കൊച്ചി മെട്രോ സ്റ്റേഷനില്‍ മലബാർ സമരത്തിന്റെ ചിത്രം; പ്രതിഷേധിച്ച ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു
text_fieldsവടക്കേക്കോട്ട മെട്രോ സ്റ്റേഷനിലെ മലബാര്‍ സമരത്തെ സൂചിപ്പിക്കുന്ന ചിത്രം
തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ വടക്കേക്കോട്ട സ്റ്റേഷനില്‍ മലബാർ സമരത്തിന്റെ ചിത്രം സ്ഥാപിച്ചതിനെതിരേ ബി.ജെ.പി പ്രതിഷേധം. മെട്രോയ്ക്കകത്ത് പ്രതിഷേധിച്ച യുവമോര്‍ച്ച, ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് നവീന്‍ ശിവന്, മണ്ഡലം കമ്മറ്റി അംഗം എസ്.അരുണ്‍, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്. ഉണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉദ്ഘാടനം ചെയത മെട്രോ റെയിലിന്റെ വടക്കേകോട്ട ജങ്ഷനിലെ സ്റ്റേഷനിലാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, സീതി കോയ തങ്ങള്‍, ആലി മുസ്ലിയാര് എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി മലബാര്‍ സമരത്തെക്കുറിച്ച് ചെറിയ കുറിപ്പും നൽകിയിരിക്കുന്നത്. സമീപത്ത് മലബാര്‍ സമരത്തെ സൂചിപ്പിക്കുന്ന ചിത്രവും വരച്ചിട്ടുണ്ട്. ഇതാണ് ബി.ജെ.പി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
ഈ ചിത്രം മറയ്ക്കുന്നതിനായി രണ്ടു പേര് സ്റ്റേഷനിലേക്ക് ഓടിക്കയറുകയും ചിത്രങ്ങള്‍ക്കു മുകളില്‍ മറ്റൊരു പടം പതിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് സ്റ്റേഷനകത്തുണ്ടായിരുന്ന പൊലീസുകാര്‍ തടഞ്ഞു. പിന്നീടാണ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്.

