ക്രിസ്ത്യാനി നയിക്കുന്ന പാർട്ടിയുമായി സഖ്യത്തിലാകാൻ ബി.ജെ.പിക്ക് അയിത്തമില്ല -സാബു ജേക്കബ്
text_fieldsകൊച്ചി: എൻ.ഡി.എയിൽ ചേർന്നത് ഉപാധികളില്ലാതെ എന്ന് കിറ്റക്സ് കമ്പനി എം.ഡിയും ട്വന്‍റി 20 കോർഡിനേറ്ററുമായ സാബു ജേക്കബ്. ബിസിനസ് താൽപര്യത്തിനല്ല ബി.ജെ.പിക്കൊപ്പം ചേർന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലും ട്വന്‍റി 20 മത്സരിച്ചില്ലെങ്കിലും കുഴപ്പമില്ല. തനിക്ക് മന്ത്രിയോ എം.എൽ.എയോ ആവണമെന്നില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.
ഒറ്റക്ക് നിന്നാൽ ട്വന്‍റി 20 ലക്ഷ്യം കാണുന്ന വികസനം കേരളത്തിൽ നടപ്പാക്കാൻ സാധിക്കില്ല. അതിനുള്ള ഏറ്റവും നല്ല പങ്കാളിയാണ് എൻ.ഡി.എ. ട്വന്‍റി 20യുടെ പരിചയവും ആശയപരമായ സമാനതകളുമാണ് പാർട്ടിയെ എൻ.ഡി.എയിൽ എത്തിച്ചത്.
രാഷ്ട്രീയത്തിൽ നിന്ന് ട്വന്‍റി 20 ഒന്നും നേടിയിട്ടില്ല, ഒന്നും നേടാൻ ആഗ്രഹിച്ചിട്ടുമില്ല. നാളെ പാർട്ടി വേണ്ടെന്ന് തീരുമാനിച്ചാൽ കോടികളുടെ ലാഭമാണുള്ളത്. അതിന് വേണ്ടി ചെലവാക്കുന്ന സമയവും പണവും അത്രത്തോളമാണ്. തന്‍റെ ബിസിനസിന് കേന്ദ്ര സർക്കാരുമായി ബന്ധമില്ല. കേന്ദ്രത്തിൽ അപേക്ഷ കൊടുക്കേണ്ട കാര്യം പോലുമില്ല. നിയമപരമായി പ്രവർത്തിക്കുന്ന ഒരാൾക്ക് ഒരു സർക്കാരിൽ നിന്ന് ആനുകൂല്യം ആവശ്യമില്ല.
ഒരു പാർട്ടിക്കും ഒരു ദിവസം കൊണ്ട് സംസ്ഥാനം പിടിക്കാൻ സാധിക്കില്ല. എന്ത് കൊണ്ട് എൽ.ഡി.എഫും യു.ഡി.എഫും ജയിച്ചു വെന്നത് അവരുടെ നിവൃത്തിക്കേടും മറ്റൊരു സാധ്യതയും ഇല്ലാത്തത് കൊണ്ടാണ്. 140 എം.എൽ.എമാരിൽ ഒരാൾ മാത്രമാണ് പി.വി. ശ്രീനിജൻ. ട്വന്‍റി 20 മത്സരിച്ചത് കൊണ്ട് മാത്രമാണ് തെരഞ്ഞെടുപ്പിൽ ശ്രീനിജൻ ജയിച്ചത്. സ്വന്തം കഴിവ് കൊണ്ട് നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചതല്ല.
ക്രിസ്ത്യാനിയായ താൻ നയിക്കുന്ന പാർട്ടിയുമായി സഖ്യത്തിലാകാൻ ബി.ജെ.പിക്ക് അയിത്തമില്ല. അത്തരത്തിൽ അയിത്തമുണ്ടെങ്കിൽ ബി.ജെ.പി നേരിട്ട് പറയണ്ടേ?. മതസൗഹാർദം ഊട്ടി ഉറപ്പിക്കുന്നതിന്‍റെ തെളിവാണ് ട്വന്‍റി 20-ബി.ജെ.പി സഖ്യം.
സിറിയ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ എന്തെല്ലാമാണ് നടക്കുന്നത്‍?. കേരളത്തിൽ ഏതെങ്കിലും പള്ളികളോ അമ്പലങ്ങളോ ആക്രമിക്കപ്പെട്ടിട്ടുണ്ടോ?. ഏതെങ്കിലും ക്രിസ്ത്യാനികളോ ഹിന്ദുക്കളോ മുസ് ലിംകളോ ആക്രമിക്കപ്പെട്ടിട്ടുണ്ടോ?. ആക്രമണം ഉണ്ടാകില്ലെന്ന് 100 ശതമാനം ഉറപ്പ് നൽകാൻ തനിക്ക് സാധിക്കുമെന്നും സാബു ജേക്കബ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

