുടെ കാര്യം തിരക്കി മക്കളെത്തിയപ്പോൾ തിരിച്ചടക്കാൻ പറഞ്ഞത് 24 ലക്ഷം രൂപ. 8,90,000 രൂപ വായ്പയെടുത്തയാളുടെ പരാതിയിൽ രേഖകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 22 ലക്ഷത്തിന്റെ ബാധ്യത. ഒരു ബാങ്ക് സെക്രട്ടറി ഇടപാടുകാരുടെ വായ്പയിൽ കൃത്രിമം നടത്തി നാലരക്കോടിയാണ് പോക്കറ്റിലാക്കിയത്.
മറ്റൊരു സെക്രട്ടറി ഒന്നരക്കോടിയും ഒരു പ്രസിഡന്റ് ഒരുകോടിയും. ആൾജാമ്യ വ്യവസ്ഥയിൽ ഹ്രസ്വകാല- മധ്യകാല വായ്പകൾ അനുവദിച്ചതിലെ വെട്ടിപ്പ് തിട്ടപ്പെടുത്താനാവാതെ വിജിലൻസ് ഇട്ടെറിഞ്ഞ് പോവുകയായിരുന്നു. ഇപ്പോൾ സെക്രട്ടറിമാർ, പ്രസിഡന്റ്, ജീവനക്കാർ എന്നിങ്ങനെ 14 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കാശോ... നീയാരാടാ ചോദിക്കാൻ
കോൺഗ്രസ് നേതൃത്വം നൽകുന്ന മലയോരത്തെ ജില്ല റബർ മാർക്കറ്റിങ് സൊസൈറ്റിയിൽ തലവെച്ച് കുടുങ്ങിയത് ഇരുന്നൂറോളം പേരാണ്. ലാഭവിഹിതം പോയിട്ട് മുതൽപോലും കിട്ടാനില്ല.പണം ചോദിച്ചാൽ 'നീയാരാടാ ചോദിക്കാൻ...' എന്നാണ് ബാങ്കുകാരുടെ ഭീഷണിയെന്ന് നിക്ഷേപകർക്ക് വാർത്തസമ്മേളനം നടത്തി പറയേണ്ടിവന്നു. 12 കോടി രൂപയാണ് കട്ടപ്പൊകയായത്.
കണ്ണൂരിൽ പരാതി ഉയരില്ല; പാർട്ടി കൈകാര്യം ചെയ്യും
സംസ്ഥാനത്ത് എണ്ണത്തിൽ കൂടുതൽ സഹകരണ സ്ഥാപനങ്ങൾ കണ്ണൂരിലാണെങ്കിലും തട്ടിപ്പും വെട്ടിപ്പും പൊതുവിൽ കുറവാണ്. നടക്കുന്നതൊന്നും പുറംലോകം അറിയുകയുമില്ല. നിക്ഷേപകർക്ക് പണം നഷ്ടപ്പെടാതെ നോക്കി, പരാതി ഉയരാനുള്ള സാഹചര്യം ഒഴിവാക്കി പ്രശ്നം കൈകാര്യം ചെയ്യുന്നതാണ് പാർട്ടിയുടെ ശൈലി. തൃശൂർ കരുവന്നൂരിലേതുപോലെ നേരിട്ടുള്ള കൊള്ളയുമില്ല.
എന്നാൽ, പരോക്ഷമായ പണമൊഴുക്ക് വ്യാപകമാണ്. പാർട്ടി കൈയാളുന്ന സഹകരണ ബാങ്കുകൾ പാർട്ടിയുടെ സാമ്പത്തിക സ്രോതസ്സാണ്. പാർട്ടി പത്രത്തിനുള്ള പരസ്യം, പാർട്ടി അനുബന്ധ പരിപാടികളുടെ സ്പോൺസർഷിപ് തുടങ്ങിയവക്കുള്ള ഖജനാവാണിത്. സ്വന്തം ആൾക്കാരുടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സഹകരണ സ്ഥാപനങ്ങളാണ്.
ചിട്ടിയിൽ പെട്ടു
ചിട്ടി വട്ടമെത്തിയിട്ടും കൊടുക്കാൻ പണമില്ല. പേരാവൂർ സഹകരണ ഹൗസ് ബില്‍ഡിങ് സൊസൈറ്റിയാണ് പാർട്ടിയുടെ കെയറോഫിൽ തുടങ്ങിയ ചിട്ടിപ്പണം കൊടുക്കാതെ ചിറ്റാളന്മാരെ വെള്ളംകുടിപ്പിച്ചത്. 2017ൽ തുടങ്ങി 2021 ആഗസ്റ്റ് 15ന് അവസാനിച്ച ഒരു ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്ന 350ലധികം പേർക്കാണ് പണം തിരിച്ചുകിട്ടാത്തത്.
