ഓംബുഡ്സ്മാൻ നിയമനത്തിൽ എതിർപ്പുമായി ബി.ജെ.പി
text_fieldsതിരുവനന്തപുരം: വിരമിച്ച ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിക്കാനുള്ള മന്ത്രിസഭ തീരുമാനത്തിൽ എതിർപ്പുമായി ബി.ജെ.പി. നിയമനത്തിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷും ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് ഹർജി നൽകി.
1999ലെ കേരള ലോകായുക്ത നിയമം സെക്ഷൻ 5(3) പ്രകാരം, മുൻ ലോകായുക്തയോ ഉപലോകായുക്തയോ സർക്കാറിന്റെ സെക്ഷൻ രണ്ടിലെ ക്ലോസ് (ഒ)യിലെ ഇനം ഏഴിൽ പരാമർശിക്കുന്ന ഏതെങ്കിലും അതോറിറ്റി, കമ്പനി, കോർപറേഷൻ, സൊസൈറ്റി, സർവകലാശാല എന്നിവയുടെ കീഴിൽ ശമ്പളത്തോടെയുള്ള നിയമനത്തിന് അർഹരല്ലെന്ന വ്യവസ്ഥ നിലനിൽക്കുന്നുവെന്ന് ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടി.
നിയമപരമായി സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് വേതനം ലഭിക്കുന്ന ഓംബുഡ്സ്മാൻ പദവി ഈ നിയമത്തിലെ വകുപ്പ് 5(3)ന്റെ പരിധിയിൽ വരുന്നതാണെന്നും ഇവർ വിശദീകരിച്ചു. സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകൾക്ക് വിധേയമായി പ്രസ്തുത മന്ത്രിസഭ തീരുമാനത്തിന് അംഗീകാരം നൽകരുതെന്നും ഇരുവരും ഗവർണറോട് ആവശ്യപ്പെട്ടു.
നേരത്തെ സേവ് യൂനിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ചെയര്മാന് ആര്.എസ് ശശികുമാറും തദ്ദേശ സ്ഥാപന ഓംബുഡ്സ്മാന് നിയമനത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ബാബു മാത്യു പി. ജോസഫിനെ തദ്ദേശ സ്ഥാപന ഓംബുഡ്സ്മാനായി നിയമിക്കാന്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

