പാർട്ടി തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്
text_fieldsപാലക്കാട്: പാര്‍ട്ടി പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി മുതിർന്ന ബി.െജ.പി നേതാവ് ശോഭ സുരേന്ദ്രന്. ദേശീയ നിർവാഹക സമിതി അംഗമായിരിക്കെ കീഴ്വഴക്കം ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡൻറാക്കിയത്. പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെന്നും ഉത്തരവാദപ്പെട്ട പാർട്ടി പ്രവർത്തകയെന്ന നിലയിൽ പൊതുസമൂഹത്തിന് മുന്നിൽ വിഴുപ്പലക്കാനില്ലെന്നും അവർ പറഞ്ഞു. വാളയാറിൽ പീഡനത്തിനിരയായി മരിച്ച സഹോദരിമാരുടെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്.
ദേശീയതലത്തില്‍ പ്രവര്‍ത്തിക്കവേയാണ് സംഘടന തെരഞ്ഞെടുപ്പിലൂടെ തെൻറ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡൻറാക്കിയത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട്. കീഴ്വഴക്കങ്ങള് ലംഘിച്ചാണ് പുനഃസംഘടന നടന്നത്. വിഷയത്തിൽ തനിക്ക് അതൃപ്തിയുണ്ടെന്നത് മറച്ചുെവക്കാനില്ല. എന്നാലും പൊതുപ്രവര്‍ത്തനം തുടരും. പാർട്ടിയുടെ വിവിധ തലങ്ങളിൽനിന്ന് ആളുകൾ കൊഴിഞ്ഞുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രസിഡൻറ് ഇക്കാര്യം ശ്രദ്ധിക്കുമെന്നാണ് കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രന് തുടങ്ങിയ നേതാക്കളെ തഴഞ്ഞ് എ.പി. അബ്ദുല്ലക്കുട്ടിയെ ദേശീയ വൈസ് പ്രസിഡൻറാക്കിയതില് ബി.ജെ.പിക്ക് അകത്ത് വലിയ അതൃപ്തിയുണ്ട്. ഇതിന് പുറമെ ഗ്രൂപ്പ് പോര് കൂടി ശക്തമാകുന്നതിനിടെയാണ് ശോഭ സുരേന്ദ്രെൻറ പരസ്യവിമർശനം. പുനഃസംഘടനയില്‍ പ്രതിഷേധിച്ച് അടുത്തകാലത്ത് ഇവർ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ട് നിന്നിരുന്നു.