ബിഷപ്പുമാരെ ചാക്കിട്ട് ബി.ജെ.പി മുസ്ലിം വിരോധം വർധിപ്പിച്ചു -ഫാ. പോൾ തേലക്കാട്ട്
text_fieldsഫാ. പോൾ തേലക്കാട്ട്
കൊച്ചി: ചില ബിഷപ്പുമാരെ ചാക്കിട്ട് ക്രൈസ്തവരിൽ മുസ്ലിം വിരോധം വർധിപ്പിക്കുകയാണ് ബി.ജെ.പി ചെയ്തതെന്നും സഭ നേതൃത്വം ഇനിയെങ്കിലും ഇത് തിരിച്ചറിയണമെന്നും സീറോ മലബാർ സഭ മുൻ വക്താവും എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം ‘സത്യദീപ’ത്തിന്റെ മുൻ എഡിറ്ററുമായ ഫാ. പോൾ തേലക്കാട്ട്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം ഭരണകൂട ഭീകരതയാണെന്നും ബജറംഗ് ദളും പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് സർക്കാർ മെഷീനറിയെ സംഘടിതമായി ന്യൂനപക്ഷ പീഡനത്തിന് ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
സഭ നേതൃത്വത്തിലെ ചിലർക്ക് ബി.ജെ.പി ചെയ്യുന്നതു മനസ്സിലാക്കാൻ ബുദ്ധി ഉണ്ടായില്ല. സ്വകാര്യ ലാഭത്തിന് ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെണ്ടുണ്ടാക്കാൻ മതത്തെയും സഭയെയും ദുരുപയോഗിക്കുകയാണ് അവർ ചെയ്തത്.
ഛത്തീസ്ഗഡ് സംഭവത്തിൽ തൃശൂരിൽ ബഹളം വെക്കുന്ന കത്തോലിക്കർ സുരേഷ് ഗോപി എങ്ങനെയാണ് ജയിച്ചതെന്ന് അറിയാത്ത പാവങ്ങളല്ല. ഈ ഘട്ടത്തിലെങ്കിലും അവർ അതു സ്വയം ചോദിക്കണം. ആരെങ്കിലും പറയുന്നതു കേട്ട് കഴുതകളെപോലെ ഇറങ്ങി വോട്ട് ചെയ്താൽ പോരാ. കാര്യങ്ങൾ തിരിച്ചറിയാൻ ബോധം ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന ദുരന്തമാണ് ഇപ്പോൾ കാണുന്നത്.
മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കാൻ ചില ബിഷപ്പുമാരെ ചാക്കിട്ടു. അവരാണ് ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും പ്രസംഗിച്ചത്. നടക്കുന്നത് അനീതിയാണെന്ന് തുറന്നു പറയാൻ പ്രധാനമന്ത്രിയുടെ ആതിഥ്യം സ്വീകരിച്ചവർ ധൈര്യം കാണിക്കണം. സഭയുടെ അധികാരികൾക്ക് സ്വന്തമായി നിലപാടെടുക്കാൻ കഴിവുണ്ടാകണം.
ഇടതുപക്ഷവും വലതുപക്ഷവും ഒന്നുപോലെ മുന്നറിയിപ്പ് നൽകിയിട്ടും സഭയിലെ ചില പ്രമുഖർ വർഗീയത വളർത്താൻ സംഘ്പരിവാറിന് കൂട്ടുനിൽക്കുകയായിരുന്നു. അവരാണ് കാസ പോലുള്ള സംഘടനകളെ വളർത്തിയത്. ഇവർ പണ്ട് കോൺഗ്രസിനെ കളിയാക്കിയത് ന്യൂനപക്ഷ പ്രീണനം എന്ന് പറഞ്ഞാണ്. ബി.ജെ.പി നേതാക്കൾ അരമനയിൽ കയറി കേക്ക് കൊടുക്കുന്നത് ന്യൂനപക്ഷ പ്രീണനമാണെന്ന് ഇവർ തിരിച്ചറിയുന്നില്ല.
മനുസ്മൃതിയുടെ ആര്യ വർഗാധിപത്യമാണ് സംഘ്പരിവാർ ലക്ഷ്യം. വെള്ളം അൽപാൽപ്പം ചൂടാക്കി കൊല്ലുന്നതാണ് ഇവരുടെ തന്ത്രം. മുസ്ലിംകളെ വെറുക്കാൻ പഠിപ്പിച്ച് ക്രൈസ്തവരെ ആഢ്യവർഗമാക്കാമെന്ന പ്രതീക്ഷ കൊടുക്കാനാണ് അവർ അരമന കയറിയിറങ്ങുന്നത്. ഇത് തിരിച്ചറിയാനുള്ള ബോധം ക്രൈസ്തവ സമൂഹത്തിന് ഇല്ലാതെ പോയതാണ് ദുരന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

