കെ. സുരേന്ദ്രൻ തുടരണോ, മാറണോ? ബി.ജെ.പി ദേശീയ നേതൃത്വത്തിന് ആശയക്കുഴപ്പം
text_fieldsകെ. സുരേന്ദ്രൻ
കോട്ടയം: കെ. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ ബി.ജെ.പി ദേശീയ നേതൃത്വത്തിന് ആശയക്കുഴപ്പം. 2020ൽ സംസ്ഥാന അധ്യക്ഷരായ മിക്ക ആളുകളും മാറിയെങ്കിലും കെ. സുരേന്ദ്രൻ ഇപ്പോഴും ബി.ജെ.പി കേരളഘടകം പ്രസിഡന്റായി തുടരുകയാണ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രകടനം മികച്ചതാണെന്നും ആ സാഹചര്യത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ്വരെ സുരേന്ദ്രൻ തുടരട്ടെയെന്നുമുള്ള അഭിപ്രായം ദേശീയ നേതൃത്വത്തിൽ ഒരുവിഭാഗത്തിനുണ്ട്. എന്നാൽ, നേതൃമാറ്റം വേണമെന്ന ആവശ്യവുമായി സംസ്ഥാനത്ത് നിന്നുള്ള ഒരുവിഭാഗം നേതൃത്വത്തിനുമേൽ സമ്മർദം തുടരുകയുമാണ്.
ജനുവരിയിൽ കെ. സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുമെന്ന വിലയിരുത്തലായിരുന്നു ബി.ജെ.പി കേരള ഘടകത്തിലെ ഒരുവിഭാഗം നേതാക്കൾക്ക്. എന്നാൽ, സുരേന്ദ്രൻ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ബി.ജെ.പിയുടെ രീതിയെക്കുറിച്ചൊന്നും അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിനോടകം ജില്ല പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പും ഏറക്കുറെ പൂർത്തിയായി. 30 ജില്ലകളായി തിരിച്ചശേഷമുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. എന്നാൽ, കെ. സുരേന്ദ്രന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാലാണ് പുതിയ സംസ്ഥാന അധ്യക്ഷപ്രഖ്യാപനം വൈകുന്നത്. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ സുരേന്ദ്രന് മാറിയാല്‍ പല പേരുകളാണ് പാര്‍ട്ടി ദേശീയ നേതൃത്വം പരിഗണിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ പരീക്ഷണങ്ങള്‍ക്കും പാര്‍ട്ടി മുതിര്‍ന്നേക്കും.
കെ. സുരേന്ദ്രൻ തുടർന്നില്ലെങ്കിൽ എം.ടി. രമേശ്, രാജീവ് ചന്ദ്രശേഖർ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ദീര്‍ഘകാലമായി രമേശ് സംസ്ഥാന ഭാരവാഹിയായി തുടരുകയാണ്. രമേശിന്റെ സീനിയോറിറ്റി മറികടന്നാണ് 2020ല്‍ കെ. സുരേന്ദ്രനെ പാര്‍ട്ടി ദേശീയ നേതൃത്വം പ്രസിഡന്റാക്കിയത്. കേരളത്തിലെ ഗ്രൂപ് സമവാക്യങ്ങളുടെ നിലവിലെ സാഹചര്യത്തില്‍ രമേശിന് കാര്യമായ എതിര്പ്പുകളില്ലെന്നത് ഗുണമാണ്. ജനപ്രീതിയുള്ള നേതാവ് എന്നത് ശോഭ സുരേന്ദ്രനെയും പരിഗണിക്കാൻ കാരണമായുണ്ട്. എന്നാൽ, ഔദ്യോഗിക വിഭാഗത്തിന് ശോഭയോട് വലിയ താൽപര്യമില്ല.
മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് കേരളത്തിന്റെ ചുമതല ഏൽക്കാൻ വലിയ താൽപര്യമില്ലെന്നാണ് വിവരം. മാറ്റത്തിന്റെ മുഖം പരീക്ഷിക്കാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചാല്‍ പുതിയ പേരുകൾ വരാനും സാധ്യതയുണ്ട്. എന്നാൽ, സുരേന്ദ്രന്റെ കാര്യത്തിൽ വ്യക്തത വന്നാലേ മാറ്റംവരൂ.
കുമ്മനം രാജശേഖരൻ പ്രസിഡന്റായി വന്നതുപോലെ ആർ.എസ്.എസ് നേതാക്കളിൽ ആരെങ്കിലുമോ അതല്ലെങ്കിൽ മുൻ പ്രസിഡന്റ് എന്ന പരിചയ സമ്പന്നതയിൽ വി. മുരളീധരൻ ഒരിക്കൽകൂടിയോ പ്രസിഡന്റായേക്കാവുന്ന സാധ്യതയുമുണ്ട്. സംസ്ഥാനത്തുനിന്ന് കേന്ദ്രമന്ത്രിസഭയിലെത്തിയത് നായര്‍, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാൽ സംസ്ഥാന അധ്യക്ഷന്‍ ഈഴവ സമുദായത്തില്നിന്നാകാനാണ് സാധ്യത കൂടുതൽ. തദ്ദേശഭരണ, നിയമസഭ തെരഞ്ഞെടുപ്പ് കഴിയുംവരെ മാറ്റംവേണ്ടെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചാൽ കുപ്പായം തുന്നിയവരൊക്കെ നിരാശരാകുമെന്ന് സാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

