'പ്രിയങ്ക ഗാന്ധിയെ കാണാനില്ല, കണ്ടെത്തി തരണം'; പൊലീസിൽ പരാതിയുമായി ബി.ജെ.പി
text_fieldsകൽപറ്റ: വയനാട് എം.പി പ്രിയങ്ക ഗാന്ധിയെ മൂന്ന് മാസമായി കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി ബി.ജെ.പി. പട്ടിക മോർച്ച സംസ്ഥാന അധ്യക്ഷൻ മുകുന്ദൻ പള്ളിയറയാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തസ്ഥലത്തും ആദിവാസി വിഷയങ്ങളിലും എം.പിയെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെ, കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായ കെ.എസ്.യു ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്ത് വന്നിരുന്നു. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം സുരേഷ് ഗോപിയെ കാണാതായെന്ന് ചൂണ്ടിക്കാണിച്ച് കെ.എസ്.യു തൃശൂര്‍ ജില്ല അധ്യക്ഷൻ ഗോകുൽ ഗുരുവായൂര്‍ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിനിടെ, തൃശൂരിൽ വ്യാപകമായി കള്ളവോട്ട് ചേർത്തിരുന്നുവെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ്, സി.പി.എം നേതാക്കൾ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരിഹാസവുമായി രംഗത്തെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒരുമാസമായി കാണാത്തത് കള്ളവോട്ട് ആക്ഷേപം പേടിച്ചാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പരിഹാസം.
അതേസമയം, വിമർശനങ്ങൾക്കിടെ പാര്‍ലമെന്റിലെ ചിത്രങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി രംഗത്ത് വന്നു. രാജ്യസഭയില്‍ ചര്‍ച്ചാ വിഷയമായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയെക്കുറിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി എന്നാണ് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