നിക്ഷേപകർ പാർട്ടിക്കെതിരെ പ്രത്യക്ഷ സമരത്തിലാണിപ്പോൾ. നിക്ഷേപകരുടെ പണം മടക്കിനൽകാൻ കഴിയാത്തവിധം തകർന്ന 11 സ്ഥാപനങ്ങളാണ് കണ്ണൂരിലുള്ളത്. 17.19 കോടി രൂപയാണ് മൊത്തം ബാധ്യത. ഇതിൽ എട്ട് സ്ഥാപനങ്ങൾ കോൺഗ്രസിന്‍റെ നിയന്ത്രണത്തിലുള്ളതും മൂന്നെണ്ണം സി.പി.എമ്മിന്‍റേതുമാണ്.
വഴിമുടങ്ങി ഹലാൽ ഫായിദ
2018ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പലിശരഹിത നിക്ഷേപ സംരംഭമായ ഹലാൽ ഫായിദ തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്. നിക്ഷേപകർക്ക് നിരാശ മാത്രമാണ് ഫലം. പ്രഖ്യാപിച്ചതൊന്നും നടപ്പായില്ല. മുൻ ധനമന്ത്രി തോമസ് ഐസക്കിന്‍റെ പിന്തുണയിൽ തുടക്കംകുറിച്ച പദ്ധതിക്ക് പാർട്ടിയിൽ നിന്ന് വലിയ പിന്തുണയും ലഭിച്ചില്ല.
സി.പി.എം ഇസ്‍ലാമിക് ബാങ്ക് തുടങ്ങുന്നുവെന്ന വിമർശനം സംഘ്പരിവാർ ഉയർത്തി. പലിശരഹിത സംരംഭം പ്രോത്സാഹിപ്പിച്ചാൽ മറ്റ് സഹകരണ സ്ഥാപനങ്ങൾക്ക് ഭീഷണിയായേക്കുമെന്ന വിമർശനവും പാർട്ടിയിൽനിന്നുയർന്നു. ഇതോടെയാണ് ഹലാൽ ഫായിദയുടെ മുന്നോട്ടുള്ള വഴി മുടങ്ങിയത്.
കൈതച്ചക്കയും രക്ഷപ്പെട്ടില്ല
കൈതച്ചക്ക കർഷകരെ ശതകോടീശ്വരന്മാരാക്കുമെന്ന വലിയ വാഗ്ദാനവുമായി കോൺഗ്രസ് തുടങ്ങിയതാണ് അഗ്രീൻകോ. കയറ്റുമതി ഉൾപ്പെടെ വലിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്. കർഷകരിൽനിന്ന് നിക്ഷേപമായി കോടികൾ സമാഹരിച്ചു. ബാങ്കുകളിൽനിന്ന് വൻതുക വായ്പയെടുത്തു.
സ്ക്വാഷ്, ജാം തുടങ്ങിയവ നിർമിക്കാനായി പെരുമണ്ണിൽ സ്ഥലമെടുത്ത് കെട്ടിടം കെട്ടി. യന്ത്രങ്ങൾ ഇറക്കുമതി ചെയ്തു. ഒടുവിൽ ചീഞ്ഞ കൈതച്ചക്ക പോലെയായി. ഒന്നും നടന്നില്ല. യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിച്ചു. കെട്ടിടവും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു. മോഹനവാഗ്ദാനങ്ങൾ വിശ്വസിച്ച് പണം നൽകിയ പാവം കർഷകർ വഴിയാധാരമായി.
കട്ടത് ആറുകോടിയിലേറെ; പുൽപള്ളിയിൽ സമരം
വയനാട്ടിലെ പുൽപള്ളി സർവിസ് സഹകരണ ബാങ്കിൽ ആറുകോടിയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയത്. 2015-16 വർഷത്തിലായിരുന്നു ഇത്. തട്ടിപ്പിനിരയായവർക്ക് വസ്തുവകകളുടെ പട്ടയം പോലും തിരികെ ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒന്നരവർഷമായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിനുകീഴിലാണ് ബാങ്ക്. നിക്ഷേപകർ വായ്പക്കായി നൽകുന്ന രേഖകൾ ഉപയോഗപ്പെടുത്തി അതിന്മേൽ വീണ്ടും വായ്പയെടുത്താണ് തട്ടിപ്പ് നടന്നത്.
സജീവൻ കൊല്ലപ്പള്ളി എന്ന അംഗത്തിന്‍റെ സഹായത്തോടെ ബാങ്കിലെ അംഗങ്ങൾക്കെന്ന വ്യാജേന വായ്പകൾ അനുവദിച്ച് കോടിക്കണക്കിന് രൂപ വെട്ടിക്കുകയായിരുന്നു. ആറുലക്ഷം രൂപ മാത്രം വിപണി മൂല്യമുള്ള സ്ഥലത്തിന് ഭരണസമിതി അംഗം 65 ലക്ഷം വില നിശ്ചയിച്ച് 25 ലക്ഷം വായ്പ നൽകിയതായി പരിശോധനയിൽ തെളിഞ്ഞു. ബാങ്ക് സെക്രട്ടറിയായിരുന്ന കെ.ടി. രമാദേവി, വായ്പ വിഭാഗം മേധാവിയും ഇന്‍റേണൽ ഓഡിറ്ററുമായിരുന്ന പി.യു. തോമസ് എന്നിവർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തി.
