തൃശൂർ: കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നര കോടി രൂപയുടെ കുഴൽപ്പണം തട്ടിയെടുത്ത കേസിൽ ചോദ്യം ചെയ്യലിന് ബി.ജെ.പി നേതാക്കൾ ഹാജരായില്ല. സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശനും ഒാഫീസ് സെക്രട്ടറി ജി. ഗിരീഷുമാണ് ഹാജരാകാതിരുന്നത്. അസൗകര്യം കാരണം ഇന്ന് ഹാജരാകാനാവില്ലെന്ന് ഇരുവരും അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. ഞായറാഴ്ച തൃശൂർ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് അന്വേഷണ സംഘം നിർദേശിച്ചിരുന്നത്. മൂന്നര കോടി രൂപ എവിടെ നിന്ന് ആർക്ക് കൊണ്ടു പോവുകയാണെന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്യുന്നത്.
ബി.ജെ.പി തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ.ആർ. ഹരിയെയും മധ്യമേഖല സെക്രട്ടറി ജി. കാശിനാഥനെയും ജില്ല ട്രഷറർ സുജയ് സേനനെയും പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ ബന്ധമില്ലെന്നാണ് മൂന്നു പേരും മൊഴി നൽകിയത്. എന്നാൽ, ഇവരെ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണസംഘം സൂചന നൽകിയിട്ടുണ്ട്.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ സംഘടന ചുമതലയുള്ള മധ്യമേഖല സെക്രട്ടറിയാണ് കാശിനാഥൻ. ഈ ജില്ലകളിൽ ഫണ്ട് വിതരണം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക മധ്യമേഖല സെക്രട്ടറിയാണ്. കവർച്ച സംഭവത്തിന് തലേദിവസം കാശിനാഥൻ തൃശൂരിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കവർച്ച ആസൂത്രണം ചെയ്തത് തൃശൂരിലാണെന്ന സൂചനയും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം തൃശൂരിൽ കേന്ദ്രീകരിച്ചത്.
തെരഞ്ഞെടുപ്പ് ആവശ്യത്തിനായി കൊണ്ടുപോയ കുഴല്‍പ്പണമാണ് കൊടകരയില്‍ വെച്ച് ഒരു സംഘം തട്ടിയെടുത്തത് എന്നാണ് ആരോപണം. തൃശൂരിലെത്തി പണം ജില്ല നേതാക്കൾക്ക് കൈമാറിയെന്ന് ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജൻ മൊഴി നൽകിയിരുന്നു. ഇതേകുറിച്ചുള്ള വ്യക്തതയാണ് ഹരിയിൽ നിന്നും സുജയ് സേനനിൽ നിന്നും തേടിയത്.
കർണാടകയിൽ നിന്ന് എത്തിയ പണം എവിടേക്കാണ് കൊടുത്തയച്ചതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ആഴ്ചയിൽ തന്നെ കേസിൽ നിർണായക വിവരം പുറത്തു വരുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.