കേരളത്തെ വിഭജിച്ച് ജന. സെക്രട്ടറിമാർക്ക് ചുമതല നൽകി ബി.ജെ.പി, ലക്ഷ്യം തെരഞ്ഞെടുപ്പ്
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടനാതലത്തിൽ നിർണായകമായ മാറ്റങ്ങൾ വരുത്തി കേരള ബി.ജെ.പി. സംസ്ഥാനത്തെ വടക്കൻ മേഖല, തെക്കൻ മേഖല എന്നിങ്ങനെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാർക്ക് പുതിയ ചുമതലകൾ നൽകി. എം.ടി. രമേശിന് വടക്കൻ മേഖലയുടെയും അഡ്വ. എസ്. സുരേഷിന് തെക്കൻ മേഖലയുടെയും പൂർണ ചുമതലയാണ് നൽകിയിരിക്കുന്നത്.
ബി.ജെ.പിയിൽ ഇത്തരമൊരു ചുമതല മാറ്റം ആദ്യമായാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ഏഴ് ജില്ലകൾ ഉൾപ്പെടുന്നതാണ് എം.ടി. രമേശിന് ചുമതലയുള്ള വടക്കൻ ക്ലസ്റ്റർ. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ഏഴ് ജില്ലകളാണ് എസ്. സുരേഷിന് കീഴിലുള്ള തെക്കൻ ക്ലസ്റ്ററിൽ. ഈ ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മാത്രമല്ല പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടേയും പ്രധാന ചുമതല ഈ ജന. സെക്രട്ടറിമാർക്കായിരിക്കും. മറ്റ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, അനൂപ് ആന്‍റണി എന്നിവർക്കും പുതിയ ചുമതലകൾ സംസ്ഥാന
പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ നിശ്ചയിച്ചിട്ടുണ്ട്. ശോഭാ സുരേന്ദ്രന് ദേശീയ പ്രോഗ്രാമുകളുടെയും ഡൽഹി കോർഡിനേഷന്‍റെയും ചുമതലയാണ് നൽകിയിരിക്കുന്നത്. അനൂപ് ആന്‍റണിയെ സംസ്ഥാന സെല്ലുകളുടെ പ്രഭാരിയായും 2029 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ‘മിഷൻ 2029’ പ്രചാരണ വിഭാഗത്തിന്‍റെ ചുമതലക്കാരനായും നിശ്ചയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കാമ്പയിൻ ചുമതലകൾ പൂർണമായും അനൂപ് ആന്‍റണിക്കായിരിക്കും. പുതിയ ചുമതലകൾ നൽകിയ സാഹചര്യത്തിൽ ജനറൽ സെക്രട്ടറിമാരെ വിവിധ മോർച്ചകളുടെ ചുമതലകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ സംഘടനാതലത്തിൽ ചില ജില്ലകൾ വിഭജിച്ച് 30 ജില്ലകളാക്കുന്ന നടപടി പുനഃസംഘടനയുടെ ഭാഗമായി നടത്തിയിരുന്നു.
അതിന് പുറമെ ആറ് മേഖലകളാക്കി പ്രഭാരിമാരെ നിശ്ചയിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് 2029ൽ ലോക്സഭ-നിയമസമഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചുനടക്കുമെന്ന പ്രതീക്ഷയിൽ ജയം ലക്ഷ്യമിട്ടുള്ള പുതിയ മാറ്റം.
വിവിധ പോഷക സംഘടനകളുടെ പ്രഭാരിമാരെയും സഹപ്രഭാരിയാരെയും നിയമിച്ചിട്ടുണ്ട്. മഹിളാ മോര്‍ച്ചയുടെ പ്രഭാരി അഡ്വ. ബി.ഗോപാലകൃഷ്ണനാണ്. അഡ്വ. ഷോണ്‍ ജോര്‍ജിനെ ന്യൂനപക്ഷ മോര്‍ച്ച, മീഡിയ, സോഷ്യല്‍ മീഡിയ പ്രഭാരിയായി നിയോഗിച്ചു. അഡ്വ. പി. സുധീറിനെ യുവമോര്‍ച്ചയുടേയും കെ.കെ. അനീഷ്കുമാറിനെ ഒ.ബി.സി മോര്‍ച്ചയുടെയും ചുമതല നൽകി. സംസ്ഥാന ഭാരവാഹികളായ കെ. സോമൻ ( എസ്.സി മോര്‍ച്ച) പി. ശ്യാംരാജ് ( എസ്.ടി. മോര്‍ച്ച), സി. കൃഷ്ണകുമാർ ( കിസാന്‍ മോര്‍ച്ച) എസ്. ജയസൂര്യൻ - റിസര്‍ച്ച്, ട്രെയിനിങ്, വികസിത കേരളം ഹെല്‍പ് ഡസ്‌ക്, അനൂപ് ആന്‍റണി (സംസ്ഥാന സെല്‍) ചുമതലയുമാണ് നല്‍കിയിരിക്കുന്നത്. കോർകമ്മിറ്റി യോഗം വിശദമായി ചർച്ച ചെയ്താണ് ചുമതലകൾ വിഭജിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