പുൽപ്പള്ളി ബാങ്കിനുമുന്നിലെ സമരം
കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം ആയിരുന്നു അന്നത്തെ ബാങ്ക് പ്രസിഡന്‍റ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 8.68 കോടി രൂപ സർചാർജായി ബാങ്ക് തിരിച്ചടക്കണം. തട്ടിപ്പ് നടത്തിയവരെ സർക്കാർ സംരക്ഷിക്കുകയാണെന്നാരോപിച്ച് ജനകീയ സംരക്ഷണ സമിതി ബാങ്കിനുമുന്നിൽ പന്തൽകെട്ടി സമരരംഗത്തുണ്ട്. നാൽപതോളം വായ്പകളിലായി 10 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സമരസമിതി പറയുന്നത്. കഴിഞ്ഞ ജൂണിൽ ബാങ്കിനുമുന്നിൽ ആരംഭിച്ച കുടിൽകെട്ടി സമരം ഇപ്പോൾ 52 ദിവസത്തിലധികം പിന്നിട്ടു.
ബാങ്ക് ചത്തു; ഇനി കിട്ടുമോ പണം
1997ലാണ് മൂപ്പൈനാട് സർവിസ് സഹകരണ ബാങ്ക് തകരുന്നത്. മൂന്നരക്കോടിയിലധികം രൂപയുടെ വെട്ടിപ്പാണ് നടന്നത്. നിക്ഷേപകർക്ക് പണം തിരിച്ചുകൊടുക്കാൻ കഴിയാത്ത ബാങ്കുകളുടെ സർക്കാർ പട്ടികയിൽ മൂപ്പൈനാടുണ്ട്. പക്ഷേ, ബാങ്ക് പ്രവർത്തിക്കുന്നില്ല. ഇനി എവിടന്ന് പണം കിട്ടുമെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.
വിശ്വാസം അതല്ലേ എല്ലാം, ആര് പറഞ്ഞു ?
അവിടന്നുമിവിടന്നും തട്ടിപ്പ് വാർത്തകൾ പുറത്തു വരാൻ തുടങ്ങിയപ്പോൾ യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ വളപട്ടണം ബാങ്കിന്റെ മന്ന ശാഖക്കും ഇരിക്കപ്പൊറുതിയുണ്ടായില്ല. തങ്ങളെക്കൊണ്ട് ആവുന്ന പണിയൊപ്പിക്കാൻ അവരും തീരുമാനിച്ചു. അങ്ങനെയാണ് വിശ്വാസം അതല്ലേ എല്ലാം എന്ന ധാരണ അവർ പൊളിച്ചടുക്കിയത്. പണം കിട്ടാൻ നിവൃത്തികേടിന് ബാങ്കിൽ വെക്കുന്ന സ്വർണം അവിടെത്തന്നെ ഭദ്രമായിരിക്കുമെന്ന ധാരണ ക്ലീനായി അവർ തിരുത്തി.
ഇവിടെ കിട്ടുന്ന സ്വർണമെടുത്ത് അപ്പുറത്തെ ബാങ്കിൽ പണയപ്പെടുത്തി. അങ്ങനെ എടുത്തെടുത്ത് 6.92 കോടിയിലെത്തിയപ്പോൾ മാത്രമേ തട്ടിപ്പുകാർ കെണിയിൽപെട്ടത്. ശാഖാ മാനേജറാണ് ഈ കലാപരിപാടി ആദ്യം കണ്ടുപിടിച്ചത്. 2011 ഡിസംബറിനും 2013 ജനുവരിക്കും ഇടയിലായിരുന്നു തട്ടിപ്പിന്റെ 'സ്വർണകാലം'. അന്വേഷണം നടന്നതിനൊടുവിൽ ബാങ്ക് മാനേജർ ജസീൽ, അടുത്ത ബന്ധുക്കൾ, ബാങ്ക് ജീവനക്കാർ, അന്നത്തെ ഭരണസമിതി അംഗങ്ങൾ എന്നിവരടക്കം 26 പ്രതികളുണ്ടായി.
22 പേരെ അറസ്റ്റ് ചെയ്തു. സ്വർണം മതിയാകാതെ, വില തീരേ കുറഞ്ഞ ചതുപ്പുനിലങ്ങളുടെയും വ്യാജരേഖകളുടെയും പേരിൽ ഭീമമായ വായ്പ അനുവദിച്ചും ഇവർ പണം തട്ടിയതായി കണ്ടെത്തിയിരുന്നു. യു.ഡി.എഫ് തന്നെ ഭരിക്കുന്നതാണ് പൂളക്കുറ്റി സർവിസ് സഹകരണ ബാങ്ക്. തട്ടിപ്പിൽ തോൽക്കാൻ അവരും തയാറായില്ല. 400ഓളം നിക്ഷേപകരുടെ രണ്ടരക്കോടി രൂപയാണ് 2017ൽ അടിച്ചുമാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

