ബി.ജെ.പി കടന്നുകയറിയത് സി.പി.എം ശക്തികേന്ദ്രങ്ങളിലേക്ക്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയതിലേറെയും സി.പി.എം ശക്തി കേന്ദ്രങ്ങളിൽ കടന്നുകയറി. കോർപറേഷൻ ഭരണമുറപ്പിച്ച തിരുവനന്തപുരത്ത് ബി.ജെ.പി പിടിച്ചെടുത്ത വാർഡുകളെല്ലാം സി.പി.എമ്മിന്‍റേതാണ്. 34 വാർഡുകളുണ്ടായിരുന്നതാണ് ബി.ജെ.പി 50 ആക്കി ഉയർത്തിയത്. എൽ.ഡി.എഫ് ആകട്ടെ 53 സീറ്റിൽ നിന്ന് 29ലേക്കാണ് കൂപ്പുകുത്തിയത്. യു.ഡി.എഫ് പത്തിൽനിന്ന് 19 ആക്കി നേട്ടം ഉയർത്തി.
വർക്കല മുനിസിപ്പാലിറ്റിയിൽ പത്ത് വാർഡുകളിലാണ് ബി.ജെ.പി ജയം. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ഏഴ് സീറ്റ് നേടി ബി.ജെ.പി യു.ഡി.എഫിനൊപ്പമെത്തുകയും ചെയ്തു. സി.പി.എം ശക്തി കേന്ദ്രമായ ആലപ്പുഴയിലെ മുനിസിപ്പാലിറ്റികളിലേക്കും ഇത്തവണ ബി.ജെ.പി കടന്നുകയറി. ചെങ്ങന്നൂർ, ഹരിപ്പാട്, മാവേലിക്കര മുനിസിപ്പാലിറ്റികളിൽ ബി.ജെ.പി രണ്ടാമത്തെ വലിയ കക്ഷിയായി ഉയർന്നു. ചേർത്തല, കായംകുളം മുനിസിപ്പാലിറ്റികളിലും ബി.ജെ.പി നേട്ടമുണ്ടാക്കി. നൂറനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ എട്ട് ഡിവിഷനുകളിൽ ബി.ജെ.പി പതിനായിരത്തിന് മുകളിൽ വോട്ട് പിടിച്ചു. സി.പി.എം കോട്ടയായ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, കൊട്ടാരക്കര, പരവൂർ മുനിസിപ്പാലിറ്റികളിലും ബി.ജെ.പി നേട്ടമുണ്ടാക്കി. കോഴിക്കോട് കോർപ്പറേഷനിൽ 13 വാർഡുകളാണ് ബി.ജെ.പി വിജയിച്ചത്.
പാലക്കാട് ജില്ലയിൽ നിലവിൽ ഭരണമുള്ള പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഭരണസാധ്യത നിലനിർത്തിയതിന് പിന്നാലെ ഷെർണൂർ, ഒറ്റപ്പാലം മുനിസിപ്പാലിറ്റികളിൽ 12 സീറ്റോടെ രണ്ടാം കക്ഷിയായി. ഇവയിൽ മിക്കയിടത്തും സി.പി.എം കേന്ദ്രങ്ങളിൽ കടന്നുകയറിയാണ് ബി.ജെ.പി നേട്ടമുണ്ടാക്കിയത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം ആറ്റിങ്ങൽ, ആലപ്പുഴ മണ്ഡലങ്ങളിലെ പാർട്ടി വോട്ടുകളിൽ നല്ലൊരു ശതമാനം ബി.ജെ.പി അപഹരിച്ചത് സി.പി.എമ്മിനെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ന്യൂനപക്ഷ പ്രീണന തന്ത്രം പതിയെ സി.പി.എം മാറ്റിപ്പിടിക്കുകയും പച്ചക്ക് വർഗീയത പറഞ്ഞുനടന്ന വെള്ളാപ്പള്ളി നടേശനെ ചേർത്തുപിടിച്ചുള്ള ഭൂരിപക്ഷ പ്രീണന തന്ത്രത്തിലേക്ക് മാറ്റിപ്പിടിച്ചത്.
ന്യൂനപക്ഷ പാർട്ടികളെയും സംഘടനകളെയും വർഗീയ സംഘടനകളായി മുദ്രകുത്തുന്ന തന്ത്രവും സി.പി.എം പുറത്തെടുത്തു. തിരിച്ചടികൾക്കൊപ്പിച്ച് മാറ്റിപിടിക്കുന്ന കാർഡ് തന്ത്രത്തിന് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത പ്രഹരം ഏറ്റെന്നു മാത്രമല്ല, ഇത് പാർട്ടി ശക്തികേന്ദ്രങ്ങളിൽ ബി.ജെ.പിക്ക് ഗുണം ചെയ്തെന്ന കണക്കുകളും പുറത്തുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

