ബി.ജെ.പി സർക്കാറിന്‍റെ അമിതാധികാര വാഴ്ച ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് -എസ്.ആർ.പി
text_fieldsസി.പി.എം കൊല്ലം ജില്ല സമ്മേളനം കൊട്ടാരക്കര വാളകത്ത് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
വാളകം (കൊല്ലം): നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ബി.ജെ.പി സർക്കാറിന്‍റെ അമിതാധികാര വാഴ്ച ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് വേണ്ടിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. സി.പി.എം കൊല്ലം ജില്ല സമ്മേനം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പൗരത്വം മതാധിഷ്ഠിതമാക്കുന്നതും ഗോമാതാവിനെ വിശുദ്ധമാക്കുന്നതും വിദ്യാഭ്യസത്തെ വർഗീയവത്ക്കരിക്കുന്നതും ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്. ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിന്‍റെ പിന്നിലെ ലക്ഷ്യവും ഇതുതന്നെയാണ്. ഇസ്രായേൽ ഫലസ്തീനിൽ കാണിക്കുന്നതാണ് മോദി കശ്മീരിൽ നടത്താൻ ശ്രമിക്കുന്നതും.
ഗോമാതാവ് പരിശുദ്ധമെന്ന തരത്തിലുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന ആധുനിക ലോകത്തിനും ഇന്ത്യക്കാകെയും അപമാനമാണ്. രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥിതി അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് നടക്കുന്നത്. സുപ്രധാന നിയമങ്ങളിൽ പാർലമെൻറിൽ ചർച്ചക്ക് തയാറാവുന്നില്ലെന്ന് മാത്രമല്ല, ചർച്ചക്ക് തയാറാവുന്നവരെ അതിനനുവദിക്കാതെ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളുന്നു.
ജഡീഷ്യറിയാവെട്ട എകിസ്ക്യുട്ടീവിന്‍റെ കടുത്ത സമ്മർദ്ദത്തിലും. സർക്കാറിന് താൽപ്പര്യമില്ലാത്ത വിഷയങ്ങൾ പരിഗണിക്കാൻ ജുഡീഷ്യറി തയാറാവുന്നില്ല. അതിനുപുറമെ സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്രസ്ഥാപനങ്ങളെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയും ചെയ്യുന്നു. രാജ്യദ്രോഹക്കുറ്റമടക്കമുള്ള കരിനിയമങ്ങൾ എതിരാളികൾക്കെതിരെ ഉപയോഗിക്കുകയാണ്. ജനങ്ങളാകെ ഭരണകൂടത്തിെൻറ നിയന്ത്രണത്തിലാണിപ്പോൾ. ഇത്തരത്തിൽ ജനാധിപത്യ വ്യവസ്ഥിതിയാടെ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.
കേരള സമൂഹത്തെ കൂടുതൽ ഉയർന്ന തലത്തിലേക്ക് വളർത്താനുള്ള ശ്രമങ്ങളാണ് തുടർഭരണകാലത്ത് നടക്കുന്നത്. അതിനായി മുൻ മാതൃകകൾ ഇല്ലാത്തതിനാൽ, തനത് മാതൃക വളർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആധുനിക വിജ്ഞാന സമൂഹമായി സംസ്ഥാനത്തെ മാറ്റുന്നതിന്‍റെ പ്രതിഫലനം സമസ്തമേഖലകളിലുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കെ. സോമപ്രസാദ് എം.പി അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാക്കളായ പി.കെ. ഗുരുദാസൻ, എൻ. പത്മലോചനൻ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ജോർജ് മാത്യു, തുളസീധരക്കുറുപ്പ്, പി.എ. എബ്രഹാം എന്നിവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.എം. തോമസ് ഐസക്ക്, പി.കെ. ശ്രീമതി, വൈക്കം വിശ്വൻ, എം.വി. ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, എം.എം. മണി, കെ.ജെ. തോമസ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഞായറാഴ്ച പൊതുസമ്മേളനത്തോടെ സമാപിക്കും. പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

