ബി.ജെ.പിയിലെ ഫണ്ടുവെട്ടിപ്പ്: ആർ.എസ്.എസിനും കടുത്ത അതൃപ്തി
text_fieldsതിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിലെ ഫണ്ട് വെട്ടിപ്പിൽ ആർ.എസ്.എസിനും പാർട്ടി ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തി. ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റുകളിൽ ജയിച്ചതിന്‍റെ എല്ലാ ശോഭയും കെടുത്തുന്ന നിലയിലാണ് ഇപ്പോൾ പുറത്തുവരുന്ന ആരോപണങ്ങളെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ.
അഴിമതി ആരോപണം ജനവിശ്വാസത്തെ ബാധിക്കുമെന്ന വിലയിരുത്തലും സംഘടനക്കുണ്ട്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് ആർ.എസ്.എസ്. ഇതേ നിലപാടിലാണ് ബി.ജെ.പി ദേശീയ നേതൃത്വവും. ഫണ്ടുതട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയത്. നിത്യേന പുറത്തുവരുന്ന ആരോപണങ്ങൾ സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. സംസ്ഥാന നേതാക്കളുൾപ്പെടെ ആരോപണ വിധേയരായതാണ് പ്രതിസന്ധി വർധിപ്പിക്കുന്നത്. സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിലെ ചില ജീവനക്കാരും സംശയ നിഴലിലാണ്.
ഫണ്ടുതട്ടിപ്പ് വിവാദത്തിലുൾപ്പെടെ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മുമ്പ് പാർട്ടിക്കായി വന്ന ഫണ്ടിനെ ചൊല്ലിയുള്ള വിവാദമാണ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയതെങ്കിൽ ഇപ്പോൾ കേന്ദ്രനേതൃത്വം നൽകിയ ഫണ്ട് വ്യാജ കമ്പനികൾ ഉൾപ്പെടെയുണ്ടാക്കി നേതാക്കൾ തട്ടിയത് പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കി. ഈ സാഹചര്യത്തിൽ 140 നിയോജക മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനാണ് നേതൃത്വം ഉദ്ദേശിക്കുന്നതെന്നാണ് വിവരം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിദേശത്തായതിനാൽ കൃത്യമായ വിശദീകരണം നൽകാൻ സാധിക്കുന്നില്ലെന്നാണ് നേതൃത്വം പറയുന്നത്.
തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തിൽനിന്ന് സൗജന്യമായി എത്തിച്ച കൊടിതോരണങ്ങൾപോലും പല മണ്ഡലങ്ങളിലും മറിച്ചുവിറ്റെന്ന ആക്ഷേപം പാർട്ടിയെ നാണംകെടുത്തുന്നതാണ്. കൊടിതോരണങ്ങൾ വഴിവിട്ട് തയാറാക്കിയതിന് ബി.ജെ.പി നേതാവിന് കമീഷൻ നൽകിയതായി കമ്പനി പ്രതിനിധി പറയുന്ന പുതിയ ശബ്ദരേഖ പുറത്തുവന്നതും തിരിച്ചടിയായി. ദേശീയ നേതൃത്വം സൗജന്യമായി നൽകിയ കൊടിതോരണങ്ങൾ താഴേതട്ടിലേക്ക് മറിച്ചുവിൽക്കുകയാണ് ചെയ്തത്. ഇഷ്ടമുള്ള സ്വകാര്യ കമ്പനികളിൽനിന്ന് തുക കൂട്ടി കൊടി തയാറാക്കി ചിലർ കമീഷൻ കൈപ്പറ്റി. തലസ്ഥാനത്തെ വൻകിട ഹോട്ടലിൽ കൂട്ടത്തോടെ മുറി ബുക്ക്ചെയ്ത് ഫണ്ട് തട്ടി, പറക്കാത്ത ഹെലികോപ്റ്ററിന് വാടക എഴുതി എടുത്തു, വ്യാജ കമ്പനികൾ തയറാക്കി എന്നതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് നിത്യേന പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

