സമാന്തര പ്രവർത്തനം സജീവമാക്കാൻ അസംതൃപ്തരായ ബി.ജെ.പി നേതാക്കൾ
text_fieldsതൃശൂർ: ദേശീയ ഭാരവാഹികളെ നിയമിച്ചതിലും കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡൻറാക്കിയതിലും അസംതൃപ്തിയിലുള്ള ബി.ജെ.പിയിലെ ഒരു വിഭാഗം പ്രമുഖ നേതാക്കൾ തൃശൂരിൽ സമാന്തരയോഗം ചേർന്നു. ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന കോർ കമ്മിറ്റി യോഗത്തിലെ ചർച്ചകളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു യോഗം. കെ. സുരേന്ദ്രനെ പ്രസിഡൻറാക്കിയതിനോട് വിയോജിച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് ചുമതല ഏറ്റെടുക്കാതെ സജീവ സംഘടനരംഗത്ത് നിന്ന് മാറിനിൽക്കുന്ന ദേശീയ നിർവാഹക സമിതിയംഗം ശോഭ സുരേന്ദ്രനും പങ്കെടുത്തു.
ജില്ല അടിസ്ഥാനത്തിൽ ഉൾപ്പെടെ സമാന്തര പ്രവർത്തനങ്ങൾ സജീവമാക്കാനാണ് നീക്കം. ശോഭ സുരേന്ദ്രനെ കൂടാതെ മുൻ വൈസ് പ്രസിഡൻറുമാരായ കെ.പി. ശ്രീശൻ, പി.എം. വേലായുധൻ, മുൻ സംസ്ഥാന വക്താവ് ജെ.ആർ. പത്മകുമാർ, സംസ്ഥാന സെക്രട്ടറി എ.കെ. നസീർ എന്നിവരാണ് പങ്കെടുത്തത്. എ.പി. അബ്ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനും ടോം വടക്കനെ വക്താവുമാക്കിയുള്ള പുനഃസംഘടനയിലൂടെ വർഷങ്ങളായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്നവരെ അവഗണിച്ചതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാനും സംഘടനപ്രശ്നങ്ങളിൽ നിലപാട് ശക്തമാക്കാനുമായിരുന്നു യോഗം. വി. മുരളീധരൻ പക്ഷത്തിെൻറ സ്വാധീനത്തിന് വഴങ്ങി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ദേശീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നെന്നാണ് സമാന്തരയോഗം ചേർന്നവരുടെ വിമർശനം. സംഘടനാപ്രശ്നങ്ങളിൽ പ്രാദേശിക തലത്തിൽ പ്രവർത്തകർക്കിടയിൽ പ്രചാരണം നടത്തും. ജില്ലതലങ്ങളിലും പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന യോഗങ്ങൾ ചേരാൻ തീരുമാനിച്ചതായും അറിയുന്നു.
അതേസമയം, ശോഭ സുരേന്ദ്രൻ സംഘടനാ രംഗത്ത് സജീവമല്ലാതിരുന്നിട്ടും മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും മഹിളാമോർച്ച അടക്കമുള്ള സംഘടനകൾ സമരപരിപാടികളിൽ സജീവമാണെന്നും മുരളീധരൻ-സുരേന്ദ്രൻ വിഭാഗം ദേശീയ നേതൃത്വത്തെയും ആർ.എസ്.എസിനെയും അറിയിച്ചിട്ടുണ്ട്. ശോഭ സുരേന്ദ്രൻ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ ആശാവഹമായ മറുപടിയല്ല ലഭിച്ചതെന്നാണ് സൂചന.