‘നൂറുല്‍ ഹുദ’ എന്ന പേരിൽ മലപ്പുറത്ത് ബി.ജെ.പിയുടെ പഠനശിബിരം
text_fieldsമലപ്പുറം: ബി.ജെ.പി മലപ്പുറത്ത് ‘നൂറുല്‍ ഹുദ’ എന്ന പേരില്‍ ന്യൂനപക്ഷ പഠനശിബിരം നടത്തുന്നു. ന്യൂനപക്ഷ മോര്‍ച്ച ജില്ല കമ്മിറ്റിയുടെ ബാനറിലാണ് പരിപാടി. നവംബര്‍ 23, 24 തീയതികളില്‍ പെരിന്തല്‍മണ്ണയിലാണ് പൊതുസമ്മേളനവും പഠനശിബിരവും നടക്കുകയെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ. രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുകയാണെന്ന പ്രചാരണങ്ങള്‍ അസത്യമാണെന്ന് തുറന്നു കാട്ടുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇത്തരം പ്രചാരണങ്ങള്‍ എങ്ങനെ നേരിടാമെന്നതിനാണ് പരിശീലനം നല്‍കുക. സന്മാര്‍ഗത്തിന്‍െറ വെളിച്ചം എന്ന അര്‍ഥത്തിലുള്ള ‘നൂറുല്‍ ഹുദ’ എന്ന് പരിപാടിക്ക് പേരിട്ടത് തങ്ങള്‍ അറബി ഭാഷക്ക് എതിരാണെന്ന പ്രചാരണം പൊളിക്കാനാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
24ന് വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അബ്ദുല്‍ റഷീദ് അന്‍സാരി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍ മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് എട്ടിന് ബി.ജെ.പിയും മതന്യൂനപക്ഷങ്ങളും എന്ന വിഷയത്തില്‍ അഡ്വ. ജോര്‍ജ് കുര്യന്‍ സംസാരിക്കും.
24ന് രാവിലെ 10ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പഠനശിബിരത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ വിഷയങ്ങളില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എ.കെ. നസീര്‍, ആര്‍.എസ്.എസ് സംഭാഗ് കാര്യവാഹ് കെ. ദാമോദരന്‍ എന്നിവര്‍ ക്ളാസെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി പി.ആര്‍. രശ്മില്‍നാഥ്, ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡന്‍റ് അഡ്വ. സി. അഷ്റഫ്, പി.പി. മുഹമ്മദ്, രഞ്ജിത്ത്, എബ്രഹാം തോമസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
