ബി.ജെ.പി നോമിനിക്ക് രാജ്ഭവനിൽ ശമ്പളമുയർത്തി തസ്തിക മാറ്റി പുതിയ നിയമനം
text_fieldsതിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ, ബി.ജെ.പി നോമിനിയായി രാജ്ഭവനിൽ നിയമനം നേടിയയാൾക്ക് തസ്തിക മാറ്റി നിയമനം നൽകി സർക്കാർ ഉത്തരവ്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ, പേഴ്സനൽ അസിസ്റ്റന്‍റായി നിയമിച്ച ഹരി എസ്. കർത്തയെയാണ് രാജ്ഭവൻ അപേക്ഷ പ്രകാരം ശമ്പള വർധനയോടെ, ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി നിയമിച്ച് ഉത്തരവിറക്കിയത്.
മുൻഗവർണറുടെ കാലത്ത് പുതിയ തസ്തിക ഗവർണറുടെ കാലാവധി തീരുന്നതു വരെ സൃഷ്ടിച്ചാണ് ഹരി എസ്. കർത്തക്ക് നിയമനം നൽകിയത്. പുതിയ തസ്തിക സൃഷ്ടിക്കാനുള്ള രാജ്ഭവൻ അപേക്ഷയിൽ സർക്കാർ എതിർപ്പറിയിച്ചതോടെ, ഗവർണർ ഇടഞ്ഞിരുന്നു. സർക്കാർ സമർപ്പിച്ച നയപ്രഖ്യാപനത്തിന് അംഗീകാരം നൽകാതിരിക്കുകയും ഒടുവിൽ ഫയലിൽ എതിർപ്പ് എഴുതിയ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റുകയും ചെയ്തിരുന്നു.
ഗവർണർ പദവി ഒഴിയുന്നതോടെ, കാലാവധി തീരുന്ന രീതിയിൽ കോ ടെർമിനസായിട്ടായിരുന്നു പേഴ്സനൽ അസിസ്റ്റൻറായി ഹരി എസ്. കർത്തയെ നിയമിച്ചിരുന്നത്. പുതിയ ഗവർണറായി രാജേന്ദ്ര ആർലേക്കർ വന്നതിനു ശേഷം രാജ്ഭവൻ അപേക്ഷയിൽ ഇദ്ദേഹത്തെ ഇതെ തസ്തികയിൽ 50200-105300 ശമ്പള സ്കെയിലിൽ നിയമിച്ചിരുന്നു. ഇതിന് പിന്നാലെ, ജന്മഭൂമി സ്പെഷൽ കറസ്പോണ്ടന്‍റായിരുന്ന പി. ശ്രീകുമാറിനെ ഗവർണറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.
പിന്നാലെയാണ് നേരത്തെ ജന്മഭൂമി എഡിറ്റർ പദവി വഹിച്ചിരുന്ന ഹരി എസ്. കർത്തയെ നിയമിച്ച പേഴ്സനൽ അസിസ്റ്റന്‍റ് തസ്തിക ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയാക്കി മാറ്റാനും 55200-115300 എന്ന ശമ്പള സ്കെയിൽ നിശ്ചയിക്കാനും ഗവർണറുടെ അഡീഷനൽ ചീഫ് സെക്രട്ടറി സർക്കാറിന് കത്ത് നൽകിയത്. ഇത് അംഗീകരിച്ചാണ് ഉത്തരവിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

