വ്യാജ രസീത് വിവാദം; സി.പി.എം–മാധ്യമഗൂഢാലോചനയെന്ന് ബി.ജെ.പി
text_fieldsവടകര: ബി.ജെ.പി ദേശീയ കൗൺസിൽ മീറ്റിങ്ങിെൻറ ഭാഗമായി നടന്ന ഫണ്ട് പിരിവിന് വ്യാജ രസീത് ഉപയോഗിച്ചെന്ന ആരോപണത്തിനു പിന്നിൽ സി.പി.എം-മാധ്യമ ഗൂഢാലോചനയാണുള്ളതെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതേ കുറിച്ച് പാർട്ടിതലത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പാർട്ടിക്കെതിരെ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാർത്തകളേയും ആരോപണങ്ങളേയും രാഷ്ട്രീയപരമായും നിയമപരമായും നേരിടും. വ്യാജ രസീത് വിവാദം നാഥനില്ലാത്ത ആരോപണം മാത്രമാണ്. പാർട്ടി സംസ്ഥാന നേതൃത്വം അച്ചടിച്ച് വിതരണം ചെയ്തതും നേതാക്കൾ പിരിവ് നടത്തിയതുമായ രസീത് വ്യാജമാണെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിൽ പാർട്ടിയെ ജനമധ്യത്തിൽ താറടിക്കാനുള്ള ശ്രമമാണ്.
ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളജ്, കുറ്റ്യാടി ശ്രീ ഗ്യാസ് ഏജൻസി എന്നിവിടങ്ങളിൽനിന്ന് പണപ്പിരിവ് നടത്തിയ രസീത് വ്യാജമാണോ എന്ന് പരിശോധിക്കാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടാൽ നടപടി സ്വീകരിക്കും. എം.എച്ച്.ഇ.എസ് കോളജ് അധ്യാപകനും ബി.ജെ.പി മയ്യന്നൂർ ബൂത്ത് പ്രസിഡൻറുമായ ശശികുമാറിനെ മർദിച്ചെന്നത് കള്ളക്കഥയാണ്.
രസീത് ചോർന്നതിനെപറ്റി അന്വേഷിക്കാനാണ് പാർട്ടി നേതാക്കൾ കോളജിൽ എത്തിയത്. കോളജ് അധികൃതരിൽനിന്ന് ലഭിച്ച വിശദീകരണം സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്.
ഇത്തരം ആരോപണങ്ങളുടെ മറപിടിച്ചുകൊണ്ട് സി.പി.എം വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രചാരണത്തിന് ശ്രമിക്കുകയാണെന്നും സജീവൻ കുറ്റപ്പെടുത്തി.
എന്നാൽ, കുറ്റ്യാടി മണ്ഡലത്തിലെ നേതാക്കന്മാർക്കെതിരെ പ്രവർത്തകരിൽ ഒരു വിഭാഗം സംശയം പ്രകടിപ്പിച്ചതിെൻറ ഭാഗമല്ലേ പുതിയ വിവാദങ്ങൾക്ക് കാരണമെന്ന ചോദ്യത്തിന് പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നായിരുന്നു മറുപടി. മേഖല പ്രസിഡൻറ് രാംദാസ് മണലേരിയും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
