പ്രമീള ശശിധരൻ അരുതാത്തത് ചെയ്തു, രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതിൽ നേതൃത്വത്തിന് അതൃപ്തി
text_fieldsപാലക്കാട്: പാലക്കാട്ടെ ബി.ജെ.പി നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കൊപ്പം വേദി പങ്കിട്ട സംഭവത്തിൽ ബി.ജെ.പിയിൽ കടുത്ത പോരിന് കളമൊരുങ്ങുന്നു. പ്രമീള ശശിധരനെതിരെനടപടി എടുക്കണമെന്നാവശ്യപ്പെട്ട് സി. കൃഷ്ണകുമാർ പക്ഷം നേതൃത്വത്തെ സമീപിച്ചു. പാലക്കാട് നഗരസഭാ അധ്യക്ഷസ്ഥാനത്ത് നിന്നും പ്രമീള ശശിധരൻ രാജിവെക്കണമെന്നാണ് കൃഷ്ണകുമാർ പക്ഷത്തിന്‍റെ ആവശ്യം. വിഷയത്തിൽ ബ.ജെ.പി നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്.
ജില്ലാ കോർ കമ്മിറ്റി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. ബി.ജെ.പി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് പ്രമീള ശശിധരന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. ഡി.വൈ.എഫ്.ഐയേക്കാൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധമുയർത്തിയ പാർട്ടിയായിരുന്നു ബി.ജെ.പി. ഈ സാഹചര്യത്തിൽ നഗരസഭ ചെയർപേഴ്സൺ തന്നെ രാഹുലിനോടൊപ്പം പരിപാടിയിൽ പങ്കെടുത്തത് എങ്ങനെ വിശദീകരിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ കോർ കമ്മിറ്റി യോഗത്തിൽ ചോദിച്ചു. നടപടിയെടുത്തില്ലെങ്കിൽ പാർട്ടി അച്ചടക്കം തകരുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. അതേസമയം, പ്രമീള ശശിധരൻ യോഗത്തിൽ പങ്കെടുത്തില്ല.
ഗ്രൂപ്പിസം നിലനിൽക്കുന്ന ബി.ജെ.പിയിൽ പുതിയ സംഭവം കൂടുതൽ ശക്തമായിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിടരുതെന്നത് പാർട്ടി നിലപാടാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. രാഹുൽ രാജിവെക്കും വരെ ബി.ജെ.പി പ്രതിഷേധം തുടരും. ഒരാളും വേദി പങ്കിടരുതെന്നാണ് പാർട്ടി നിലപാട്. പ്രമീള ശശിധരൻ പരിപാടിയില്‍ പങ്കെടുക്കരുതായിരുന്നു. പ്രമീള അരുതാത്തത് ചെയ്തു. വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇടപെടുന്നുണ്ട്. പാർട്ടി വേദികളിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് കോർ കമ്മിറ്റി യോഗത്തിലും പ്രശാന്ത് ശിവൻ പ്രമീളക്കെതിരെ രംഗത്തെത്തി. പ്രമീള ശശിധരന്റെ പ്രവൃത്തി സ്ത്രീവിരുദ്ധമാണെന്നും നേതാക്കള്‍ വിമർശിച്ചു. പാര്‍ട്ടിക്ക് നാണക്കേടാണെന്നും കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. രാഹുലിനെതിരായ പരാതി കോണ്‍ഗ്രസിനെതിരായ തെരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള നീക്കത്തിന് ഇത് തിരിച്ചടിയാകുമെന്നാണ് നേതാക്കള്‍ കരുതുന്നത്.
കഴിഞ്ഞദിവസം, സ്റ്റേഡിയം ബൈപാസ്- ജില്ലാ ആശുപത്രി ലിങ്ക് റോഡ് ഉദ്ഘാടന ചടങ്ങിലാണ് ചെയർ പേഴ്സൺ പ്രമീള ശശിധരൻ രാഹുലിനൊപ്പം പങ്കെടുത്തത്. എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് നിർമിച്ചത്. നഗരസഭാ ചെയർപേഴ്‌സണായിരുന്നു ചടങ്ങിന്റെ അധ്യക്ഷ.
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ കാല് കുത്തിക്കില്ലെന്നായിരുന്നു ബി.ജെ.പി സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളുംപറഞ്ഞിരുന്നത്. കൂടാതെ രാഹുലിന്റെ ഓഫീസിലേക്ക് പലതവണ മാർച്ചും നടത്തിയിരുന്നു. ഓഫീസിന് മുന്നിൽ മഹിളാ മോർച്ചാ പ്രവർത്തകർ കോഴിയെ കെട്ടിത്തൂക്കുന്ന സാഹചര്യം പോലുമുണ്ടായി.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിൽ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് നഗരസഭാ വൈസ് ചെയർമാൻ രാഹുൽ മാങ്കൂട്ടത്തിലിന് കത്തയച്ചിരുന്നു. രണ്ട് മാസം മുമ്പായിരുന്നു ഇത്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ കണക്കിലെടുത്താണ് ആഗസ്റ്റ് 22ന് നടന്ന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ട് വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് കത്തയച്ചത്.
എന്നാൽ നഗരസഭാ ചെയർപേഴ്‌സൺ എന്ന നിലക്കാണ് ചടങ്ങിൽ പങ്കെടുത്തത് എന്നായിരുന്നു പ്രമീളയുടെ വിശദീകരണം. ഇതിനിടെ, പ്രമീള ശശിധരനെ കോൺഗ്രസിലേക്ക് സ്വഗതം ചെയ്ത് യൂത്ത് കോൺഗ്രസ് മുൻ പാലക്കാട് മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ രംഗത്തെത്തി. ബി.ജെ.പിയിൽ നിന്നും എതിർപ്പ് നേരിടുന്ന പ്രമീള ശശിധരന് അഭിപ്രായ സ്വാതന്ത്രമുള്ള, മതേതര നിലപാടുള്ള കോൺഗ്രസിലേക്ക് സ്വാഗതമെന്ന് സദ്ദാം ഹുസൈൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

