മുറിവുണക്കാനും മുനമ്പം മുതലാക്കാനും ബി.ജെ.പി
text_fieldsകൊച്ചി: മധ്യപ്രദേശിലെ ജബൽപൂരിൽ വൈദികർക്ക് നേരെയുണ്ടായ ആക്രമണം ക്രൈസ്തവ വിഭാഗത്തിൽ സൃഷ്ടിച്ച മുറിവും അസംതൃപ്തിയും പരിഹരിക്കാനും വഖഫ് ഭേദഗതി ബില്ലിന്റെ മറവിൽ മുനമ്പത്തെ സാഹചര്യങ്ങൾ മുതലെടുക്കാനും ബി.ജെ.പി സംസ്ഥാന നേതൃത്വം നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വെള്ളിയാഴ്ച മുനമ്പം സമരപ്പന്തൽ സന്ദർശിച്ചു.
തൊട്ട് പിന്നാലെ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനെയും നേരിൽ കണ്ടു. മുനമ്പം വിഷയത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ കൂടിയാണ് വഖഫ് ഭേദഗതി ബിൽ കൊണ്ടുവന്നതെന്ന് മുനമ്പത്തെ സമരക്കാരെ ബോധ്യപ്പെടുത്തി രാഷ്ട്രീയ നേട്ടമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
ജബൽപൂരിൽ വൈദികർക്കും തീർഥാടകർക്കും ബജ്റംഗ് ദൾ പ്രവർത്തകരിൽ നിന്ന് ആക്രമണമുണ്ടായതിന്റെ പ്രതിഷേധം ഉയരുന്നതിനിടെ ബി.ജെ.പി നടത്തുന്ന അനുനയ നീക്കമായാണ് ആർച്ച് ബിഷപ്പുമായുള്ള കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്. വഖഫ് ബിൽ പാസായ ശേഷമുള്ള കൂടിക്കാഴ്ചയെന്ന നിലക്കും ഇതിന് രാഷ്ട്രീയ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു.
എന്നാൽ, രാജീവ് ബി.ജെ.പി പ്രസിഡൻറായ ശേഷമുള്ള സൗഹൃദ സന്ദർശനമെന്നാണ് പാർട്ടി വിശദീകരണം. വഖഫ് ഭേദഗതി ബിൽ വന്നതോടെ മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടുമെന്നാണ് ബി.ജെ.പി നേതൃത്വം സമരസമിതി നേതാക്കളെ ധരിപ്പിച്ചിട്ടുള്ളത്.
മുനമ്പത്തെ ഭൂമി വഖഫ് ബോഡിന്റെ ആസ്തി പട്ടികയിൽ നിന്ന് മാറ്റുക എന്ന നടപടിക്രമം മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും വഖഫ് ബോർഡിന്റെ അവകാശവാദം നിലനിൽക്കില്ലെന്നുമുള്ള ബി.ജെ.പിയുടെ ഉറപ്പ് മുനമ്പത്തെ സമരക്കാർ ഏറെക്കുറെ മുഖവിലക്കെടുത്തിട്ടുണ്ട്.
എന്നാൽ, ആറ് വർഷം മുമ്പ് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യപ്പെട്ട മുനമ്പത്തെ ഭൂമിക്ക് പുതിയ നിയമഭേദഗതി ബാധകമാകില്ലെന്നും വഖഫ് ബോർഡിന്റെ അവകാശവാദം നിലനിൽക്കുമെന്നുമാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ഇക്കാര്യങ്ങൾ മറച്ചുവെച്ചാണ് ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് തുടരുന്നത്.
സമരപ്പന്തലിലെത്തിയ രാജീവ് ചന്ദ്രശേഖറിനെയും ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെയും സമരക്കാർ സ്വീകരിക്കുകയും തങ്ങളുടെ ദുരിതം പരിഹരിക്കാൻ ഒപ്പം നിന്നതിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ 50ഓളം പേർ അംഗത്വം സ്വീകരിച്ച് ബി.ജെ.പിക്കൊപ്പം ചേരുകയും ചെയ്തു.
മുനമ്പത്ത് സമരം ചെയ്യുന്നവർ ഒറ്റക്കല്ലെന്നും ഏതറ്റം വരെ പോകേണ്ടിവന്നാലും സീറോ മലബാർ സഭ ഒപ്പമുണ്ടാകുമെന്നും കഴിഞ്ഞ നവംബറിൽ സമരപ്പന്തൽ സന്ദർശിച്ച മാർ റാഫേൽ തട്ടിൽ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, വഖഫ് ബില്ലിനെ സ്വാഗതം ചെയ്തും ബിൽ മുനമ്പം ജനതക്ക് ആശ്വാസകരമാണെന്ന് വ്യക്തമാക്കിയും കഴിഞ്ഞ ദിവസം സഭ നേതൃത്വം രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

