മുസ്‌ലിം വോട്ടുകൾ തള്ളിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി കാസർകോട് ജില്ല പ്രസിഡന്‍റ്; ‘സംശയമുള്ളവരുടെ പട്ടിക കൈയിലുണ്ട്’
text_fields1. ഇന്ത്യൻ പൗരനല്ലെന്ന് ബി.ജെ.പി നേതാവ് പരാതി നൽകിയ മുഹമ്മദ് 2. ബി.ജെ.പി ജില്ല പ്രസിഡന്‍റ് എം.എൽ. അശ്വനി
മഞ്ചേശ്വരം: കാസർകോട് ജില്ലയിലെ മുസ്‌ലിം വോട്ടുകൾ തള്ളിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി ജില്ല പ്രസിഡന്‍റ്. ഫോം 7 ഉപയോഗിച്ച് വോട്ടുകൾ തള്ളുമെന്നാണ് ജില്ല പ്രസിഡന്‍റ് എം.എൽ. അശ്വിനി ഭീഷണിപ്പെടുത്തുന്നത്. ഫോം 7 ഉപയോഗിച്ച് വ്യാജ പരാതി നൽകിയ സംഭവത്തിൽ ജില്ല സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനിടെയാണ് ജില്ല പ്രസിഡന്‍റ് രംഗത്തുവന്നത്.
ഒരു വോട്ടറെ കുറിച്ച് സംശയമുണ്ടെങ്കിൽ ഫോം 7 ഉപയോഗിച്ച് പരാതി നൽകും. ഇനിയും സംശയമുള്ളവരുടെ പട്ടിക കൈയിലുണ്ട്. ഇന്ത്യൻ പൗരനല്ലെന്ന് സംശയമുള്ളവരെ ചൂണ്ടിക്കാട്ടി ഫോം 7ൽ അപേക്ഷ സമർപ്പിക്കും.
മുസ്‌ലിം ലീഗ് വ്യാപകമായി കള്ളവോട്ട് ചേർക്കുകയാണ്. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ ബി.എൽ.ഒമാരെ കൂട്ടുപിടിച്ച് ലീഗ് വോട്ട് ചേർക്കുന്നത്. വോട്ടുകളെ കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നില്ല. 35,000 വോട്ടുകളാണ് ഓരോ മണ്ഡലത്തിലും ചേർക്കുന്നത്. ഇത്തരത്തിലുള്ള വോട്ടുകൾ തള്ളാനായി ഫോം 7 ഉപയോഗിക്കുമെന്നും ജില്ല പ്രസിഡന്‍റ് വ്യക്തമാക്കി.
ഇന്ത്യൻ പൗരനല്ലെന്ന് ചൂണ്ടിക്കാട്ടി മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിക സ്വദേശി മുഹമ്മദിനെതിരെ ഫോം 7 പ്രകാരം ബി.ജെ.പി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ട നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരാതി നൽകിയ ലോകേഷ് ലോണ്ടക്കെതിരെ കേസെടുക്കാൻ ജില്ല കലക്ടർ നിർദേശിക്കുകയും ചെയ്തു. ഇതേതുടർന്നാണ് ബി.ജെ.പി ജില്ല പ്രസിഡന്‍റ് വിശദീകരണവുമായി രംഗത്തുവന്നത്.
ഇന്ത്യൻ പൗരത്വമില്ലെന്ന് ആരോപിച്ച് പൈവളിക സ്വദേശി മുഹമ്മദിനെതിരെ പരാതി നൽകിയ ബി.ജെ.പി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍ ഫെബ്രുവരി 16നാണ് അറിയിച്ചത്. മുഹമ്മദിന്റെ പേര് നിലവിലെ പട്ടികയിൽ നിലനിർത്താൻ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസർ ഉത്തരവിടുകയും ചെയ്തു.
പരാതി നൽകിയ ലോകേഷ് ലോണ്ട തെരഞ്ഞെടുപ്പ് കമീഷന്‍റെ ഹിയറിങ്ങിൽ ഹാജരായിരുന്നു. എന്നാല്‍ ആരോപണം തെളിയിക്കാൻ സഹായിക്കുന്ന ഒരു തെളിവും ബി.ജെ.പി നേതാവിന് നല്‍കാനായില്ല. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ബി.ജെ.പി നേതാവ് പരാതി നൽകിയതെന്ന് കണ്ടെത്തിയതായി കലക്ടർ പറഞ്ഞു.
ഫോം 7 പ്രകാരം എതിർപ്പ് നൽകുന്നത് നിയമപരമായ അവകാശമാണെങ്കിലും വ്യാജ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് കടുത്ത നിയമനടപടികളിലേക്ക് നയിക്കുമെന്ന് കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

