Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ ശ്രീലേഖയുടെ രാജി നീക്കം: ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ടു; തീരുമാനം പുനഃപരിശോധിച്ചേക്കും

text_fields
bookmark_border
ആർ ശ്രീലേഖയുടെ രാജി നീക്കം: ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ടു; തീരുമാനം പുനഃപരിശോധിച്ചേക്കും
cancel

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖ രാജി തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയേക്കുമെന്ന് സൂചന. വിഷയത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം നടത്തിയ അടിയന്തര ചർച്ചകൾക്കൊടുവിലാണ് പുതിയ വഴിതിരിവ്. ഇതുവരെ രാജിക്കത്ത് ഔദ്യോഗികമായി സമർപ്പിച്ചിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

മേയർ വി.വി. രാജേഷിനോട് ചില വിയോജിപ്പുകളും അസംതൃപ്തികളും പങ്കുവെക്കുക മാത്രമാണ് ശ്രീലേഖ ചെയ്തതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. എന്നാൽ, ഇതിന്റെ അടിസ്ഥാനത്തിൽ അവർ രാജിവെക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നേതൃത്വം നേരിട്ട് ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം ആരംഭിച്ചത്.

സെപ്റ്റംബർ 30ന് ശ്രീലേഖ മേയർക്ക് രാജിക്കത്ത് നൽകിയതായി മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി നിയമപരമായി പ്രാബല്യത്തിൽ വരണമെങ്കിൽ നഗരസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സെക്രട്ടറി വ്യക്തമാക്കുകയുണ്ടായി.

മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ശ്രീലേഖക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നതായി നേരത്തെ തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സംസാരമുണ്ടായിരുന്നു. നിലവിലെ പശ്ചാത്തലത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ രാജി വിവാദത്തിന് താൽക്കാലിക വിരാമമിടുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

അതേസമയം, ശ്രീലേഖ അപ്രതീക്ഷിതമായി രാജി കത്ത് നൽകിയതോടെ തലസ്ഥാനത്ത് ബി.ജെ.പി നേതൃത്വം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചിരുന്നത്. കേവല ഭൂരിപക്ഷത്തിന് 51 സീറ്റുകൾ വേണ്ടതിനാൽ, വിജയിച്ച രണ്ട് സ്വതന്ത്രരിൽ ഒരാളുടെ പിന്തുണയോടെ 51 ഉറപ്പാക്കിയാണ് ബി.ജെ.പി ഭരണം നടത്തിയിരുന്നത്. എന്നാൽ ആർ. ശ്രീലേഖയുടെ രാജിയോടെ ബി.ജെ.പിയുടെ സ്വന്തം അംഗബലം 49 ആയി കുറഞ്ഞു. നിലവിൽ എൽ.ഡി.എഫിന് 29-ഉം യു.ഡി.എഫിന് 20-ഉം അംഗങ്ങളാണ് കൗൺസിലിലുള്ളത്. കൂടാതെ മറ്റൊരു ബി.ജെ.പി കൗൺസിലറായ സുഗതൻ ജയിലിലായതും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ബി.ജെ.പിക്ക് സ്വന്തമായി 49 സീറ്റുകൾ മാത്രമുള്ള സാഹചര്യത്തിൽ, ഇനി ഒരു സ്വതന്ത്രന്റെ പിന്തുണ ലഭിച്ചാൽ പോലും കേവല ഭൂരിപക്ഷ തികക്കാൻ വേണ്ട 51 എന്ന സംഖ്യയിലെത്താൻ കഴിയില്ല. ഇതിനാൽ തന്നെ ഭരണസമിതിയുടെ നിലനിൽപ്പ് പൂർണമായും അപകടത്തിലാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP intervenes as R Srelekha may reconsider resignation
Next Story