ബി.ജെ.പി കാരണം ഒരിടത്തും കലാപം ഉണ്ടായിട്ടില്ലെന്ന് കെ. സുരേന്ദ്രൻ; 'തെരഞ്ഞെടുപ്പിൽ ആര് ജയിക്കണം എന്നു തീരുമാനിക്കുന്നത് മതഭീകരവാദികൾ'
text_fieldsചാവക്കാട്: ബി.ജെ.പി കാരണം ഒരിടത്തും കലാപം ഉണ്ടായിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. 'കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ ആര് മത്സരിക്കണം, ആര് വിജയിക്കണം എന്നു തീരുമാനിക്കുന്നത് ഇപ്പോൾ മതഭീകരവാദികളാണ്. രാജ്യത്ത് മതതീവ്രവാദം ശക്തമായ സംസ്ഥാനമാണ് കേരളം. കേരളം സിറിയയിലേക്ക് നടക്കുകയാണ്' - സുരേന്ദ്രൻ പറഞ്ഞു.
മണത്തല ചാപ്പറമ്പ് ബി.ജെ.പി പ്രവർത്തകൻ ബിജുവിന്റെ കൊലപാതകക്കേസ് പ്രതികളുടെ എസ്.ഡി.പിഐ ബന്ധം പൊലീസ് പുറത്തുവിടുക, ഇടത് -എസ്.ഡി.പിഐ ഗൂഢാലോചന പുറത്തു കൊണ്ടു വരുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഗുരുവായൂർ നിയോജക മണ്ഡലം ബി.ജെ.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മാഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.ആർ. അനീഷ്, മഹിളാമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. നിവേദിത, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി തുടങ്ങിയവർ പങ്കെടുത്തു.

